ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.

ജൂണ്‍ 3 – ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ആ റിപ്പോര്‍ട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് വിധിച്ചിട്ടില്ല. നേരിട്ട് നല്‍കാനാണ് വിധി. മുഖ്യവനപാലകൻ അങ്ങനെ നല്‍കിയ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി എന്നാണ് പത്രകുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയ റിപോര്‍ട്ടാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ജനങ്ങളോട് വിശ്വസിക്കുവാന്‍ പറയുന്നു. ഇതാണ് സുപ്രീംകോടതിവിധിയെ തുടര്‍ന്ന് ഉണ്ടായ കാര്യത്തിന്റെ പരിണാമഗുപ്തി.

മലയിടിഞ്ഞപ്പോൾ പരിഹാരം കൃഷിഭൂമി വനമാക്കൽ!

കഴിഞ്ഞ മന്ത്രിസഭ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ ആകാമെന്ന് തീരുമാനിച്ചത് കോടതിവിധി ഉണ്ടായതു കൊണ്ടല്ല. മലയിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എന്നാണ് വിശദീകരിക്കപ്പെട്ടത്. മലയിടിയുന്നതിന് പരിഹാരം വനാതിര്‍ത്തി ഒരു കിലോമീറ്റര്‍ വര്‍ധിപ്പിക്കുകയാണെന്ന വിചിത്രയുക്തിയാണ് അന്ന് പറഞ്ഞത്. ചുരുക്കത്തില്‍ വന വിസ്തൃതി കൂട്ടാന്‍ അന്നേ നീക്കമുണ്ടായിരുന്നു. അത് ത്വരിതപ്പെടുത്തുന്ന വിധി ഇപ്പോള്‍ വന്നു. അത്രയെ ഉള്ളൂ. കോടതി വിധി ഒരു കിലോമീറ്ററല്ല. പത്തു കിലോമീറ്റര്‍ വരെ വേണമെന്ന് ആര്‍ക്കും ആവശ്യപ്പെടാന്‍ അവകാശമുണ്ട്.

ESZ എന്നാൽ വന്യജീവികേന്ദ്രം തന്നെ

ESZ ഉണ്ടാക്കുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 18, 26 A, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ്. വന്യജീവി കേന്ദ്രം, ദേശീയ ഉദ്യാനം ഇവയാക്കി ഒരു പ്രദേശം പ്രഖ്യാപിക്കുന്ന വകുപ്പാണിത്. ESZ എന്നു പറഞ്ഞാല്‍ വന്യജീവി കേന്ദ്രമോ, ദേശീയ ഉദ്യാനമോ തന്നെ എന്നു വ്യക്തം. ജനജീവിതവും അതിനുള്ള പരിരക്ഷയും ESZ ആയി പ്രഖ്യാപിക്കുന്നതോടെ ഇല്ലാതാകുമെന്നും വ്യക്തം. ജനവാസ മേഖല വനമാക്കി മാറ്റുന്നു എന്നര്‍ത്ഥം. ഭൂമിയുടെ ഉടമസ്ഥതയിലെ ഈ മാറ്റമാണ് പ്രധാന പ്രശ്‌നം. ഒരിക്കല്‍ ഈ ഉടമസ്ഥത മാറിയാല്‍ പിന്നെ പുന:സ്ഥാപിക്കുവാന്‍ കഴിയില്ല. ഇതാണ് കാതലായ പ്രശ്‌നം. നിയന്തണങ്ങളിലെ ഇളവോ, മാററങ്ങളോ അപ്രധാനമാണ്. ജനങ്ങൾ താമസിക്കുന്ന പ്രദേശം ESZ ആകാന്‍ പാടില്ല എന്നതാണ് ശരിയായ ആവശ്യം.

Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

വനഭൂമിയും റവന്യൂ ഭൂമിയും സ്റ്റാറ്റസില്‍ രണ്ടാണ്. ആദ്യത്തേത് വനത്തിനും വന്യജീവികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും ഉള്ള പ്രദേശം. രണ്ടാമത്തേത് മനുഷ്യനും മനുഷ്യന്റെ അവകാശങ്ങള്‍ക്കും നിയമപരിരക്ഷയ്ക്കും ഉള്ള പ്രദേശം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാകുന്ന നടപടിയാണ് ESZ.

സംഘടനകൾ ചെയ്യേണ്ടത്

ESZ പരിധിയില്‍ ജനവാസ കേന്ദ്രങ്ങളെ പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. വിധിയില്‍ ജനവാസ കേന്ദ്രത്തെ ഒഴിവാക്കാമെന്ന് പറഞ്ഞിട്ടില്ല. ഒരു കിലോമീറ്റര്‍ പ്രദേശത്തെ ESZ ആക്കി വിധിക്കുകയാണ് ചെയ്തത്. ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവരുടെ ജീവിക്കാനുള്ള അവകാശം കോടതിവിധിയിലൂടെ നഷ്ടമായ പ്രശ്‌നത്തെയാണ് സംഘടനകള്‍ ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സംഘടനകളെ സ്വാധീനിക്കേണ്ട കാര്യമില്ല. പൗരന്റെ ജീവിക്കുവാനുള്ള അവകാശത്തെ മുന്‍നിര്‍ത്തിയുള്ള നിയമ നടപടികളും ജനാധിപത്യ രീതിയിലുള്ള ബോധവല്‍ക്കരണങ്ങളും പ്രതിഷേധങ്ങളുമാണ് സംഘടനകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടത്. ESZ പരിധിയായ ഒരു കിലോമീറ്ററില്‍ ഇപ്പോള്‍ പെട്ടിട്ടുള്ളവരും, വനം മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരമുള്ള 10 കിലോമീറ്റര്‍ വരെ പരിധിയിലുള്ളവരുടേയുമാണ് ജീവിതം വഴിമുട്ടുന്നത്. അവരുടെ ജീവിക്കാനുള്ള മൗലിക അവകാശം (ഭരണഘടന ആര്‍ട്ടിക്കിള്‍ 21) മുന്‍നിര്‍ത്തിയുള്ള കോടതി നടപടികളാണ് വേണ്ടത്. ഗോദവര്‍മന്‍ കേസിന്റെ ആയിരക്കണക്കിന് തീര്‍പ്പുകളുടെ പിന്നില്‍ പോയി ഒരു പെറ്റീഷന്‍ ഇടുന്നത് ശരിയായ നടപടിയല്ല. ആര്‍ട്ടിക്കിള്‍ 21 ലംഘിക്കുന്ന സ്റ്റേറ്റിന്റെ നടപടികള്‍ തെളിവ് സഹിതം കോടതിയില്‍ എത്തിക്കുകയും സിംഗിള്‍ ബെഞ്ചില്‍ ആരംഭിച്ച് ഭരണഘടന ബഞ്ചിലേക്ക് അതിനെ എത്തിക്കുകയുമാണ് സംഘടനകൾ ചെയ്യേണ്ടത്.

Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

ഇത് ഒരു മൗലിക അവകാശവും ശക്തമായ ഒരു നിയമവും തമ്മിലുള്ള പ്രശ്‌നമാണിത്. അതിനെ അങ്ങനെ തന്നെ നേരിടുകയാണ് വേണ്ടത്. ഇന്ത്യയിലെ 987 സംരക്ഷിത കേന്ദ്രങ്ങള്‍ക്കു ചുറ്റിലും 10 കിലോമീറ്റര്‍ പ്രദേശം വനം ആക്കി മാറ്റാനുള്ള നടപടികള്‍ ഒരു ദേശീയ പ്രശ്‌നമാണ്. ആ നിലയില്‍ അതിനെ എത്തിക്കാനായാല്‍ മാത്രമേ ജനങ്ങളുടെ ജീവിതപ്രശ്‌നം സുസ്ഥിരമായി പരിഹരിക്കപ്പെടുകയുള്ളൂ. അതിനുള്ള നിയമോപദേശം തേടല്‍, നിയമനടപടികള്‍, വിപുലമായ പ്രചരണ പരിപാടികള്‍ ഇവയാണ് തുടങ്ങിവയ്‌ക്കേണ്ടത്.

ജീവിക്കാനുള്ള അവകാശം ഇല്ലാതായ രണ്ട് സാഹചര്യങ്ങൾ

വനം വന്യജീവി സംരക്ഷണനിയമങ്ങളുടെ പേരില്‍ ജീവിക്കുവാനുള്ള അവകാശം ഇല്ലാതായി പോയ രണ്ട് സന്ദര്‍ഭങ്ങള്‍ ദേശീയതലത്തിൽ തന്നെ ഇതിന്റെ ഉദാഹരണങ്ങളായി തെളിവുകളോടെ ഉണ്ട്.

Read More: ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് ഒരു കൂട്ടര്‍. പരിക്കു പറ്റിയവരും കൃഷിയും ജീവിത മാര്‍ഗങ്ങളും നഷ്ടമായവരും ഇതിലുണ്ട്. വനം വന്യജീവി സംരക്ഷണവും ഇവരുടെ ജീവനും സ്വത്തുമായി നേരിട്ട് ബന്ധം ഒന്നുമില്ല. സ്റ്റേറ്റിന്റെ പരാജയം മൂലം ജീവിക്കാനുള്ള അവകാശം ഇല്ലാതായി പോയവരാണ്, വന്യജീവികള്‍ കൊന്നുകളഞ്ഞ മനുഷ്യരെല്ലാവരും. അവരുടെ ജീവിക്കുവാനുള്ള അവകാശത്തെ ഒരു കോടതിയ്ക്ക് മുന്‍പിലും ആ നിലയില്‍ ആരും കൊണ്ടുവന്നിട്ടില്ല. കൊണ്ടു വരേണ്ടതാണ്.

Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?

ജീവിക്കുവാനുള്ള സ്വത്തവകാശം എടുത്തുമാറ്റപ്പെട്ട വിഭാഗമാണ് ആദിവാസികള്‍. വനസംരക്ഷണ നിയമം വന്നപ്പോള്‍ ഇതുവരെ കാട്ടില്‍ സുരക്ഷിതരായിരുന്നവരുടെ ജീവിതത്തിന് സുരക്ഷ ഇല്ലാതായി. കാട്ടില്‍ നിന്ന് അവരെ പുറന്തള്ളി. അത് കലാപവും സായുധസമരവും ആയി രൂപാന്തരപ്പെട്ടപ്പോള്‍ പുറന്തള്ളപ്പെട്ടവര്‍ക്ക് ഭൂമി കൊടുക്കാന്‍ നിയമമുണ്ടാക്കി. 2006-ലെ വനാവകാശനിയമം അങ്ങനെ ഉണ്ടായതാണ്. നിയമം നടപ്പാക്കിയില്ലെങ്കിലും വനത്തില്‍ പങ്കുകൊടുക്കാം എന്ന് നിയമം മൂലം അംഗീകരിക്കപ്പെട്ടു. ജീവിക്കാനുള്ള ഉപാധിയെന്ന നിലയില്‍ വനഭൂമി വിട്ടുകൊടുക്കാം എന്നാണ് നിയമം പറയുന്നത്. കേരളത്തില്‍ അതും ഉണ്ടായില്ല. ബഫര്‍ സോണിന്റെ പേരില്‍ കുറേ ആദിവാസികള്‍ കൂടി പെരുവഴിയിലാകാന്‍ പോകുന്നു. എല്ലാം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം. നടത്തുന്നത് മറ്റാരുമല്ല; സ്റ്റേറ്റ് തന്നെ.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം