പരിയാപുരത്തെ ഡീസൽ ചോർച്ച: കിണറുകളിലെ വെള്ളം നീക്കാൻപെട്രോളിയംകമ്പനിക്ക് നിർദേശം

അങ്ങാടിപ്പുറം : ടാങ്കർലോറി അപകടത്തെത്തുടർന്ന് ഡീസൽ കലർന്ന് മലിനമായ എല്ലാ കിണറുകളിലെയും വെളളം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളത്തെ സെൻട്രൽ ലാബിലാണ് പരിശോധന. ഫലം ലഭിക്കാൻ 15 ദിവസമെങ്കിലും കാത്തിരിക്കണം. ഏഴിന് കളക്ടറേറ്റിൽ നടന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് ജലം പരിശോധനയ്ക്ക് അയയ്ക്കാൻ കളക്ടർ നിർദേശം നൽകിയത്.

ഡീസൽ കലർന്ന കിണറുകളിലെ വെളളം നീക്കംചെയ്യാൻ നയാര പെട്രോളിയം കമ്പനിക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. വെള്ളിയാഴ്ച എ.ഡി.എം. എൻ.എം. മെഹറലി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്.എസ്. സരിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് കമ്പനി അധികൃതർക്ക് നിർദേശം നൽകിയത്.

ഡീസൽകലർന്ന വെള്ളം കൊച്ചിയിലെ എണ്ണ ശുദ്ധീകരണശാലയിൽ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി കമ്പനിയുടെ ട്രാൻസ്‌പോർട്ട് മാനേജർ ശനിയാഴ്ച പരിയാപുരത്ത് എത്തുമെന്ന് ജില്ലാ ഡെപ്യൂട്ടി കളക്ടർ എസ്.എസ്. സരിൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →