എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ആകാശദൂരം ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂമിയെ ബഫർസോണാക്കി കൊണ്ടാണ് വിധി. സംരക്ഷിതവനപ്രദേശം എന്നുപറഞ്ഞാൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമാണ്. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ നാലു ഗ്രേഡുകളായി ഇവയെ ക്രമീകരിച്ചിരിക്കുന്നു

500 ചതുരശ്രകിലോമീറ്ററിൽ കൂടുതൽ ഉള്ളവയാണ് എ ഗ്രേഡിൽ വരുന്നത്. ആകെ 73 എണ്ണം. 101389 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. അതായത് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ രണ്ടരയിരട്ടി. മൊത്തം സംരക്ഷിതമേഖലയിൽ 63.44 ശതമാനം ഈ വിഭാഗമാണ്.

ബഫർസോണിൽ മനുഷ്യർക്കില്ല ജീവിതം. ആന കൊന്നയാളുടെ സമീപം ഭാര്യയും നായയും ചിന്നക്കനാലിലെ കാഴ്ച ( ഫയൽ വീഡിയോ)

ബി വിഭാഗം 200നും 500നും ഇടയിൽ വരുന്നവയാണ്. 115 എണ്ണമുണ്ട്. അതായത് 38942 ചതുരശ്രകിലോമീറ്റർ. കേരളത്തിന്റയത്ര വലുപ്പം.

സി വിഭാഗം 100നും 200നും ഇടയിൽ വിസ്തീർണമുള്ളവയാണ്. ആകെ 85 എണ്ണം. വിസ്തീർണ്ണം 12,066 ചതുരശ്ര കിലോമീറ്റർ. മൊത്തം പ്രദേശത്തിന്റെ 7.55 ശതമാനം.

ഡി വിഭാഗം നൂറിൽ താഴെ ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളയാണ്. ആകെ 344 എണ്ണം ഉണ്ട്. മൊത്തം വിസ്തൃതിയുടെ 4.65 ശതമാനം. 7422 ചതുരശ്രകിലോമീറ്റർ.

കേരളത്തിൽ മതികെട്ടാൻ ദേശീയഉദ്യാനം കൂടിച്ചേർത്ത് 24 സംരക്ഷിതപ്രദേശങ്ങൾ ഉണ്ട്. 6 എണ്ണം ദേശീയഉദ്യാനങ്ങളാണ്. ഇതിൽ 22 എണ്ണവും സംരക്ഷിതമേഖലയായി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ അതു സംബന്ധിച്ച അഭ്യർത്ഥന കേന്ദ്രസർക്കാറിന് നൽകിയശേഷം അന്തിമവിജ്ഞാപനം വരുന്നതോടെയാണ് നടപടികൾ പൂർത്തിയാവുക. “കല്പിത സർവ്വകലാശാല” പോലെയാണ് ഇപ്പോഴത്തെ സ്ഥിതി.

ബഫർസോൺ എന്ന റിസർവ്വ് ഫോറസ്റ്റ്

പുറത്തു നടക്കുന്ന പ്രവർത്തനങ്ങൾ സംരക്ഷിതവനത്തെ ബാധിക്കും. അങ്ങനെ ബാധിക്കാതിരിക്കാനായി പുറംലോകത്തിനും വനത്തിനും ഇടയിൽ ഉണ്ടാക്കുന്ന പ്രദേശമാണ് ബഫർസോൺ. പേര് ബഫർസോൺ എന്നും പരിസ്ഥിതിലോല മേഖല(ESZ) എന്നും വിളിക്കുമെങ്കിലും ഇത് റിസർവ്വ് ഫോറസ്റ്റാണ്. 1972-ലെ വന്യജീവി സംരക്ഷമനിയമത്തിലെ 18,26 A, 35 എന്നീ സെക്ഷനുകൾ പ്രകാരമാണ് ബഫർസോൺ സൃഷ്ടിക്കുന്നത്. ഒരിക്കൽ ഈ നിയമം ഒരു പ്രദേശത്ത് ബാധകമാക്കി കഴിഞ്ഞാൽ പിന്നെ ആ പ്രദേശം വനഭൂമിയായി മാറും.

താമസക്കാരുടെ ദുർവിധി. ആരെങ്കിലും പരാതി നൽകിയാൽ ബഫർസോണിന്റെ പരിധി ഒരു കിലോമീറ്ററിൽ അധികമാകുന്നതും പരിഗണിക്കും.

മറ്റ് ആവശ്യങ്ങൾക്ക് ഇത് മാറ്റുവാൻ നിയമം അനുവദിക്കുകയില്ല. സംരക്ഷിതവനത്തിന്റെ ഭാഗമായ ബഫർസോൺ സംരക്ഷിതവനം തന്നെയാണ്. വനം-വന്യജീവി നിയമമല്ലാതെ മറ്റു നിയമങ്ങൾ ആ പ്രദേശത്തിന് ബാധകമല്ല.

ബഫർസോൺ എത്ര ദൂരം വരെ ?

സുപ്രീംകോടതിയുടെ വിധി പ്രകാരം ഇപ്പോൾ ഒരു കിലോമീറ്ററാണ് പരിധി. എന്നാൽ ഒന്നു മുതൽ മുകളിലേക്ക് പത്തു കിലോമീറ്റർ വരെ ബഫർസോണാക്കി മാറ്റുന്നതിന് കോടതിവിധി തടസമല്ല. കാരണം ബഫർസോൺ പത്തു കിലോമീറ്ററാക്കി കൊണ്ട് വനം മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ട്. 27-05-2005-ൽ ഈ വിജ്ഞാപനത്തിൽ മറുപടി അറിയിക്കാൻ സംസ്ഥാനസർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചിരുന്നു. എന്നാൽ മറുപടി കിട്ടിയില്ല. അതുകൊണ്ട് ഭേദഗതികളില്ലാതെ ആ വിജ്ഞാപനം നിലവിൽ വന്നു. ഇതിനെ അടിസ്ഥാനമാക്കി 2006 ഡിസംബർ 4-ന് സുപ്രീംകോടതി ഗോവ ഫൌണ്ടേഷൻ കൊടുത്ത കേസിൽ വിധിയും പറഞ്ഞു. ഗോവയിൽ പത്തു കിലോമീറ്റർ വരെ ബാധകമാക്കാമെന്നായിരുന്നു വിധി. ഇതിനെതിരായി ധാരാളം പരാതികൾ വന്നു. അതിലൊന്നിന്റെ കോടതി നടപടികളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ഒരു കിലോമീറ്റർ കുറഞ്ഞ പരിധി നിശ്ചയിച്ചു വന്നിട്ടുള്ളത്.

രാജസ്ഥാനിലെ കേസിൽ രാജ്യം തൂങ്ങി

രാജസ്ഥാനിലെ ജാമുവാ രാംഗ്രഹ് എന്ന വന്യജീവികേന്ദ്രത്തിനു ചേർന്ന് നടക്കുന്ന മാർബിൾ, ഗ്രാനൈറ്റ് ഖനനവും നിർമാണങ്ങളുമാണ് കേസിനാസ്പദം. ഈ വന്യജീവികേന്ദ്രം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇവിടെ ഖനനത്തിന് ലൈസൻസ് നൽകുകയും ജോലികൾ നടന്നു വരികയുമായിരുന്നു. അകത്തും പുറത്തും ഖനനം എന്നായിരുന്നു സ്ഥിതി. ഖനനക്കാരും സർക്കാരും ഒരു വശത്തും പരിസ്ഥിതിസംഘടനകൾ മറുവശത്തും ആയിട്ടായിരുന്നു കേസ്.

ജാമുവാ രാംഗൃഹ് വൈൽഡ് ലൈഫ് സാഞ്ച്വറി- രാജസ്ഥാനിലെ ഖനനത്തിന്റെ പശ്ചാത്തലത്തിലെ വിധി കേരളത്തിലെ സാഹചര്യമറിയാതെ

വന്യജീവികേന്ദ്രത്തിനുള്ളിലെ ഖനനം എന്നേക്കുമായി നിർത്തിച്ചു. മുമ്പ് ലൈസൻസ് കിട്ടിയവയ്ക്ക് നിയന്ത്രണങ്ങളോടെ അര കിലോമീറ്ററിന് വെളിയിൽ ഖനനം നടത്താൻ അനുവദിച്ചു. ഇനി ലൈസൻസ് കൊടുക്കുകയാണെങ്കിൽ അത് ഒരു കിലോമീറ്ററിന് പുറത്തായിരിക്കണമെന്നും വിധിച്ചു. അതോടൊപ്പം രാജ്യത്തെ മുഴുവൻ വന്യജീവികേന്ദ്രങ്ങൾക്ക് ചുറ്റിലും ഒരു കിലോമീറ്റർ വിസ്തൃതിയിൽ ബഫർസോൺ എന്ന റിസർവ്വ് ഫോറസ്റ്റ് സൃഷ്ടിക്കാനും വിധിയായി.

റിസർവ്വ് ഫോറസ്റ്റാക്കാനുള്ള നടപടികൾ സെപ്തംബർ 3-ന് തീരണം

വേഗത്തിലുള്ള നടപടികളാണ് കോടതി വിധിയിലുള്ളത്. സംസ്ഥാനങ്ങളിലെ മുഖ്യവനപാലകനാണ് നടപടി പൂർത്തിയാക്കേണ്ടത്. മൂന്നു മാസമാണ് സമയം. സമയത്തിന് ജോലി തീർക്കുന്നതിന് മറ്റു ഏജൻസികളേയും സാറ്റലൈറ്റ് ചിത്രങ്ങൾ, ഡ്രോൺ ഉപയോഗിച്ചിട്ടുള്ള വീഡിയോ ചിത്രീകരണം എന്നിവയും പ്രയോജനപ്പെടുത്താൻ കോടതി നിർദേശിക്കുന്നു.

എറണാകുളത്ത് മംഗളവനത്തിന് തൊട്ടടുത്തുള്ള ഹൈക്കോടതിയും ബഫർസോണിൽ.. സെപ്തംബർ 3-ന് മുമ്പ് വനംവകുപ്പ് റിപ്പോർട്ട് ആകും. നഗരവാസികളുടെ സ്ഥിതി എന്തായിരിക്കും?

2022 സെപ്തംബർ 3-ന് മുമ്പായി ബഫർസോൺ നിശ്ചയിച്ചു തീർത്ത് കോടതിയ്ക്ക് റിപ്പോർട്ട് നൽകണം. കേരളത്തിലും ഈ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ബഫർസോൺ ഒരു കിലോമീറ്ററും അല്ല

മൂന്നു മാസത്തിനകം ഒരു കിലോമീറ്റർ വരെയുള്ള ബഫർസോൺ രേഖപ്പെടുത്താനാണ് വിധി. എന്നാൽ അതിനുശേഷം കൂടുതൽ പരിധിയിൽ ബഫർസോൺ വേണമെന്ന് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ സുപ്രീംകോടതി സൃഷ്ടിച്ച CEC എന്ന സംവിധാനത്തെ സമീപിക്കാമെന്നും വിധിച്ചിട്ടുണ്ട്. പത്തുകിലോമീറ്റർ വരെ ആകാമെന്ന വിജ്ഞാപനവും അതനുസരിച്ച് ഗോവ ഫൌണ്ടേഷന്റെ കേസ് പരിഗണിച്ചതും ഈ ആവശ്യത്തെ തുണയ്ക്കും. ബഫർസോൺ തുടങ്ങിയിട്ടേയുള്ളൂ എന്ന് സാരം. കഴിഞ്ഞ കേരളസർക്കാരും ഇതു സംബന്ധിച്ച് നയതീരുമാനം എടുത്ത് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ കേരളത്തിൽ വന്യജീവി കേന്ദ്രങ്ങൾക്ക് ചുറ്റും ബഫർസോൺ ആകാമെന്നായിരുന്നു നയം.

ഫോറസ്റ്റ് വചനങ്ങൾ സങ്കീർത്തനങ്ങളാകുന്ന കാലം

ബഫർസോണിൽ പെടുന്നതോടെ അവിടുത്തെ ജനജീവിതം എങ്ങനെയാകും? ഒറ്റ വാക്കിൽ പറഞ്ഞാൽ വനഭൂമിയിൽ വന്നുപെട്ട പരദേശിയുടേതുപോലെയാകും എന്നു പറയാം. വനംവകുപ്പ് ഉദ്യാഗസ്ഥരുടെ വാക്കുകൾ സങ്കീർത്തനങ്ങളുമായിരിക്കും. കൃഷി, കച്ചവടം, തൊഴിൽ എന്നിങ്ങനെ പലവിധങ്ങളിൽ ജീവിക്കുകയും ജീവിതാന്ത്യം വരെ കഴിയാനുള്ള വകകൾ അവിടെ സമാഹരിക്കുകയും ചെയ്തവരുടെ ജീവിതോപാധികൾ ഒന്നാകെ വനംവകുപ്പിന് കീഴിലായി മാറുകയാണ് നടക്കുക ! മൂന്നു മാസത്തിനപ്പുറം !! പക്ഷെ അതാണ് നടക്കുക എന്ന് അധികം പേർ അറിയുന്നില്ല. അറിഞ്ഞിട്ടും അങ്ങനെ ഉണ്ടാവില്ല എന്ന് സമാശ്വസിക്കുന്നവരുമുണ്ട്. പക്ഷെ സത്യം അതാണ്. വനം-വനജീവി നിയമം ബാധകമാക്കി ഏറ്റെടുത്ത് ബഫർസോണാക്കിയ പ്രദേശത്ത് ഒരു സ്വത്തും ശാശ്വതമല്ല.

താൽക്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്ന വിധിയിലെ പാരഗ്രാഫ്. അതീവശക്തമായ പൊതുതാൽപര്യമുണ്ടെങ്കിൽ ബഫർസോണിന്റെ ദൂരത്തിൽ കുറവ് വരുത്തുന്നത് പരിഗണിക്കാമെന്ന് പറയുന്നു.

വഴിയമ്പലത്തിലെ ഉടമസ്ഥത മാത്രം. സെപ്തംബർ 3 വരെ ഭൂമി റവന്യൂവിന്റെയും കേരള സർക്കാരിന്റേതുമാണ്. അതിനുശേഷം ബഫർസോണായി പ്രഖ്യാപിച്ചാൽ പിന്നെ ഭൂമി കേന്ദ്ര സർക്കാരിനു കീഴിലും അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിലുമാണ്. അതു തിരികെ കിട്ടുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനായിരിക്കും.

താമസക്കാരുടെ ജീവിതം ഉടനെ എന്താകും?

ഉടനെ വരുന്ന മാറ്റങ്ങൾ സുപ്രീംകോടതി കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. അവ താഴെ പറയുന്നു.

നിരോധിക്കപ്പെട്ടവ : ഖനനം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളും തടിമില്ലുകളും വാണിജ്യ ആവശ്യത്തിന് തടി ഉപയോഗിക്കൽ, ജലവൈദ്യുത പദ്ധതികൾ, അപകടസാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ, ബലൂൺ തുടങ്ങിയവ ഉപയോഗിച്ചുള്ള സാഹസിക ടൂറിസം വിനോദങ്ങൾ, ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്ന തരം പ്രവർത്തനങ്ങൾ

നിയന്ത്രണമുള്ളവ : അനുമതിയോടെയുള്ള മരംമുറി, ഹോട്ടലുകൾ, റിസോർട്ടുകൾ, കൃഷിരീതിയിൽ മാറ്റം വരുത്തൽ, വെള്ളത്തിന്റെ വാണിജ്യ ഉപയോഗം, ഇലക്ട്രിക് ലൈൻ ഉണ്ടാക്കൽ, ഹോട്ടൽ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് വേലിയുണ്ടാക്കൽ, പോളീത്തിൻ ഉപയോഗം, റോഡുകളുടെ വീതി കൂട്ടൽ, രാത്രിയിലെ വാഹനസഞ്ചാരം, വിദേശയിനം ചെടികൾ വളർത്തുന്നത്, മലയുടെ ചെരിവും പുഴയുടെ കരയും കെട്ടുന്നത്, പരസ്യപലകകൾ സ്ഥാപിക്കുന്നത്.

ഒരു കിലോമീറ്റർ ആയാൽ പോലും പട്ടണങ്ങളെ മായ്ച്ചുകൊണ്ട് ജനജീവിതം കാടുപിടിക്കും

അനുവദിക്കുന്ന കാര്യങ്ങൾ : നടന്നുകൊണ്ടിരിക്കുന്ന കാർഷികപ്രവർത്തനങ്ങൾ അതേവിധം, മഴവെള്ള ശേഖരണം, ജൈവകൃഷി, സൌരോർജ്ജം പോലുള്ള സ്രോതസുകൾ, പ്രകൃതി സൌഹൃദ സാങ്കേതിക വിദ്യകൾ.

ഇതിൽ അനുവദിക്കുന്ന കാര്യങ്ങൾ അല്ലാതെ ആ രംഗത്ത് മറ്റൊന്നും പറ്റില്ലെന്നും വ്യക്തം. ഉദാഹരണം – മഴവെള്ളം ശേഖരിക്കാമെന്നു പറഞ്ഞാൽ അതിന്റെ ശരിയായ അർഥം മറ്റു വിധത്തിൽ ജലം സംഭരിക്കുന്നത് നിയന്ത്രിക്കപ്പെടുമെന്നാണ്. ജൈവകൃഷി അനുവദിക്കപ്പെടുമെന്ന് പറഞ്ഞാൽ അല്ലാത്ത കൃഷി പറ്റില്ലെന്നു തന്നെ. ചുരുക്കത്തിൽ ‘അനുവദനീയമായ’ നിലയിൽ കാര്യങ്ങൾ ചെയ്തു ജീവിക്കാൻ യോഗാചാര്യന്മാർക്കു പോലുമാവില്ല. വനംവകുപ്പ് മന്ത്രിയും സെക്രട്ടറിയും മുതൽ ഗാർഡുവരെയുള്ളവരിലാരും ഇങ്ങനെ ജീവിക്കുന്നവരല്ല. ജീവിക്കാനും പോകുന്നില്ല. വിധി പറഞ്ഞവരുടെ കാര്യവും ഭിന്നമല്ല. ചുരുക്കത്തിൽ സാധാരണ ജീവിതം സാധ്യമല്ല. ബഫർസോണിൽ ജീവിക്കാനുള്ള അവകാശമില്ല. പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ അവകാശം വനത്തിനും വന്യജീവികൾക്കും മാത്രം.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം