രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി സംശയങ്ങളുയരുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണിവിടെ. ഇതില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ലേഖകന്‍ വിഷയത്തില്‍ കേന്ദ്രഅധികാരകമ്മിറ്റിയുടെ മുമ്പാകെ ലേഖകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഭാഗങ്ങളുമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും ഇഎസ്സെഡ് വേണമെന്നാണ് 2022 ജൂണ്‍ 3-ലെ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഉത്തരവിലെ 44-ാം ഖണ്ഡികയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഹര്‍ജി നല്‍കിയത്.

പരിസ്ഥിതിലോലമേഖല ഉത്തരവിലെ 44-ാം ഖണ്ഡിക

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണാക്കണമെന്ന സുപ്രിംകോടതി വിധി.ഇതില്‍ വ്യക്തത വേണ്ട ഭാഗങ്ങളായിരുന്നു ഉത്തരവിലെ 44എ, 44ഇ എന്നിവ. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും ഇ എസ്സെഡ് വേണമെന്നതാണ് ഇതില്‍ ആദ്യത്തേത്. 2011 ലെ മാര്‍ഗരേഖ പ്രകാരമുള്ള കര്‍ശന വ്യവസ്ഥകള്‍ ഇഎസ്െസഡ് മേഖലയില്‍ ഉറപ്പാക്കണമെന്നും 44എയില്‍ പറയുന്നുണ്ട്.അതേസമയം, ഒരു കിലോമീറ്റര്‍ വീതിയിലെ ബഫര്‍ സോണില്‍ നേരത്തെ മുതലുള്ള പ്രവര്‍ത്തനങ്ങള്‍ (നിരോധിത പ്രവര്‍ത്തനം അല്ലെങ്കില്‍) തുടരുന്നതിനു തടസ്സമില്ലെന്നു 44ഇയില്‍ പറയുന്നുണ്ട്. 6 മാസത്തിനകം ഇതിനു സംസ്ഥാന ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും പറയുന്നു. ഇഎസ്‌സെഡ് മേഖലയില്‍ ഏതാവശ്യത്തിനായാലും സ്ഥിര നിര്‍മാണം പാടില്ലെന്നും പറയുന്നുണ്ട്. ഇത് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ മലയോര ജനതയെ വ്യാപകമായി ബാധിക്കും.

പരിസ്ഥിതിലോലമേഖല എവിടെ, എന്താണ്?

കേരളത്തിലെ ഭൂരിഭാഗം വന്യജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും അതിരുകളില്‍ നിന്ന് 10.9 കിലോമീറ്റര്‍ വീതിയിലുള്ള റവന്യു, കൃഷിഭൂമികള്‍ പരിസ്ഥിതിലോലമേഖലയാണ്. കരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീര്‍ണം എട്ടു ലക്ഷം ഏക്കറോളം വരും. അവയുടെ അതിര്‍ത്തികളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി മാറുമ്പോള്‍ ഏകദേശം നാലു ലക്ഷം ഏക്കര്‍ വിസ്തൃതിയിലെ മനുഷ്യവാസത്തെയാണ് ബാധിക്കുക.16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉള്‍പ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളാണ് കേരളത്തിലുള്ളത്. 3211.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇവ പടര്‍ന്ന് കിടക്കുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ചെറുനഗരങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിനാ മനുഷ്യരാണ് അധിവസിക്കുന്നത്. ജനവാസം സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമാകണമെങ്കില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. മേഖലയില്‍ സ്ഥിരം കെട്ടിടങ്ങള്‍, ഖനനം എന്നിവ പാടില്ലെന്നാണ് കോടതി വിധി. പ്രദേശത്തെ കെട്ടിടങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് 3 മാസത്തിനകം വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.ആലപ്പുഴ, കാസര്‍കോട് ജില്ലകളൊഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബഫര്‍ സോണ്‍ വിഷയം ബാധിക്കും.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും വിശദവിവരങ്ങളും നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതിലോലമേഖലയുടെ വീതിയും വിസ്തൃതിയും സഹിതമുള്ള വിശദാംശങ്ങളും പട്ടികയില്‍

കേരളത്തിലെ വിവിധ വനൃജീവിസങ്കേതങ്ങളുടെയും (വന്യ.സങ്കേ.) ദേശീയ ഉദ്യാനങ്ങളുടെയും (ദേശീ.ഉദ്യാ.) ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിടുള്ള വില്ലേജുകളുടെ വിശദവിവരങ്ങള്‍

Page 1
Page 2
Page 3
Page 4
കരട് വിജ്ഞാപനത്തില്‍ ആളുകളുടെ അടിസ്ഥാനവിവരങ്ങള്‍ ഇല്ല.

പരിസ്ഥിതിലോലമേഖലയുടെ കരട് വിജ്ഞാപനത്തിലെ ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

1) പരിസ്ഥിതിലോലമേഖലയുടെ വിസ്തൃതിയും അതിര്‍ത്തികളും
2) പരിസ്ഥിതിലോലമേഖലയ്ക്കായുള്ള സോണല്‍ മാസ്റ്റര്‍ പ്ലാന്‍
3) സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍
4) പരിസ്ഥിതിലോലമേഖലയില്‍ നിരോധിക്കപ്പെട്ട അല്ലെങ്കില്‍ നിയന്ത്രിക്കപ്പെടേണ്ട പ്രവര്‍ത്തനങ്ങളുടെ പട്ടിക
5) പരിസ്ഥിതിലോലമേഖലാവിജ്ഞാപനത്തെ നിരീക്ഷിക്കുന്ന കമ്മിറ്റി 6 പരാമര്‍ശത്തിന്റെ നിബന്ധനകള്‍ 7 അധികനടപടികള്‍
8) ഉത്തരവുകള്‍, സുപ്രീംകോടതി തുടങ്ങിയവ. (അനുബന്ധം 1- അതിര്‍ത്തികളുടെ വിവരണം, അനുബന്ധം 2എ-പരിസ്ഥിതിലോലമേഖലകളുടെ അക്ഷാംശരേഖാംശങ്ങള്‍ സഹിതമുള്ളലൊക്കേഷന്‍ മാപ്പ്, അനുബന്ധം 2ബി-പരിസ്ഥിതിലോലമേഖലകളുടെ ഗുഗിള്‍ മാപ്പ്, അനുബന്ധം 2സി-പരിസ്ഥിതിലോലമേഖലകളുടെ സര്‍വ്വേ ഓഫ് ഇന്ത്യാ ടോപ്ഷീറ്റിലെ മാപ്പ്, അനുബന്ധം 3 പട്ടിക എ-വന്യജീവിസങ്കേതങ്ങളുടെ ലൊക്കേഷന്റെ ജിയോകോര്‍ഡിനേറ്റുകള്‍, അനുബന്ധം 3 പട്ടിക ബി-പരിസ്ഥിതിലോലമേഖലകളുടെ ലൊക്കേഷന്റെ ജിയോകോര്‍ഡിനേറ്റുകള്‍, അനുബന്ധം
4-പരിസ്ഥിതിലോലമേഖലയ്ക്ക് കീഴില്‍ വരുന്ന വില്ലേജുകള്‍ അതായത് വില്ലേജുകളുടെ പേര്, താലൂക്ക്, ജില്ല, അക്ഷാംശരേഖാംശ ജിയോകോര്‍ഡിനേറ്റുകള്‍, അനുബന്ധം 5-സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടിന്റെ മാതൃകാരൂപം.)

പരിസ്ഥിതിലോലമേഖലയ്ക്കായുള്ള കരട് വിജ്ഞാപനത്തില്‍ പറമ്പിക്കുളം കടുവാസംരക്ഷണകേന്ദ്രത്തിനെ സംബന്ധിച്ച് (എസ്ഒ 440(ഇ)2021 ജനുവരി 28) (മുകളിലുള്ള പട്ടികയിലെ സീരിയല്‍ നമ്പര്‍ 18) മുകളിലെ ഖണ്ഡിക 3-ല്‍ പറഞ്ഞതു കൂടാതെ കരട് വിജ്ഞാപനത്തില്‍ അധികമായ ഒരനുബന്ധം ചേര്‍ത്തിട്ടുണ്ട്. ഇതിന് ഇനിപ്പറയുന്ന മൂന്ന് പാര്‍ട്ടുകളുണ്ട്.

പാര്‍ട്ട് എ-പരിസ്ഥിതിലോലമേഖലയിലെ മനുഷ്യകുടിയേറ്റങ്ങള്‍, വില്ലേജുകള്‍, പരിസ്ഥിതിലോലമേഖല ഉള്‍പ്പെടുന്ന താലൂക്കിന്റെ പേര്, വില്ലേജ്, കുടുംബങ്ങളുടെ എണ്ണം, ജനസംഖ്യ, ജിപിഎസ് അക്ഷാംശരേഖാംശം എന്നിവയുടെ പട്ടിക. പാര്‍ട്ട് ബി-പരിസ്ഥിതിലോലമേഖലയിലെ ആദിവാസി കുടിയേറ്റങ്ങള്‍, വില്ലേജുകള്‍, പരിസ്ഥിതിലോലമേഖല ഉള്‍പ്പെടുന്ന താലൂക്കിന്റെ പേര്, വില്ലേജ്, കുടുംബങ്ങളുടെ എണ്ണും, ജനസംഖ്യ, ജിപിഎസ് അക്ഷാംശരേഖാംശം എന്നിവയുടെ പട്ടിക. പാര്‍ട്ട് സി-പരിസ്ഥിതിലോലമേഖലയിലെ മറ്റു കുടിയേറ്റങ്ങള്‍, വില്ലേജുകള്‍, പരിസ്ഥിതിലോലമേഖല ഉള്‍പ്പെടുന്ന താലൂക്കിന്റെ പേര്, വില്ലേജ്, കുടുംബങ്ങളുടെ എണ്ണം, ജനസംഖ്യ, ജിപിഎസ് അക്ഷാംശരേഖാംശം എന്നിവയുടെ പട്ടിക.

സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം

ഇപ്രകാരം 22 വന്യജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും പരിസ്ഥിതിലോല മേഖലയില്‍ താമസിക്കുന്നവരുടെയും പറമ്പിക്കുളം കടുവാസംരക്ഷണക്രേന്ദത്തിലെ പരിസ്ഥിതി ലോലമേഖലയില്‍ താമസിക്കുന്നവരുടെയും കുടുംബങ്ങളും ജനസംഖ്യയും തമ്മില്‍ വിവേചനം ഉണ്ട്. ഇത് കേവലം വിവേചനം മാത്രമല്ല, ബഹുമാനപ്പെട്ട സുപ്രീംകോടതി 2022 ജൂണ്‍ 3ന് പുറപ്പെടുവിച്ച ഉത്തരവിലെ 7-ാം ഖണ്ഡികയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. കൂടാതെ പരിസ്ഥിതലോലമേഖലയെ സംബന്ധിച്ച വസ്തുവിവരപ്പട്ടിക തയ്യാറാക്കിയിട്ടുമില്ല
2022 ജൂണ്‍ 3ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ 1-ാം ഖണ്ഡികയില്‍ പരാമര്‍ശിച്ച 7-ാം ഖണ്ഡികയില്‍സുപ്രീംകോടതി, 2001 ഫ്രെബുവരി 9-ന് ക്രേന്ദവനപരിസ്ഥിതിമ്രത്രാലയം തയ്യാറാക്കിയ റഫറന്‍സ് നമ്പര്‍ എഫ്. നമ്പര്‍ 1-9/2007 ഡബ്ളിയു എല്‍-1(പിറ്റി) വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയഉദ്യാനങ്ങള്‍ക്കും ചുറ്റും പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത് ഇനിപ്പറയുന്നവയാണ്-

സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍:

അടിസ്ഥാനലക്ഷ്യം എന്നു പറയുന്നത് വന്യജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും ചുറ്റും ചില പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും അതിലൂടെ സംരക്ഷിതമേഖല ഉള്‍ക്കൊള്ളുന്ന ലോലമായ ആവാസവ്യവസ്ഥയിന്മേല്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ പ്രതികൂല സ്വാധീനം കുറയ്ക്കുക എന്നതുമാണ്. ഈ ലക്ഷ്യം നേടുന്നതിനുള്ള ഒന്നാമത്തെ പടിയായി മുന്‍ഉപാധി എന്ന നിലയ്ക്ക് ഓരോ സംരക്ഷിതമേഖലയ്ക്കും നടപ്പാതകള്‍ക്കും (വന്യജീവിസങ്കേതങ്ങള്‍, ദേശീയഉദ്യാനങ്ങള്‍) ചുറ്റുമുള്ള വിവിധ ഭൂമി ഉപയോഗരീതികള്‍, വിവിധ തരം പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങളുടെ എണ്ണം, തരം എന്നിവയുടെ വസ്തു വിവരപ്പട്ടിക തയ്യാറാക്കേണ്ടതാണ്. അവരവരുടെ റേഞ്ചിലെ 10 കിലോമീറ്ററിനുള്ളിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട റേഞ്ച് ഓഫീസര്‍മാര്‍ക്ക് വസ്തുവിവരപ്പട്ടിക തയ്യാറാക്കാവുന്നതാണ്.

മുന്‍പറഞ്ഞ ഉദ്ദേശ്യത്തിനായി ബന്ധപ്പെട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഒരു പരിസ്ഥിതിശാസ്ര്തജ്ഞന്‍, ഒരു തദ്ദേശസ്വയംഭരണഉദ്യോഗസ്ഥന്‍, അതാതു സ്ഥലത്തെ റവന്യുഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരെ ചേര്‍ത്ത് ഒരു ചെറിയ കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. ഇപ്പറഞ്ഞ കമ്മിറ്റിക്ക് ഇനിപ്പറയുന്നവ നിര്‍ദ്ദേശിക്കാം-

(1) പരിഗണിക്കുന്ന സംരക്ഷിതമേഖലയ്ക്കുള്ള പരിസ്ഥിതിലോലമേഖലകളുടെ പരിധി
(2) ഇത്തരത്തിലുള്ള മേഖല ഒരു ഷോക്ക് അബ്സോര്‍ബറായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം
(3) ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതിലോലമേഖല നടത്തിപ്പിനുള്ള ഏറ്റവും നല്ല സംവിധാനങ്ങള്‍
(4) പ്രദേശത്തേക്ക് വേണ്ട മാസ്റ്റര്‍ പ്ലാനില്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടുത്തുക.

2022 ജൂണ്‍ 6ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുന്‍പറഞ്ഞ ചെറിയ കമ്മിറ്റി വസ്തുവിവരപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞാല്‍ പിന്നീട് വീടുകളുടെ എണ്ണം, ജനസംഖ്യ, മറ്റ് കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കൃഷിക്കായുള്ള ഭൂമി ഉപയോഗം, ഏതു രീതിയിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് കേരളത്തിലെ ഏല്ലാ വനൃജീവിസങ്കേതങ്ങള്‍ക്കും ദേശീയഉദ്യാനങ്ങള്‍ക്കും വേണ്ടിയുള്ള എല്ലാ കരട് വിജ്ഞാപനങ്ങളിലും വീട്/ജനസംഖ്യ എന്നിവയെപ്പറ്റിയുള്ള വിശദവിവരങ്ങളും കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കൃഷിഭൂമിയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.കരട് വിജ്ഞാപനങ്ങളില്‍ പല വിശദവിവരങ്ങളും ഉണ്ടെങ്കിലും പ്രധാനപ്പെട്ടവയായ വീടുകളുടെ എണ്ണം, വാണിജ്യവ്യവസായസ്ഥാപനങ്ങളുടെ എണ്ണം, പൊതുസ്ഥാപനങ്ങള്‍, ഓരോ വില്ലേജിന്റെയും ജനസംഖ്യ തുടങ്ങിയവ കരട് വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചതുരശ്രകിലോമീറ്ററിന് നൂറ് എന്ന തോതിനേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ഏല്ലാ വില്ലേജുകളെയും പരിസ്ഥിതിലോലമേഖലയില്‍ നിന്നോ പശ്ചിമഘട്ടപ്രദേശത്തു നിന്നോ പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മിറ്റിപോലും ഒഴിവാക്കിയിട്ടുണ്ട്.വസ്തുവിവരപ്പട്ടിക പാലിക്കപ്പെട്ടിട്ടില്ലെന്ന് വനംവകുപ്പ് മേധാവി സമ്മതിക്കുന്നുണ്ട്.

വസ്തുവിവരപ്പട്ടിക തയ്യാറാക്കാനായി കമ്മിറ്റി രൂപീകരിച്ചില്ല

വന്യ ജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതിലോലമേഖലയായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍, തദ്ദേശസ്വയംഭരണപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്നും പരിസ്ഥിതിലോലമേഖലയ്ക്കായി നിര്‍ദ്ദേശിക്കപ്പെട്ട കൃഷിഭൂമി, റവന്യൂ എന്നിവയെപ്പറ്റി ഒരു വസ്തു വിവരപ്പട്ടികയും തയ്യാറാക്കിയിട്ടില്ലെന്നുമാണ്. ഒരു വിവരാവകാശ അപേക്ഷയിന്മേല്‍ നല്‍കിയ മറുപടി അനുസരിച്ച് കേരളത്തിലെ വനംവകുപ്പ് മേധാവിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും 2022 ജൂലായ് 30-ന് ലെറ്റര്‍ നമ്പര്‍ കെഎഫ്ഡിഎച്ച്ക്യൂ/3488/2022/സിഡബ്ളിയു ഡബ്ളിയു,/ഡബ്ളിയുഎല്‍10-ലൂടെ അറിയിച്ചത് പ്രദേശങ്ങളെ പരിസ്ഥിതിലോലമേഖലയ്ക്കായി നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് വനംവകുപ്പ് ഒരു തരത്തിലുള്ള വസ്തുവിവരപ്പട്ടികയും തയ്യാറാക്കിയിട്ടില്ലെന്നാണ്. ഇത് സുപ്രീംകോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വഞ്ചനയാണ്.

വനംവകുപ്പല്ലാത്ത ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണം

മുന്‍ പറഞ്ഞ കാര്യങ്ങള്‍ നിയമാധികാരത്തിന് അതീതമായുള്ള ഒരു പ്രവൃത്തിയായി പ്രഖ്യാപിക്കേണ്ടതാണ്. മാത്രവുമല്ല കേരളത്തിലെ
വിവിധ പരിസ്ഥിലോലമേഖലവിജ്ഞാപനങ്ങള്‍ തയ്യാറാക്കുന്നതിനിടയാക്കിയ എല്ലാ പ്രവര്‍ത്തനങ്ങളും കേരളസര്‍ക്കാര്‍ വനംവകുപ്പല്ലാത്ത ഏതെങ്കിലും ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണത്തേണ്ടതുണ്ട്. ഇക്കാര്യവും’ക്രേന്ദം ചുമതലപ്പെടുത്തിയ കമ്മിറ്റി”യോട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കേരളസര്‍ക്കാര്‍ വനംവകുപ്പായതുകൊണ്ട്, വനംവകുപ്പിലെ ഒരു ഓഫീസറെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തരുത്. പരിസ്ഥിതിലോലമേഖലയിലുള്ള വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്വകാരൃസ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ”ഡോര്‍ ടു ഡോര്‍ സര്‍വ്വേ” സംസ്ഥാനവനംവകുപ്പല്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് നടത്താന്‍ കേരളസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനായി കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ക്രേന്ദ്രം ചുമതലപ്പെടുത്തിയ കമ്മിറ്റിയോട് അപേക്ഷിച്ചിട്ടുണ്ട്.

റിസര്‍വ്വ് വനം രൂപികരിക്കാന്‍ വിജ്ഞാപനം വേണം

കേരള ഫോറസ്റ്റ് ആക്ട്, 1961-ന്റെ സെക്ഷന്‍ 4, സര്‍ക്കാര്‍ ഒരു ഭൂമിയെ റിസര്‍വ്വ് വനമായി രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അതിനായി ഒരു വിജ്ഞാപനം പ്രസിദ്ധപ്പെടുത്തണമെന്ന്‌വ്യവസ്ഥ ചെയ്യുന്നു. ഇത്തരം വിജഞാപനങ്ങളുടെ ഫലം ചില വ്യക്തികളുടെ അവകാശങ്ങളുടെ അവസാനവും വനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെ ചില അവകാശങ്ങളുടെ ഉത്ഭവവുമാണ്. ഗസറ്റില്‍വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നത് റിസര്‍വ്വ് വനങ്ങള്‍ രൂപീകരിക്കുന്നതിന്റെ മുന്‍വ്യവസ്ഥയാണ്. നിയമിതനാകുന്ന ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ അല്ലാത്ത ഒരാ
ളാകണമെന്നും വ്യവസ്ഥയുണ്ട്. തന്റെ മുന്നില്‍ വരുന്ന എല്ലാ അവകാശവാദങ്ങളുടെയും മേല്‍ തീരുമാനമെടുക്കാനുള്ള ഒരു കോടതി പോലെയാണ് ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍. സിവില്‍ നടപടിക്രമമനുസരിച്ചുള്ള തെളിവെടുക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. നിലവിലുള്ള ഏതൊരു അവകാശവും രേഖപ്പെടുത്താനുള്ള അവകാശം ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ക്കുണ്ട്. കേരളത്തിലെ എല്ലാ വനൃജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും ചുറ്റുമുള്ള പരിസ്ഥിതിലോലമേഖലയുടെ വിശദമായ വസ്തുവിവരപ്പട്ടിക ഹാജരാക്കാനായി കേരളവനംവകുപ്പിനോട് നിര്‍ദ്ദേശിക്കണമെന്ന് സിഇസി കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയത്തോട് നിര്‍ദ്ദേശിക്കേണ്ടതാണ് എന്ന കാര്യം ന്യായീകരിക്കത്തക്കതാണ്. കേരളത്തിലെ വനംവകുപ്പ് ഇത് ചെയ്തില്ലെങ്കില്‍ അത് നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതിലോലമേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഒരു ഡോര്‍ ടു ഡോര്‍ സര്‍വ്വേ നടത്താനുള്ള നിര്‍ദ്ദേശം സഹിതം സുപ്രിംകോടതിയില്‍ ബോധിപ്പിക്കേണ്ടതാണ്. നടപടിക്രമങ്ങളുടെ പല ഘട്ടങ്ങളിലാണ് കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം കരട് വിജഞാപനങ്ങള്‍ ഇറക്കിയതെന്നാണ് അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഒരു ദിനപ്പത്രത്തിലും ഈ വിജ്ഞാപനത്തെപ്പറ്റി ഒരറിയിപ്പും വന്നിട്ടില്ല. ബാധിക്കപ്പെട്ട ലക്ഷക്കണക്കിന് കൃഷിക്കാര്‍ ഇന്നും അന്ധകാരത്തിലാണ്. അറിയിപ്പിന്റെ വിശദവിവരങ്ങളൊന്നും അവര്‍ക്ക് ഇനിയുംലഭിച്ചിട്ടില്ല. ഒരന്വേഷണത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ (പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍) പറഞ്ഞത് നിര്‍ദ്ദേശിക്കപ്പെട്ട പരിസ്ഥിതി ലോലമേഖലയുടെ അതിരുകള്‍, അതിരടയാളംതുടങ്ങിയവ ഉള്‍പ്പെടെ പരിസ്ഥിലോലമേഖലാപ്രദേശങ്ങളായി അടയാളപ്പെടുത്തിയതിന്റെ വിശദവിവരങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നാണ്.

പരമ്പര തുടരുന്നു……

കേരളകോണ്‍ഗ്രസ്(എം)ന്റെ അധ്യക്ഷനും പാര്‍ലമെന്റംഗവുമാണ് ലേഖകൻ

Share
അഭിപ്രായം എഴുതാം