ഇവർ ,,,,,,,,, സ്വർഗ്ഗത്തിലെ കുഞ്ഞുമാലാഖമാർ
➖➖➖➖➖➖➖
ആസിഫ നീയറിഞ്ഞോ നമുക്ക് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ട് അങ്ങ് ഭൂമിയിൽ നിന്ന്,, നക്ഷത്ര എന്നാണ് പേര്,, പപ്പിയും വിയാനും ദേവനന്ദയും ഒന്നിച്ച് കളിച്ച് കൊണ്ടിരിക്കുന്ന ആസിഫയോട് ഷഹല ഓടി വന്നു പറഞ്ഞു,, ഇത് കേട്ടതും ആസിഫ ചോദിച്ചു ,, സത്യമാണോ ഷഹല നീ പറയുന്നത് ,, എന്തായിരുന്നു നക്ഷത്രക്ക് പറ്റിയത് ?നമ്മളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് പോലെ മനുഷ്യപറ്റില്ലാത്ത ഏതെങ്കിലും മനുഷ്യമൃഗങ്ങൾ പറഞ്ഞു വിട്ടതാണോ അവളെ ? അതെ ആസിഫ, അവൾ ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ കൊടും ക്രൂരതയ്ക്ക് ബലിയാടായതാണ് അവൾ. നമ്മൾ അഞ്ച് പേരും പോന്നത് പോലെ ഭൂമിയിലെ എല്ലാവരെയും കണ്ണിരിലാഴ്‌ത്തി കൊണ്ടാണ് അവളും വരുന്നത്.

ഇത് കേട്ട് നിന്ന വിയാനും പപ്പിയും ഏറെ സന്തോഷത്തോടെ ചോദിച്ചു, അപ്പോ നമുക്ക് കളിക്കാൻ ഒരാളു കൂടി വരുന്നുണ്ടല്ലേ ? അതെ മോനെ അവൾക്കും ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവില്ലായിരിക്കാം. എന്തായാലും നക്ഷത്ര ഇങ്ങ് എത്താറായി കാണും . ഒരുപാട് സങ്കടപെട്ടായിരിക്കും അവളും വരുന്നത്. നമ്മളെ കാണുമ്പോൾ അവൾക്ക് സന്തോഷമാവും എന്നും പറഞ്ഞ് വിയാനെയും എടുത്ത് ഷഹല നടന്നു. തൊട്ടുപിറകെ തന്നെ പപ്പിയുടെ കയ്യിൽ പിടിച്ച് ആസിഫയും ദേവനന്ദയും ഉണ്ടായിരുന്നു. അവർ അഞ്ച് പേരും നക്ഷത്രയെയും കാത്ത് സ്വർഗ്ഗത്തിന്റെ പടിവാതിലിലിരുന്നു.

അങ്ങ് ദൂരെ നിന്നും മാലാഖമാർക്കിടയിലൂടെ നക്ഷത്ര വരുന്നത് കണ്ട് അവർ അഞ്ച് പേരും ഓടി അവളുടെ അടുത്തെത്തി. അമ്മമാർക്ക് വേണ്ടാത്ത പപ്പിയും വിയാനും ,പാമ്പിൻ വിഷം രക്തത്തിലലിഞ്ഞ് ചേരുമ്പോഴും ചികിത്സ കിട്ടാതെ മടങ്ങേണ്ടി വന്ന ഷഹലയും , നരാധമൻമാർ പിച്ചിചീന്തിയ ആസിഫയെയും ആറ്റിൽ ജീവൻ പൊലിഞ്ഞ് ദുരൂഹതക്ക് നടുവിലൂടെ എത്തിപ്പെട്ട ദേവനന്ദയെയും കണ്ടപ്പോൾ നക്ഷത്ര പൊട്ടികരഞ്ഞു. ഭൂമിയിൽ ബാക്കി വെച്ച ആഗ്രഹങ്ങളൊക്കെ കണ്ണുനീരായി ഒഴുകിയിറങ്ങി.

ഇത് കണ്ട് ഷഹലയും ആസിഫയും അവളെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു, നക്ഷത്ര, നീ ഇനി കരയരുത് ,, ഇനി ഇതാണ് നമ്മുടെ ലോകം,, ഈ സ്വർഗ്ഗലോകത്തിൽ നമ്മൾ സുരക്ഷിതരാണ്. മാത്രമല്ല – പപ്പിക്ക് ഇവിടെ അച്ഛനുള്ളത് പോലെ നക്ഷത്രയ്ക്ക് ഇവിടെ അമ്മയുണ്ടല്ലോ. പക്ഷേ ഞങ്ങൾക്കിവിടെ ആരുമില്ലാതിരുന്നിട്ടും എത്ര സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് നോക്കൂ. ഭൂമിയിലെ നരകത്തെക്കാൾ എന്തുകൊണ്ടും നല്ലത് ആകാശത്തിലെ സ്വർഗ്ഗം തന്നെയാണ്. ദൈവത്തിനും മാലാഖമാർക്കും ഒപ്പം കുഞ്ഞു മാലാഖമാരായി നമുക്കിവിടെ കഴിയാം.

(കേവലം ഒരു ലൈക്കിനും പബ്ലിസിറ്റിക്കും വേണ്ടിയല്ല ഇങ്ങിനെ Post ഇട്ടത്. നക്ഷത്രയ്ക്ക് മുമ്പേ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം നിഷേധിക്കപെട്ട് ഈ ലോകത്തോട് വിട പറഞ്ഞ ഈ നിഷ്കളങ്ക മുഖങ്ങൾ
ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല. ഈ കുഞ്ഞുമക്കളെ നമ്മൾ മറന്നു തുടങ്ങുമ്പോൾ വീണ്ടും ഇതുപോലെ കുരുന്നു ജീവനുകൾ ഇല്ലാതായികൊണ്ടിരിക്കും. അല്ല, മനുഷ്യ രൂപം പൂണ്ട പിശാചുക്കൾ ഇല്ലാതാക്കി കൊണ്ടിരിക്കും. ഒന്നും അറിയാത്ത പിഞ്ചുമക്കളെ ഇനിയും മരണത്തിന്റെ ചുഴിയിലേക്ക് എടുത്തെറിയാൻ അനുവദിക്കരുത്. അതിന് വേണ്ടി ഈ കുഞ്ഞു മുഖങ്ങൾ മറവിയുടെ അകത്തളത്തിലേക്ക് തള്ളിവിടാതെ ഒരുപിടി ഓർമ്മ പൂക്കളായി നമ്മുടെ മുമ്പിൽ എന്നും വിടർന്ന് നിൽക്കണം.)

സ്വന്തം സുഖം തേടി പോവാനോ അല്ലെങ്കിൽ സ്വയം ജീവനൊടുക്കാനോ തുനിഞ്ഞിറങ്ങുന്ന ഓരോരുത്തരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നിങ്ങൾ നിങ്ങളുടെ വഴിയേ പൊയ്ക്കോളൂ. നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ പിഞ്ചുമക്കളെ ഇല്ലായ്മ ചെയ്യരുത്. അവർ ഒരിക്കലും നിങ്ങൾക്ക് ഒരു വിലങ്ങു തടിയാവില്ല. നിങ്ങളില്ലെങ്കിലും അവർ ജീവിക്കും. അവർ ദൈവത്തിന്റെ വരദാനമാണ്. അവരെ സംരക്ഷിക്കാൻ ഈ ഭൂമിയിൽ നന്മയുള്ള കരങ്ങൾ ഒരുപാടുണ്ട്.

ഇനിയും ഇതു പോലുളള കൊടും ക്രൂരത ഈ ഭൂമിയിൽ നടക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. വിടരും മുമ്പെ ചിറകറ്റു വീണ ഈ കൊച്ചു പൂമ്പാറ്റകൾ സ്വർഗത്തിലെ മാലാഖമാരായി പാറി പറക്കട്ടെ.

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →