ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ച് നല്‍കിയതാണ്. കേരള സര്‍ക്കാര്‍ ലാന്റ് അസൈന്‍മെന്റ് ആക്ട് 1960, കേരള സര്‍ക്കാര്‍ ലാന്റ് അസൈന്‍മെന്റ് ആക്ട് 1964 എന്നിവയാണ് കേരളത്തിലെ വനത്തിനകത്ത് ഭൂമി പതിച്ചുനല്‍കിയ രണ്ട് പ്രധാന നിയമങ്ങള്‍. കേരള സര്‍ക്കാര്‍ ലാന്റ് അസൈന്‍മെന്റ് റൂള്‍സ് 1964-ലെ റൂള്‍ 4 പ്രകാരം വ്യക്തിഗത കൃഷിപ്പണി, വീട് പണിയാന്‍, തൊട്ടടുത്ത പ്രദേശം ഉപയോഗിക്കാന്‍ തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ക്കായി
സര്‍ക്കാരിന് ഭൂമി പതിച്ചുനല്‍കാം. കേരള സര്‍ക്കാര്‍ ലാന്റ് അസൈന്‍മെന്റ് റൂള്‍സ് 1964-ലെ റൂള്‍ 5 പ്രകാരം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൃഷി ചെയ്യാനായി പതിച്ചുനല്‍കുന്ന ഭൂമിയുടെ വ്യാപ്തി ഇനിപ്പറയുന്നവയേക്കാളും കൂടരുത്. (1) ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമിയാണെങ്കില്‍ നനവുള്ളതായാലും വരണ്ടതായാലും ഒരേക്കര്‍ നിരപ്പുള്ള ഭൂമി, കുന്നിന്‍പ്രദേശമാണെങ്കില്‍ ഒരേക്കര്‍ നനവുള്ള ഭൂമി അല്ലെങ്കില്‍ 3 ഏക്കര്‍ വരണ്ട ഭൂമി. ഈ റൂള്‍ നടപ്പാക്കാനായി ഇനിപ്പറയുന്ന താലൂക്കുകളെയും വില്ലേജുകളെയും കുന്നിന്‍പ്രദേശമായി കണക്കുകൂട്ടേണ്ടതാണ്.

മീനച്ചില്‍ താലൂക്കിലെ പൂഞ്ഞാര്‍, മേലുകാവ് വില്ലേജുകള്‍; കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, കാഞ്ഞിരപുള്ളി, മുണ്ടക്കയം, മണിമല വില്ലേജുകള്‍;
ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍;
പെരിന്തല്‍മണ്ണ താലൂക്കിലെ അട്ടപ്പാടി താഴ്വരയിലെ അഗളി, പുതൂര്‍,
ചോലയാര്‍ വില്ലേജുകള്‍; പാലക്കാട് ജില്ല; തലപ്പിള്ളി താലൂക്കിലെ 56 വില്ലേജുകള്‍; മുകുന്ദപുരം താലൂക്കിലെ 14 വില്ലേജുകള്‍; തൃശൂര്‍ താലൂക്കിലെ 15 വില്ലേജുകള്‍;
കോഴിക്കോട് ജില്ലയിലെ തെക്കന്‍ വയനാട് താലൂക്ക് മുഴുവന്‍; വടക്കന്‍ വയനാട് താലൂക്ക് മുഴുവന്‍; കാസര്‍ഗോഡ് താലൂക്കിലെ 33 വില്ലേജുകള്‍, ഹോസ്ദുര്‍ഗ് താലൂക്കിലെ 10 വില്ലേജുകള്‍; കണ്ണൂര്‍ ജില്ല; തളിപ്പറമ്പ് താലൂക്കിലെ 6 വില്ലേജുകള്‍;
തൊടുപുഴ താലൂക്കിലെ കുറിമണ്ണൂര്‍, കൊടികുളം, കന്നിഎളം എന്നീ കുന്നിന്‍പ്രദേശങ്ങളായ വില്ലേജുകള്‍; മൂവാറ്റുപുഴ താലൂക്കിലെ 4 വില്ലേജുകള്‍;
ആലുവ താലൂക്കിലെ മഞ്ഞപ്ര, മലയാറ്റൂര്‍ വില്ലേജുകള്‍; കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജ്; ഈ പറഞ്ഞതില്‍ നിന്നും ആയിരക്കണക്കിന് കൃഷിക്കാര്‍ 1964ല്‍ തന്നെ കേരളത്തിലെ റിസര്‍വ്വ് വനങ്ങള്‍ക്ക് ചുറ്റും താമസമാക്കിയതായി മനസ്സിലാക്കാം.

വനത്തിന് ചുറ്റും ഭൂമി പതിച്ചു നല്‍കാനുള്ള നിയമങ്ങള്‍ വന്ന 1960കള്‍

ഇതുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ മുന്‍ തിരുവിതാംകൂര്‍ കൊച്ചിയിലെ റിസര്‍വ്വ് വനങ്ങളിലെ കൃഷിക്കനുയോജ്യമായ ഭൂമിയുടെ ലിസ്റ്റ് തയ്യാറാക്കാന്‍ 1969-ല്‍നിയമിതനായ സ്പെഷ്യല്‍ ഓഫീസറായ ശ്രീ.കെ. അനന്തന്‍പിള്ളറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്, ”വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അവസ്ഥ ഗൗരവതരമായതുകൊണ്ടും ധാരാളം ആളുകള്‍ക്ക് തൊഴില്‍ കിട്ടാനുള്ള ബുദ്ധിമുട്ടു കൊണ്ടും ഒരേ
യൊരു പരിഹാരം എന്നുപറയുന്നത് സര്‍ക്കാര്‍ വനങ്ങളില്‍ നിന്നും വലിയൊരു ഭാഗം കൃഷിഭൂമി ആളുകള്‍ക്ക് പതിച്ചുനല്‍കുക എന്നതാണ്. ഇത് മനസ്സില്‍ കണ്ടുകൊണ്ടാണ് ഇപ്പറഞ്ഞഎല്ലാ ഡിവിഷനിലെയും ഭൂമി പരിശോധിച്ച് കൃഷിക്ക് അനുയോജ്യമായ ഭൂമികളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം ഓഫീസര്‍ പറഞ്ഞത്- ഇപ്പോഴത്തെ ശ്രമം റിസര്‍വ്വ് വനങ്ങളില്‍ കൃഷിക്കനുയോജ്യമായ ഭൂമി കണ്ടെത്തി ചിട്ടയോടു കൂടി നല്‍കുക എന്നതാണ്. ഇത് മനസ്സില്‍ കണ്ടുകൊണ്ടാണ് കൃഷിക്ക് അനുയോജ്യമായ വലിയ പ്രദേശം കണ്ടെത്താന്‍ ശ്രമിച്ചത്. ഇത് വലിയ ഗ്രാമം അല്ലെങ്കില്‍ കോളനി രൂപീകരിക്കാന്‍ സഹായകമാകും. അങ്ങനെ ഭൂമി നല്‍കപ്പെടുന്നവര്‍ക്ക് ഒരുമിച്ച് ജീവിക്കുകയും വൈകാതെ തന്നെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കാനും സാധിക്കും.

1960കളില്‍ കേരളത്തിലെ വനത്തിന് ചുറ്റും ഭൂമി പതിച്ചു നല്‍കാനുള്ള പല നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വന്നു. അരബിള്‍ ഫോറസ്റ്റ് ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് 1970, സ്പെഷ്യല്‍ റൂള്‍സ് ഫോര്‍ അസൈന്‍മെന്റ് ഓഫ് ഗവണ്‍മെന്റ് ലാന്‍ഡ് ഫോര്‍ റബ്ബര്‍ കള്‍ട്ടിവേഷന്‍ 1960, റൂള്‍സ് ഫോര്‍ ലീസ് ഓഫ് ഗവണ്‍മെന്റ് ലാന്‍ഡ്‌സ് ഫോര്‍ കാര്‍ഡമം കള്‍ട്ടിവേഷന്‍ 1961, കാര്‍ഡമം റൂള്‍സ്, കണ്ണന്‍ ദേവന്‍ ഹില്‍സ്(റിസംപ്ഷന്‍ ഓഫ് ലാന്‍ഡ്‌സ്) ആക്ട് 1971, കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വേഷന്‍ ആന്‍ഡ് അസൈന്‍മെന്റ് ഓഫ് വെസ്റ്റഡ് ലാന്‍ഡ്‌സ് റൂള്‍സ് 1977, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം റൂള്‍സ് 1968 തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതെല്ലാം റിസര്‍വ് വനങ്ങളുടെ അതിര്‍ത്തിയിലും അകത്തും ഭൂമിക്കുള്ള ലക്ഷക്കണക്കിന് നിയമപരമായ ഉടമസ്ഥാവകാശരേഖകള്‍ ഉണ്ടാകാന്‍ കാരണമായി.

വസ്തുവിവരപ്പട്ടിക ഇല്ലാത്ത വനം വകുപ്പ്

വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതിലോലമേഖലയുടെ കേരളത്തില്‍ പ്രസിദ്ധപ്പെടുത്തിയ എല്ലാ കരട് വിജ്ഞാപനങ്ങളിലും കൃഷിഭൂമികള്‍, വീടുകള്‍, പൊതുസ്വകാര്യസ്ഥാപനങ്ങള്‍, ഇവയുടെ വ്യാപ്തി, ഉടമസ്ഥരുടെ എണ്ണം, ഇപ്പോഴത്തെ ജനസംഖ്യ, അവിടെ പ്രവര്‍ത്തിക്കുന്ന പൊതുസ്വകാരൃസ്ഥാപനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ അടങ്ങിയിട്ടില്ല. ആരുടെയൊക്കെ ഭൂമി പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കപ്പെടുമെന്ന് അറിയാത്തതുകൊണ്ട് പരിസ്ഥിതിലോലമേഖലയ്ക്ക് ചുറ്റുമുള്ള തദ്ദേശനിവാസികള്‍ ഭൂരിപക്ഷവും പ്രക്ഷോഭത്തിലാണ്. ഒരു വിശദമായ വസ്തുവിവരപ്പട്ടിക ഇല്ലാത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള ഗുരുതരമായ വീഴ്ചയാണ്.

വനവിഭവങ്ങളുടെ സംരക്ഷണം എന്നതാണ് പരിസ്ഥിതിലോലമേഖല എന്ന നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ള ലക്ഷ്യം 2022 ജൂണ്‍ 3ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത് ഈ റിട്ട് പെറ്റീഷനില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി സന്തുലിതാവസ്ഥ പാലിച്ചുകൊണ്ട് രാജ്യത്തിലെ വനവിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഓരോ സമയത്തായി ഓരോ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിധിയുടെ 1-ാം ഖണ്ഡികയില്‍ കേന്ദ്രവനം പരിസ്ഥിതി മ്രന്താലയം 2001 ഫെബ്രുവരി 9-ന് (റഫറന്‍സ് നമ്പര്‍ എഫ് നമ്പര്‍ 1-9/2007ഡബ്ളിയു എല്‍ -1) തയ്യാറാക്കിയ വന്യജീവിസങ്കേതങ്ങളുടെയും ദേശീയഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിനായി സ്വീകരിക്കേണ്ട പ്രക്രിയകളെയും നടപടിക്രമങ്ങളെയും പറ്റി കൈകാര്യം ചെയ്യുന്നു. മുന്‍പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ക്ലോസ് 3, 4 എന്നിവയില്‍ താഴെപ്പറയുന്ന നിബന്ധനകള്‍ ഉണ്ട്:

  1. പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശ്യം:വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയഉദ്യാനങ്ങള്‍ക്കും ചുറ്റും പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശ്യം സംരക്ഷിതമേഖലയ്ക്ക് ഒരു തരത്തിലുള്ള ”ഷോക്ക് അബ്സോര്‍ബര്‍”സൃഷ്ടിക്കുക എന്നതാണ്. കൂടുതല്‍ സംരക്ഷണം വേണ്ടതില്‍ നിന്നും കുറവ് സംരക്ഷണം ആവശ്യമെന്ന നിലയില്‍ ഇത് ഒരു പരിവര്‍ത്തനമേഖലയായി പ്രവര്‍ത്തിക്കും. വന്യജീവികളുടെ ദേശീ
    യബോര്‍ഡ് നിശ്ചയിച്ച പ്രകാരം പരിസ്ഥിതിലോലമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു രീതികളില്‍ അനിവാര്യമല്ലെങ്കില്‍ നിരോധിതസ്വഭാവത്തെ അപേക്ഷിച്ച് ഒരു നിയന്ത്രണസ്വഭാവം ഉണ്ടാകും.
  2. പരിസ്ഥിതിലോലമേഖലകളുടെ വ്യാപ്തി

4.1. നിലവിലുള്ള പല സംരക്ഷിതമേഖലകളിലും അതിര്‍ത്തിക്ക് സമീപത്തായി ബൃഹത്തായ വികസനം നടന്നിട്ടുണ്ട്. ചില സംരക്ഷിതമേഖലകള്‍ നഗരപരിസരത്താണ്. (ഉദാ: തമിഴ്നാട്ടിലെഗിണ്ടി ദേശീയ ഉദ്യാനം, മഹാരാഷ്ട്രയിലെ സഞ്ജയ്ഗാന്ധി ദേശീയഉദ്യാനം തുടങ്ങിയവ) അതുകൊണ്ട് സംരക്ഷിതമേഖലകള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതിലോലമേഖലകളുടെ വ്യാപ്തി നിര്‍വ്വചിക്കുന്നത് മാറ്റം വരുത്താന്‍ പറ്റുന്ന തരത്തിലുള്ളതും സംരക്ഷിതമേഖലയില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുമാകണം. പരിസ്ഥിതിലോലമേഖലയുടെ വീതി, നിയന്ത്രണങ്ങളുടെ രീതി എന്നിവ ഓരോ സംരക്ഷിതമേഖലയിലും വ്യത്യസ്തമായിരിക്കും. ഒരു പൊതുതത്വം എന്ന നിലയ്ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സ്ര്ടാറ്റജി 2002 പ്രകാരം ഒരു സംരക്ഷിതമേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോലമേഖലയുടെ വീതി 10 കി.മീ.വരെയാകാം.

4.3. ഒരു പ്രത്യേക സംരക്ഷിതമേഖലയുടെ കാര്യത്തില്‍ പോലും പരിസ്ഥിതിലോലമേഖലയുടെ വിസ്തൃതിയും നിയ്രന്രണത്തിന്റെ പരിധിയും എല്ലായിടത്തും ഒരുപോലെയാകണമെന്നില്ല. പരിധിയും വീതിയും വ്യത്യാസപ്പെടാം. ഇപ്രകാരം ”വനങ്ങളുടെ പരിപാലനം” എന്നാണ് ”പരിസ്ഥിതിലോലമേഖല” എന്നതിന്റെ പിന്നിലുള്ള പ്രധാന ഉദ്ദേശ്യം എന്നത് വളരെ വ്യക്തമാണ്. അല്ലാതെ വനങ്ങള്‍ എന്ന നിലയില്‍ കൂടുതല്‍ റവന്യൂഭൂമി ചേര്‍ക്കാനോ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ അവരെ ഒഴിപ്പിക്കാനോ അല്ല. കേരളത്തിലെ വനമേഖല 54.7 ശതമാനമാണ്. ഇത് മൊത്തം ഇന്ത്യയുമായി താതമ്യപ്പെടുത്തുമ്പോള്‍ 24.62 ശതമാനമാണ്.

പരമ്പര തുടരുന്നു…..

കേരളകോണ്‍ഗ്രസ്(എം)ന്റെ അധ്യക്ഷനും പാര്‍ലമെന്റംഗവുമാണ് ലേഖകൻ

Share
അഭിപ്രായം എഴുതാം