നീലഗിരി ബഫർ സോണിലെ ജീവിതം കണ്ടറിഞ്ഞു; കേരളം അതേ ദുരിതപാതയിലേക്ക് പോകുന്നതു തടയണം

നീലഗിരിയുടെയും ഊട്ടിയുടെയും സൗന്ദര്യം ആസ്വദിക്കാൻ പോകാത്തവർ കുറവായിരിക്കാം. ഊട്ടി യാത്രയിൽ ഗൂഢല്ലൂർ പട്ടണം കഴിഞ്ഞയുടൻ വലത്തോട്ടൊരു വീതി കുറഞ്ഞ റോഡുണ്ട്. ആ റോഡിലേക്ക് കുറച്ച് നീങ്ങിയാൽ കാക്കിധാരികളായ പോലീസും വനം വകുപ്പും ചേർന്ന് സ്ഥാപിച്ച ചെക്ക് പോസ്റ്റ് കാണാം. ഓവാലി പഞ്ചായത്തിലെ ജനങ്ങളുടെ മൗലീക അവകാശങ്ങൾ തടയപ്പെട്ടതിന്റെ ആദ്യ സൂചനയാണ് ഈ ചെക്ക് പോസ്റ്റ് .

സത്യാന്വേഷണ പഠനയാത്ര കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്ന് പുറപ്പെടുന്നു

ആദ്യ ദിവസം വൈകീട്ട് നാല് മണിക്കാണ് കാറുമായി ഒറ്റക്ക് ചെക്ക് പോസ്റ്റിൽ എത്തുന്നത്. പരിശോധനകൾ പൂർത്തിയാക്കി രേഖകൾ നൽകി മേൽ വിലാസം എഴുതി ഒപ്പിട്ട് യാത്ര ആരംഭിച്ചു. 26 കി.മീറ്റർ സഞ്ചരിച്ച് ഓവാലി പഞ്ചായത്തിലെ എല്ലമലയിലെത്തി. തണുത്തകാറ്റും , മാറിമാറി വരുന്ന മൂടൽ മഞ്ഞും ആസ്വദിച്ചുള്ള യാത്ര എത്തിയത് ഓവാലി പഞ്ചായത്ത് കൗൺസിലറർ ബുഷറയുടെ വീട്ടിലാണ്. എന്റെ വരവും കാത്തിരുന്ന ബുഷറയും പ്രദേശവാസികളും അവിടെ നിന്നും ഒരു ജീപ്പെടുത്ത് കുണ്ടും കുഴിയും താണ്ടി രണ്ട് കി.മീ അകലെ കുന്നിൻ ചെരുവിലെത്തി. 1800 കാലഘട്ടത്തിൽ അടക്കം ചെയ്ത ബ്രിട്ടീഷുകാരുടെ ശവകല്ലറകൾ കാണിക്കാനാണ് അവരെന്നെയും കൂട്ടി ഈ ചെരുവിലെത്തിയത്. ശവകല്ലറക്ക് പുറമെ ബ്രിട്ടീഷ് ബംഗ്ലാവ് കൂടി കണ്ട് തിരിച്ചിറങ്ങിയപ്പോഴേക്കും നേരം ഇരുട്ട് വീണിരുന്നു. നൂറ്റാണ്ടുകൾക്ക് മുന്നെ ജനങ്ങൾ കൃഷി ചെയ്ത് താമസിച്ചിരുന്ന ഇടങ്ങളാണ് ഓവാലി എന്നതിന്റെ ചരിത്ര രേഖകളിലൊന്നാണ് ബംഗ്ലാവും ശവകല്ലറകളും. ഓവാലിലെ ജനങ്ങളെ കാണാനും കേൾക്കാനും നാളെ രാവിലെ കേരളത്തിൽ നിന്ന് 56 ആളുകൾ വരുമെന്നും സൗകര്യം ഒരുക്കി തരണമെന്നും പ്രദേശത്തുകാരോട് പറഞ്ഞതിൽ വളരെ സന്തോഷത്തോടെ “നിങ്ങൾ നാളെ ആരാട്ടുപാറയിലേക്ക് എത്തിക്കോളൂ ഞങ്ങൾ എല്ലാവരേയും കൂട്ടി അവിടെയെത്താമെന്ന്” മറുപടി തന്നു. അങ്ങനെ രാത്രിയിൽ തന്നെ കാറോടിച്ച് ആ തുറന്ന ജയിലിൽ നിന്നും ഗൂഢല്ലൂരിലെത്തി. രാത്രി വൈകീയും ഗൂഢല്ലൂർ ഭൂമി പ്രശ്നത്തിൽ ഇടപെടുന്ന പലരേയും കണ്ട് സംസാരിക്കാൻ കഴിഞ്ഞു.

ബഫർസോണിലെ നിയന്ത്രണങ്ങളെപ്പറ്റി പറയുന്ന ജനപ്രതിനിധി

രാവിലെ 11 മണിക്ക് തന്നെ ഓവാലി സ്വദേശിയും ഗൂഢല്ലൂരിൽ താമസിക്കുകയും ചെയ്യുന്ന ഇബ്നുവിനേയും കൂട്ടി വീണ്ടും ഓവാലിക്കുള്ള ചെക്ക് പോസ്റ്റിലെത്തി. കുറച്ച് നേരം കൊണ്ട് തന്നെ 56 ആളുകളെയും കൊണ്ടുള്ള ബസ് ചെക്ക്പോസ്റ്റിനടുത്ത് എത്തി. രേഖകളെല്ലാം പരിശോധിച്ച് ഞങ്ങളെ എല്ലാവരേയും അകത്തേക്ക് വിട്ടു. ബസ് “ചൂണ്ടിയെന്ന ” സ്ഥലത്ത് നിർത്തി, അവിടെ നിന്നും ജീപ്പിൽ പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ച ഇടുങ്ങിയ ഇരുമ്പ് പാലത്തിലൂടെ ആരാട്ടുപാറയിലെത്തി. നൂറിന് മുകളിൽ ജനങ്ങളാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത്.

നീലഗിരി ജില്ലയിലെ ആദ്യ പഞ്ചായത്തായ ഓവാലിയിൽ 30000 (മുപ്പതിനായിരം) മുകളിൽ ജനങ്ങൾ 18 വാർഡുകളിലായാണ് ഉള്ളത്. അവിടെ നിന്നൊക്കെയുള്ള ജനങ്ങളാണ് ഞങ്ങളെ കാണാനെത്തിയത്. ഒരു കാലത്ത് ഗൂഢല്ലൂരിനേക്കാൾ വലിയ പട്ടണമായിരുന്ന, ബാങ്കുകളും , തേയില ഫാക്ടറികളും സിനിമ തിയറ്ററുകളും പ്രവർത്തിച്ചിരുന്ന ഓവാലിയുടെ ഭൂതകാലങ്ങൾ പ്രായമായവർ വിവരിക്കാൻ തുടങ്ങി. എന്നാൽ ഇന്നത്തെ ഓവാലി അങ്ങനെയല്ല. ഫാക്ടറികൾ, ബാങ്കുകൾ , സിനിമ തിയറ്ററുകൾ എല്ലാം പൂട്ടി. വന നിയമങ്ങൾ കർക്കശമാക്കി ജനങ്ങൾക്ക് വീട് വെക്കാൻ പോലും അനുമതിയില്ലാതെ വന്യമൃഗങ്ങൾക്കുള്ള പരിഗണന പോലും മനുഷ്യ ജീവിതങ്ങൾക്ക് അന്യമാക്കിയ ഭരണകൂടങ്ങൾക്കെതിരെ നിലനിൽപ്പിനായി അതിജീവന പോരാട്ടത്തിലാണ് ഇവിടെത്തുകാർ . 2011 വരെ നികുതി അടച്ച് കൊണ്ടിരുന്ന ഇവരുടെ ഭൂമികളിലെ മുഴുവൻ രജിസ്ട്രേഷൻ നടപടികളും നിർത്തിയിരിക്കയാണ്. സ്വന്തം ഭൂമിയിലെ മരത്തിന്റെ ചില്ലകൾ വെട്ടിയാൽ ജയിലും കോടതിയുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം മറ്റിവെക്കപ്പെടും. പുതിയ വീടുകൾ നിർമ്മിക്കാനോ , നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ , എന്തിന് ഒരു കക്കൂസ് നിർമ്മിക്കാൻ പോലും അനുമതിയില്ലാത്ത, പുതിയ വൈദ്യുതി കണക്ഷൻ നൽകാത്ത , പുതിയ റോഡുകൾ ടാർ ചെയ്യാനോ നിലവിലെ റോഡുകൾക്ക് അറ്റകുറ്റപ്പണി നടത്താനൊ കഴിയാത്ത , കൃഷിയിടങ്ങളെ വന്യമൃഗങ്ങൾ കയ്യടക്കുമ്പോൾ വേലി കെട്ടുന്നതും അവറ്റകളെ ഓടിക്കുന്നതും നിയമ വിരുദ്ധമാവുന്ന, ബാങ്ക് ലോണുകൾ നൽകാത്ത ഓവാലിയുടെ നേരനുഭവങ്ങൾ വേദനയോടെ അവർ പങ്കു വെക്കുമ്പോൾ ബഫർസോൺ / ESA , EFL നിയമങ്ങളിലൂടെ കേരളത്തിന്റെ മലയോര ഗ്രാമങ്ങളിലേക്കും വരാനിരിക്കുന്ന വിപത്താണിതെന്ന് യാത്രയിലുണ്ടായിരുന്ന 56 പേരും പരസ്പരം പങ്കുവെച്ചു.

‘ഇപ്പോൾ ഞങ്ങൾ മൃഗങ്ങളെപ്പോലെ ആയിപ്പോയി.’ പ്രദേശവാസി ഗതികേടുകളെ കുറിച്ച് വിവരിക്കുന്നു.

ഭരണകൂടം അതിന്റെ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഒരു ജനതയെ ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ, മരണത്തോടെയല്ലാതെ പുറത്താക്കാൻ കഴിയില്ലായെന്ന നിശ്ചയദാർഢ്യത്തോടെ പൊരുതുകയാണ് ഓവാലി ജനത. മുതുമല വന്യജീവി സങ്കേതത്തിൽ നിന്നും 5 കി.മീറ്റർ വായു ദൂരം ബെൽറ്റേരിയ എന്ന് ഓമനപ്പേരിൽ ബഫർസോൺ കൊണ്ടുവന്നത് 1991 ൽ ലീന നായർ എന്ന നീലഗിരി ജില്ലാ കലക്ടറാണ്. മനുഷ്യന്റെ ദൈനം ദിന ജീവിതത്തെ ചങ്ങലക്കിടുന്ന ഈ ബെൽറ്റേരിയ തന്നെയാണ് കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 1 കി.മീറ്റർ ഇക്കൊ സെൻസിറ്റീവ് സോൺ അഥവാ ബഫർസോൺ.

നീലഗിരി ജില്ലയിൽ മാത്രം 250ലധികം സന്നദ്ധ സംഘടനകൾ !അവരും വനം വകുപ്പും പോലീസും ചേർന്ന് ജനജീവിതം പ്ലാൻ ചെയ്യുന്നു !! നടപ്പാക്കുന്നു !!!

ഊട്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ യാത്ര ചെയ്യുന്നവർ ഒരിക്കെലെങ്കിലും ഓവാലി സന്ദർശിക്കണം. പച്ചയായ ജീവിത യാഥാർത്യങ്ങൾ മനസ്സിലാക്കാൻ തീവ്ര പരിസ്ഥിതി വാദികൾ ശ്രമിക്കണം. സാമ്രാജിത്വ ശക്തികൾ പുറത്ത് വിടുന്ന കാർബൺഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ലോകത്തിന് ഓക്സിജൻ നൽകാൻ വേണ്ടി പതിനായിരകണക്കിന് കോടികൾ കൈപ്പറ്റിയ ഭരണകൂടങ്ങളും എൻ.ജി.ഒ സംഘടനകളും നടത്തുന്ന ക്വട്ടേഷൻ ജോലിയാണ് വനവിസ്തൃതി കൂട്ടുന്ന ബഫർസോൺ പദ്ധതിയെന്നത് തിരിച്ചറിയണം. ഭരണഘടനയിൽ എഴുതിവെച്ച മൗലീക അവകാശങ്ങൾ ഈ മണ്ണിൽ ജനിച്ച് കൃഷി ചെയ്ത് ജീവിക്കുന്നവർക്കും അർഹതപ്പെട്ടതാണ്.

നിയമക്കുരുക്കുകളിൽ തളച്ചിടപ്പെട്ട ജീവിതത്തെപ്പറ്റി പറയുന്നത് കേൾക്കുക

ജീവിക്കാനായി പൊരുതുന്ന ഓവാലിയിലെ ജനതയെ അഭിവാദനം ചെയ്ത് കൊണ്ട് 2 മണിയോടെ ഞങ്ങൾ “ശ്രീ മധുര ” പഞ്ചായത്തിലേക്ക് യാത്ര തിരിച്ചു. 4.30 മണിക്ക് എത്തിയ ഞങ്ങളെ കാണാൻ അവിടെയും നിരവധി ആളുകൾ ഉണ്ടായിരുന്നു. സമാന വിഷയങ്ങൾ തന്നെയാണ് കുറഞ്ഞ സമയങ്ങൾക്കുള്ളിൽ അവരും പങ്കുവെച്ചത്.

അവസാനം എത്തിച്ചേർന്ന മണ്ണുവയൽ ഗ്രാമത്തിൽ നിന്നും വൈകീട്ട് 6 മണിയോടെ സത്യാന്വേഷണയാത്രയ്ക്ക് വിട നൽകി ബസ്സിൽ തിരികെ പുറപ്പെട്ടു.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായ ലേഖകൻ വി. ഫാർമേഴ്സ് ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയാണ്. ഫോൺ:+919495180620

Share
അഭിപ്രായം എഴുതാം