അപൂർവ പൗർണമി ” ബ്ലൂ മൂൺ ” ഇന്ന് (31-10 -2020) രാത്രി

തിരുവനന്തപുരം: അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി പൂർണചന്ദ്രൻ
31-10 -2020 രാത്രി ആകാശത്ത് പ്രത്യക്ഷപ്പെടും. ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുമ്പോഴും ചന്ദ്രന്റെ നിറവുമായി ഇതിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്.കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്ലൂ മൂണ്‍ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്.
ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്.

സാധാരണ ഒരു മാസത്തില്‍ ഒരു വെളുത്തവാവ് അഥവാ പൂര്‍ണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗര്‍ണമിയെയാണ് പൊതുവില്‍ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്.

‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷില്‍. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് എന്നതാണ് ഇതിന്റെ അര്‍ത്ഥം.
സാധാരണ വര്‍ഷത്തില്‍ 12 തവണ പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വര്‍ഷം കൂടുമ്ബോള്‍ 13 പൗര്‍ണ്ണമി ഉണ്ടാകാറുണ്ട്. ഒരു വര്‍ഷത്തില്‍ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവില്‍ സാധാരണ 3 പൗര്‍ണമിയും. എന്നാല്‍ 13 പൗര്‍ണമികള്‍ ഉണ്ടാകുന്ന വര്‍ഷം ഏതെങ്കിലും ഒരു ഋതുവില്‍ 4 പൗര്‍ണമികള്‍ ഉണ്ടാകും.
അപ്പോള്‍ ആ ഋതുവിലെ മൂന്നാം പൗര്‍ണമിയായിരിക്കും ബ്ലൂ മൂണ്‍.

Share
അഭിപ്രായം എഴുതാം