തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 10)

തിരുവനന്തപുരം: ജില്ലയില്‍ ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 10) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നടത്തും.

ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായുള്ള ജില്ലാ അവലോകന സമിതി നടത്തിയ വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് ഇവയെ തെരഞ്ഞെടുത്തത്. മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ്മസേന വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പ്രവര്‍ത്തനം, യൂസര്‍ഫീ ശേഖരണം, ഉറവിടത്തിലും പൊതുസംവിധാനത്തിലും ജൈവമാലിന്യ സംസ്‌കരണ രീതി, അജൈവമാലിന്യങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ബ്ലോക്ക്തലത്തില്‍ ഇതിനായി ഒരുക്കിയിട്ടുള്ള ലിങ്കേജ്, ക്ലീന്‍കേരള കമ്പനിയുടെ ഇടപെടല്‍, പൊതുശുചിമുറി സംവിധാനങ്ങള്‍ പൊതുനിരത്തുകളിലെ മാലിന്യവും മാലിന്യക്കൂമ്പാരവും ഒഴിവാക്കല്‍, ജലാശയങ്ങളുടെ വൃത്തി, ഖരദ്രവമാലിന്യ പരിപാലന നിയമം നടപ്പാക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നടപടി, ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കല്‍ എന്നിവയിലെ മികവാണ് അവലോകന സമിതി പരിശോധിച്ചത്.

ശുചിത്വപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക ചടങ്ങുകള്‍ നടക്കും. ജനപ്രതിനിധികള്‍, ഹരിതകേരളം, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം