ശിക്ഷ വിധിച്ചു. പ്രശ്നം തീർന്നല്ലോ! സാധാരണ ജനങ്ങൾ നോക്കുമ്പോൾ എന്തു ഉത്തരവാദിത്വത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്? ബ്രഹ്മപുരം വിഷയത്തിൽ കളക്ടറെ മാറ്റി, കുറച്ച് അധികം ദിവസം എടുത്തെങ്കിലും തീ അണച്ചു, ദേ ഇപ്പോൾ.. ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഉത്തരവാദികൾ എന്ന് പറയപ്പെടുന്ന കോർപ്പറേഷന് നേരെ 100 കോടി രൂപ പിഴ ഈടാക്കുകയും ചെയ്യുന്നു. വളരെ നല്ല തീരുമാനം!

പക്ഷേ അവിടെയും ഈ നൂറുകോടി രൂപ കോർപ്പറേഷന് മേലെ ചുമത്തിയത് എന്തിനാണെന്ന് ചോദ്യങ്ങൾ നിരവധി ഉയർന്നുവരുന്നു. ശരിയല്ലേ? അപ്പോൾ സർക്കാർ ഉത്തരവാദത്തോടെ പ്രവർത്തിക്കുവല്ല… ഞങ്ങൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ ഉള്ള പ്രഹസനമാണ്….അല്ലെങ്കിൽ പിന്നെ ഈ തെറ്റുകൾ ചെയ്ത അധികാരികളെ എന്തുകൊണ്ട് വ്യക്തിപരമായി ശിക്ഷിച്ചുകൂടാ…?ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയും വേണം… അവരടങ്ങിയ കോർപ്പറേഷന് മേൽ ചുമത്തിയ പിഴ അടയ്ക്കുകയും വേണം. ഇതുവരെ ഇതിനു പുറകിൽ പ്രവർത്തിച്ചവർക്കും അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്ത അധികാരികൾക്ക്ശിക്ഷ ഒന്നുമില്ല.ഒരുതരത്തിൽ പറഞ്ഞാൽ കൊച്ചി അടക്കമുള്ള പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള കൊലപാതകത്തിന്റെ അതേ പ്രാധാന്യമർഹിക്കുന്ന തെറ്റാണ് അവരുടെ ശ്രദ്ധയില്ലായ്മ മൂലം ഉണ്ടായത്. വിഷപ്പുക ശ്വസിച്ച് എത്രയോ രോഗങ്ങൾ വന്നു! എത്രയോ വരാൻ കിടക്കുന്നു? എന്നിട്ടും പിഴ, 100 കോടി രൂപ ജനങ്ങളുടെ മേലിൽ കെട്ടി വെച്ചിരിക്കുന്നു. ഉത്തരവാദിത്വം കഴിഞ്ഞില്ലേ… നാട്ടുകാർ ചോദ്യം ചോദിക്കുമ്പോൾ വായടച്ചിരുന്നാൽ മതിയല്ലോ…

വരാൻ പോകുന്ന 15 കൊല്ലത്തിനുള്ളിൽ ബ്രഹ്മപുരം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപ കൊച്ചി നിവാസികൾ ആശുപത്രികളിൽ കൊടുക്കാൻ നിർബന്ധിതരാകും. അതിനു പണം കണ്ടെത്താൻ അന്നും ഇന്നും സാധാരണക്കാരും പാവങ്ങളും വിഷമിക്കും. ഇതിനുപുറമേ ഗ്രീൻ ട്രിബൂണൽ പറഞ്ഞ 100 കോടി അടയ്ക്കാൻ വേണ്ടി അവരുടെ മേൽ നികുതിഭാരം ചുമത്താൻ പറ്റുകയില്ല. അത് ശരിയും അല്ല. ഉത്തരവാദികളുടെ കുടുംബ സ്വത്ത് കണ്ടെത്തി 100 കോടി രൂപ വസൂലാക്കണം. അവരുടെ സ്വത്തുക്കൾ തികഞ്ഞില്ലെങ്കിൽ അവരെ സ്പോൺസർ ചെയ്ത പാർട്ടികളുടെ സ്വത്തുക്കൾ കണ്ടെത്തണം.

Share
അഭിപ്രായം എഴുതാം