കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

സുപ്രീംകോടതി വിധിയെ തുടർന്ന് ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയെടുക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരുകയാണ്. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർവരെ ബഫർസോൺവനവും ജനവാസമുള്ള പ്രദേശത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അനുവദിക്കുക എന്നതാണ് സർക്കാർ നയം.

സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റേതാണ് വിധി. ഈ വിധിയിൽ ബഫർസോണിൽ ഇളവ് ഏതു സാഹചര്യത്തിൽ നൽകാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതേപ്പറ്റി പറയുന്നതിനുമുമ്പ് ഈ വിധിയുടെ അടിസ്ഥാനങ്ങൾ തന്നെ പരിശോധിക്കാം.

ശക്തമായ നിയമം ഒപ്പം ഭരണതീരുമാനവും

വളരെ ശക്തമായ നിയമ അടിത്തറയും ഭരണ തീരുമാനങ്ങളും വിധിക്ക് പിന്നിലുണ്ട്. 1972 ലെ വന്യജീവിസംരക്ഷണനിയമപ്രകാരം വനത്തിന്റെ നിലനിൽപ്പിന് അതിനു വെളിയിലുള്ള പ്രദേശം ഏറ്റെടുക്കാൻ അനുവാദം നൽകുന്നുണ്ട്. ഇന്ത്യയിൽ ആദ്യത്തെ പരിസ്ഥിതി ലോലമേഖല സൃഷ്ടിച്ചത് ഈ നിയമഭാഗം പ്രയോജനപ്പെടുത്തി മഹാരാഷ്ട്രയിൽ ആയിരുന്നു. ഈ ആക്ടിലെ സെക്ഷൻ 18, 26A, 35 എന്നിവ പ്രകാരമാണ് ബഫർസോൺ വനം സൃഷ്ടിക്കുന്നത്. 1972 മുതൽ നിലവിലുള്ളതും പ്രയോഗിച്ചു വരുന്നതുമായ ആ നിയമം ഈ സന്ദർഭത്തിൽ ചോദ്യം ചെയ്യാനാവില്ല. പാർലമെന്റ് അത് ചെയ്യാത്ത കാലത്തോളം നിയമം അതിശക്തമാണ്.

നിയമവും ഭരണതീരുമാനവും ബഫർസോണിന് അനുകൂലം. ജനതാത്പര്യത്തിനെതിരും

ഭരണ തീരുമാനങ്ങളുടെ ദീർഘകാല പിൻബലവും ഇതിനൊപ്പമുണ്ട്. 2002 ജനുവരി 21-ാം തീയതി കേന്ദ്രവനം മന്ത്രാലയം ഇതു സംബന്ധിച്ച് ആദ്യവിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിതവനത്തിന്റെ പുറത്ത് പത്തുകിലോമീറ്റർ വിസ്തീർണമുള്ള പ്രദേശം പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കുന്നതായിരുന്നു വിജ്ഞാപനം. വാജ്പെയി സർക്കാരാണ് അന്ന് കേന്ദ്രഭരണത്തിൽ. 2004-ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും വിജ്ഞാപനത്തിൽ ഭേദഗതി ഉണ്ടായില്ല. മാത്രമല്ല, 2005 മെയ് 27-ാം തീയതി കേന്ദ്രവനം മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച് കത്തയച്ചു. 2002 ലെ വിജ്ഞാപനത്തിൽ എന്തെങ്കിലും ഭേദഗതിയുണ്ടെങ്കിൽ അറിയിക്കാനുള്ള അന്തിമ അവസരം നൽകി കൊണ്ടായിരുന്നു കത്ത്. നാലാഴ്ച സമയം നൽകിയിട്ടും കേരളമുൾപ്പടെ ഒരു സംസ്ഥാനവും മറുപടി കൊടുത്തില്ല.

വീണ്ടും കത്ത് നൽകിയത് വിജ്ഞാപനം നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നില്ല എന്ന വാദം കോടതിയിൽ വരാതിരിക്കാൻ വേണ്ടി കൂടിയാണ്. വനമാക്കി മാറ്റുന്ന ഭൂമി റവന്യൂ ഭൂമിയാണ്. അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ളതാണ്. ഭൂമി ആരുടേതായിരുന്നാലും വനം വന്യജീവികേന്ദ്രത്തിന് ഭീഷണിയായ വിധത്തിൽ വിനിയോഗിച്ചാൽ അത് ഏറ്റെടുക്കാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. പക്ഷെ, ഇന്ത്യയിൽ മുഴുവൻ ഏറ്റെടുക്കൽ അധികാരം നൽകുന്നതാണ് വിജ്ഞാപനമെന്നതിനാലാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അന്തിമമായി തേടിയത്. ആരും ഒന്നും പറയാത്തതുകൊണ്ട് വിജ്ഞാപനത്തിലെ മാർഗനിർദേശങ്ങൾ ഭരണനടപടിയായി. നിയമവും ഭരണതീരുമാനവും ബഫർസോൺവനത്തെ ശരി വയ്ക്കുന്നു.

ആന്റണിയും അച്യുതാനന്ദനും ജാഗ്രത കാട്ടിയില്ല

ആദ്യവിജ്ഞാപനം 2002 ൽ വരുമ്പോൾ എ കെ ആന്റണിയായിരുന്നു കേരളമുഖ്യമന്ത്രി. 2006 മെയ് 18 ന് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. അതിനുശേഷം 9 ദിവസം കഴിഞ്ഞാണ് കേന്ദ്രവനം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. വനമാക്കി റവന്യൂ ഭമി മാറ്റുന്നതിൽ തീരുമാനമറിയിക്കാൻ കേരളസർക്കാരിന് നാലാഴ്ച സമയമുണ്ടായിരുന്നു. ആന്റണി, അച്യുതാനന്ദൻ സർക്കാരുകൾ ഇടപെട്ടില്ല.

ആദർശരൂപങ്ങൾ. പക്ഷെ ജനങ്ങളുടെ ജീവിതപ്രശ്നത്തിൽ ജാഗ്രതയുണ്ടായില്ല

മന്ത്രിമാർ വരും പോകും. സർക്കാരിൽ നടക്കുന്നത് അവർ അറിയണമെന്നില്ല. സർക്കാർ എന്നാൽ ഉദ്യോഗസ്ഥരും ഫയലുമാണ് എന്നും. ഫയലുകളെ പറ്റി മന്ത്രിമാർ സമഗ്രമായി അറിയണമെന്നില്ല. ജനങ്ങളുടെ താല്പര്യം ഭരണത്തിൽ പ്രതിഫലിക്കണമെങ്കിൽ ഫയലുകൾ ആഴത്തിൽ പഠിക്കുകയും പ്രത്യാഘാതങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾ ഭരണം നിർവഹിക്കണം. ആൻറണിയുടെയും അച്യുതാനന്ദന്റെയും കാലത്തെ ഭരണപരാജയവും ഉദ്യോഗസ്ഥരുടെ ജയവുമാണ് ഇന്ന് ബഫർസോൺവനത്തിൽപ്പെടുന്നവരുടെ ദുരിതത്തിന്റെ ആദ്യ കാരണം.

ഭരണക്കാർക്ക് മേൽ സൂപ്പർ ക്യാബനറ്റായി വനംവകുപ്പ്

കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളെ കബളിപ്പിച്ചുകൊണ്ട് വിലസുന്ന സൂപ്പർ ക്യാബിനറ്റ് ആണ് വനം-വന്യജീവി പരിസ്ഥിതി വകുപ്പ്. ഇന്ത്യയിലെ വനം, ഇന്ത്യയിലെ വന്യജീവി, പക്ഷേ അത് ഇന്ത്യക്കാരുടെ നിയന്ത്രണത്തിലല്ല എന്നതാണ് സത്യം. അനേകകോടി ബിസിനസിന്റെ ഉപാധിയാണ് ആ വകുപ്പ് എന്നറിയുന്ന ഒരൊറ്റ രാഷ്ട്രീയ പാർട്ടി പോലും ഇന്ത്യയിലില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വ്യവസായിക രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഉടലെടുത്ത കാർബൺ നിയമങ്ങളും നികുതിയും ചേർന്ന് സൃഷ്ടിച്ചിരിക്കുന്നത് ബില്യൺ കണക്കിന് ഡോളറിന്റെ ആഗോള കാർബൺ വിപണിയും കരിഞ്ചന്തയും ആണ്. അതിൻറെ എ. ബി. സി. ഡി. അറിയാത്ത രാഷ്ട്രീയക്കാരെയും ഭരണക്കാരെയും ബഫൂണുകളാക്കി, ഉദ്യോഗസ്ഥരും കപട പരിസ്ഥിതി ശാസ്ത്രജ്ഞരും അവർ ഛർദിക്കുന്ന “വിവരം” ജനങ്ങൾക്ക് വിളമ്പുന്ന മാധ്യമങ്ങളും ചേർന്ന് രാജ്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ കോളനി വാഴ്ചയുടെ വരവ് ആരും തിരിച്ചറിയുന്നില്ല. ഈ അറിവില്ലായ്മ വാജ്‌പെയിക്കും മൻമോഹൻ സിംഗിനും എ കെ ആൻറണിക്കും അച്യുതാനന്ദനും അവരുടെ പാർട്ടികളുടെ നയരൂപീകരണ ബുദ്ധി കേന്ദ്രങ്ങൾക്കും ഉണ്ടായി എന്നതാണ് സത്യം. ഇപ്പോൾ ഉള്ളവർക്ക് അത് തിരുത്താവുന്നതേയുള്ളൂ. കേരളത്തിനു പോലും ഒറ്റയ്ക്ക് തന്നെ തിരുത്താവുന്നതാണ്.

ഈ അറിവില്ലായ്മ വാജ്‌പെയിക്കും മൻമോഹൻ സിംഗിനും എ കെ ആൻറണിക്കും അച്യുതാനന്ദനും അവരുടെ പാർട്ടികളുടെ നയരൂപീകരണ ബുദ്ധി കേന്ദ്രങ്ങൾക്കും ഉണ്ടായി

സർക്കാർ വിശ്വാസം അസ്ഥാനത്ത്

ബഫർസോൺവനം ഒരു കിലോമീറ്റർ പരിധിയിലാണ്. പക്ഷേ നിയമപ്രാബല്യമുള്ള വിജ്ഞാപനപ്രകാരം അത് 10 കിലോമീറ്റർ ആണ്. അതായത് ബാക്കി ഒൻപത് കിലോമീറ്റർ പ്രദേശം ഇനിയും ഏറ്റെടുക്കാൻ ബാക്കിയുണ്ട്. സംരക്ഷിത മേഖലയുടെ ആവശ്യത്തിന് കൂടുതൽ ദൂരം ഏറ്റെടുക്കണമെന്ന് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് സുപ്രീം നിയമിച്ചിട്ടുള്ള കമ്മിറ്റിക്ക് നൽകാമെന്ന് വിധിയിൽ പറയുന്നു. അതായത് ഒരു കിലോമീറ്ററിൽ നിന്ന് പിന്നോട്ടല്ല മുന്നോട്ടാണ് ഗതി എന്ന് വ്യക്തം.

ഇവിടെയാണ് ജനവാസ കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കി കിട്ടുമെന്നും ഭാവിയിൽ കൂടുതൽ പ്രദേശത്തേക്ക് വനം വ്യാപിക്കുകയില്ല എന്നുമുള്ള കേരള സർക്കാരിന്റെ വിശ്വാസം ആസ്ഥാനത്താണെന്ന് പറയേണ്ടി വരുന്നത്.

ഇളവ് കൊച്ചിയിൽ ഒതുങ്ങുമോ?

ബഫർസോൺവനത്തിന്റെ പരിധിക്ക് ഇളവ് കൊടുക്കുന്നത് പരിഗണിക്കാൻ പ്രത്യേക കമ്മിറ്റിക്ക് സുപ്രീംകോടതിയുടെ അനുമതി ഉണ്ട്. അത് ഏത് സാഹചര്യത്തിലാണെന്നും വിധിയിൽ പറയുന്നുണ്ട്. ചെന്നൈ, മുംബൈ എന്നീ മെട്രോ നഗരങ്ങളിൽ ഉള്ള രണ്ട് വന്യജീവി കേന്ദ്രങ്ങളെ കൃത്യമായും വിധിയിൽ പരാമർശിക്കുന്നുണ്ട്. അവിടെ ബഫർസോൺവനം ഉണ്ടാക്കൽ അസാധ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇളവ് എവിടെ നൽകാമെന്ന മാർഗനിർദേശം കോടതി നൽകുന്നത്. കൊച്ചി മെട്രോ നഗരത്തിൽ പെട്ട മംഗള വനത്തിന്റെ ചുറ്റിലും ബഫർസോൺ അസാധ്യമാണ്.

ഇവിടെ വനമാക്കാൻ കഴിയില്ലാത്തതിനാൽ ഇളവ് പ്രതീക്ഷിക്കാം

ഹൈക്കോടതി അടക്കം നീക്കം ചെയ്യേണ്ടിവരും. അതിനാൽ അവിടെ ഇളവ് പ്രതീക്ഷിക്കാം. എങ്കിലും ആരെങ്കിലും കേസുമായി പോയാൽ നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്യും. മറ്റു ജനവാസ കേന്ദ്രങ്ങളിൽ ബഫർസോൺ അസാധ്യമായി കോടതി കാണാനിടയില്ല. കൃഷിക്കാരും കുറെ കച്ചവടക്കാരും പെട്ടു പോകുന്നതുകൊണ്ട് പ്രഖ്യാപനം സാധ്യമല്ലെന്ന് പരിഗണിക്കാൻ പറ്റില്ല. കാരണം ഈ കേസ് കൃഷിക്കാരുടെയും കച്ചവടക്കാരുടെയും സംരക്ഷണത്തെ പറ്റിയുള്ളതല്ല. വനം-വന്യജീവി സംരക്ഷണത്തിനായി എട്ടു കോടി ആദിവാസികളെ കാട്ടിൽ നിന്ന് പുറന്തള്ളിയ നിയമവും ഭരണ തീരുമാനങ്ങളും ആണ് പിന്നിൽ പറയുവാനുള്ള കഥ! വനത്തിന്റെ ഭാഗമായ ജനതയെ അവിടെ നിന്ന് പിഴുതെറിയാൻ നിയമ വ്യാഖ്യാനം ഉണ്ടായ രാജ്യത്ത് കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്പര്യങ്ങൾക്ക് വേണ്ടി ഇളവ് ഉണ്ടാകുമെന്ന് എങ്ങനെ കരുതാനാവും? കോടതിയിൽ നിന്ന് നിയമം നടപ്പാക്കുകയേ ഉള്ളൂ. അതിൽ ഇളവ് എങ്ങനെയാണ് ഉൾപ്പെടുത്തുക?

എട്ടുകോടി ആദിവാസികളെ വനത്തിൽ നിന്ന് പുറന്തള്ളി നശിപ്പിച്ചതാണ് പറയാനുള്ള കഥ

എന്നാൽ, പുതിയ നിയമനിർമ്മാണം എന്ന സംസ്ഥാന സർക്കാരിൻറെ നിലപാട് പ്രായോഗികമാണ്. വനം-വന്യജീവി സംരക്ഷണ നിയമത്തിന് പകരമായി ജനവാസങ്ങളെ സംരക്ഷിക്കുകയും ഭൂമി ബഫർ സോണായി വനം വകുപ്പിന്റെതാകുന്നത് തടയാൻ കഴിയുന്ന വിധത്തിൽ ആണെങ്കിൽ അത് ഗതിമുടിയുന്ന ജീവിതങ്ങൾക്ക് സംരക്ഷണമാകും.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം