നീലഗിരി ബഫർസോണിലെ ഗതികേടിന്റെ ജീവിതപാഠങ്ങൾ കേരളത്തിലുള്ളവർ പഠിക്കണം

താമരശ്ശേരി ചുരം കയറി കേരള അതിർത്തി പിന്നിട്ട് ഗൂഡല്ലൂർ പട്ടണത്തിൽ നിന്നും കുറച്ചു ദൂരം ചെറുവാഹനത്തിൽ യാത്ര ചെയ്താണ് കാസ് പ്രവർത്തകരോടൊപ്പം ഞാൻ ഓവാലി എന്ന ഗ്രാമപ്രദേശത്ത് എത്തിയത്.

യാത്രയിലുടനീളം ഗ്രാമപാദ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത വിധം താറുമാറായി കിടക്കുന്നത് കാണാമായിരുന്നു. വളവു തിരിഞ്ഞ് കുത്തനെയുള്ള കയറ്റം കയറി KKASS പ്രവർത്തകരോടൊപ്പം ഞാൻ കയറിയ വാഹനം മുന്നോട്ട് പോകുമ്പോൾ പ്രേത കഥകളെ ഓർമ്മിപ്പിക്കുന്ന വിധം റോഡിന്റെ വലതുഭാഗത്തായി കാടുമൂടി ഇടിഞ്ഞുപൊളിഞ്ഞ് ഭീതിപ്പെടുത്തുന്ന നൂറുകണക്കിന് പഴയ രീതിയിൽ ഉള്ള ശവകുടിരങ്ങൾ കാണാമായിരുന്നു. വല്ലപ്പോഴും മാത്രം ആളുകളെ കാണുന്ന ഇവിടെ ഇത്രയധികം കല്ലറകൾ എങ്ങനെയാണ് വന്നത്? സംശയങ്ങൾ മനസ്സിൽത്തന്നെ നിർത്തി ഞാൻ യാത്ര തുടർന്നു.

യാത്രാസംഘം ഗൂഡല്ലൂരിൽ

വലിയ കെട്ടിടങ്ങളോ, അടുത്ത കാലഘട്ടങ്ങളിൽ നിർമാണ പ്രവൃത്തികൾ ഒന്നും തന്നെ നടന്നിട്ടില്ലാത്ത ഒരു സ്ഥലത്താണ് ഞങ്ങളുടെ യാത്ര അവസാനിച്ചത്.
ഗ്രാമവാസികളെ നേരിൽ കണ്ട് ബഫർസോൺ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും, ഗ്രാമവാസികൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയുമായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം.

വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്ക് ഇവിടെ എല്ലാമുണ്ടായിരുന്നു.നല്ല റോഡ്, കാർഷികവിളകൾ നിറഞ്ഞ ഭൂമി, സിനിമ തിയേറ്റർ, ബാങ്ക് അടക്കമുള്ളതെല്ലാം. എന്നാൽ ഇന്ന് ഞങ്ങൾക്ക് ഇവയൊന്നും സ്വന്തമായില്ല. ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയോ, പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയാതെ നശിച്ചു പോവുകയോ ചെയ്തു.

വീട്, കെട്ടിടം, കിണർ മറ്റ് നിർമ്മാണ പ്രവർത്തികൾക്ക്, കംപ്രസ്സർ, ജെസിബി പോലുള്ള യാതൊരു യന്ത്രസാമഗ്രികളും ഈ പ്രദേശത്ത് ഉപയോഗിക്കാൻ പാടില്ല. പുതിയ വീട് നിർമ്മിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഏതെങ്കിലും രീതിയിൽ മനുഷ്യാധ്വാനം കൊണ്ട് വീട് രൂപത്തിലുള്ള ഒരു കെട്ടിടം ഉണ്ടാക്കിയാൽ പോലും അതിന് ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കാത്ത ഗുരുതരമായ സ്ഥിതി ഇവിടെ നിലനിൽക്കുന്നുവെന്നും, തങ്ങൾക്ക് കൃഷി ഭൂമി ഉണ്ടെങ്കിലും നികുതി സ്വീകരിക്കുന്നില്ല, കൃഷി ഭൂമിക്ക് ലോൺ ലെഭിക്കാത്ത ഗുരുതരമായ സ്ഥിതി യാണെന്ന് നിലനിൽക്കുന്നതെന്ന് ഗ്രാമത്തിൽ വർഷങ്ങളായി താമസിക്കുന്നയാൾ പറഞ്ഞുനിർത്തി….

റോഡ് തകർന്ന്‌ കിടക്കുന്നത് ഗ്രാമവാസിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഇവിടെ റോഡ് ഉൾപ്പെടെയുള്ള യാതൊരു നിർമ്മാണ പ്രവർത്തികളും നടക്കുന്നില്ലെന്നും, മൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും കിട്ടാതെ വർഷങ്ങൾ കഠിനാധ്വാനം ചെയ്ത് സ്വന്തമാക്കിയതൊക്കെ ഭരണകൂടങ്ങൾ കവർന്നെടുത്ത ശേഷം, ദാരിദ്ര്യം നിറഞ്ഞ ദുരിതപൂർണമായ ജീവിതത്തിലേക്ക് തള്ളിവിട്ട ജനസമൂഹം ഇന്നും അവിടെ കഴിഞ്ഞുകൂടുന്നതായി അദ്ദേഹം പറഞ്ഞു നിർത്തി…

“ബഫർസോൺ കോഴിക്കോട് അടക്കമുള്ള കേരളത്തിലെ മലയോരമേഖലകളിൽ
അതിവേഗത്തിൽ ആവും നാശം വിതയ്ക്കാൻ പോകുന്നത് എന്നതിൽ തർക്കമുണ്ടാവില്ല. ഓവാലിയുടെ സമീപപ്രദേശങ്ങളിൽ തേയില പോലെയുള്ള കൃഷി ചെയ്യിക്കുന്ന കൃഷിഭൂമിയെ അപേക്ഷിച്ച്, കോഴിക്കോട് പോലുള്ള മലയോരമേഖലകളിൽ തെങ്ങ്, കമുക്, റബ്ബർ, കുരുമുളക് പോലുള്ള കൃഷികൾ ആണ് ചെയ്തുവരുന്നത്. ഇത്തരം കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നോ രണ്ടോ വർഷം കൃഷിഭൂമിയിലെ കാട് വെട്ടിത്തെളിക്കാതിരുന്നാൽ വളരെ പെട്ടെന്ന് കാടുമൂടി ഭൂമി കൃഷിയോഗ്യമല്ലാതായി മാറുകയും, പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പെറ്റുപെരുകുന്നതോടുകൂടി കൃഷി പാടെ ഉപേക്ഷിക്കാൻ ഇടയാക്കുകയും, കൃഷിഭൂമിയിൽ നിന്ന് കർഷകർക്ക് ഒരു വരുമാനവും ലഭിക്കാതെ വരുന്നത്തോടെ പൂർവ്വ പിതാക്കന്മാർ വിയർപ്പുകൊണ്ട് പൊന്നു വിളയിച്ച കൃഷിഭൂമി ഉപേക്ഷിച്ച് മറ്റു സ്ഥലത്തേക്ക് നമ്മൾ കുടിയേറേണ്ടിവരും. എന്നാൽ വർത്തമാനകാലത്ത് മറ്റൊരു കുടിയേറ്റത്തിന് സാധ്യത ഇല്ലെന്നിരിക്കെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ നമ്മളോരോരുത്തരും എത്തിപ്പെട്ടേക്കാം.. ഇതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുവാൻ കഴിയുമോ” എന്ന് ഗൂഡല്ലൂർ ഗ്രാമവാസിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി പ്രതീക്ഷ നൽകുന്നതാണ്. അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു

“നിങ്ങൾ എല്ലാവരും ഒന്നിച്ചു നിന്ന് ഈ നിയമത്തെ ഒറ്റക്കെട്ടായി നേരിടുക”

ഉദാഹരണമായി ആന ആക്രമിച്ചു കൊലപ്പെടുത്തുന്ന ഗ്രാമവാസികൾക്ക് സമരത്തിലൂടെയും,പോരാട്ടങ്ങളിലൂടെയും ഇന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവജനങ്ങൾ… ജീവിതാവസനത്തിൽ തിരികെ വരാൻ ഒരു നാടും നാട്ടുകാരും ഇല്ലാതാവുന്ന ഗൾഫ് മലയാളികൾ.
ഓവാലി ഗ്രാമത്തോട് യാത്ര പറഞ്ഞ് തിരിച്ചുപോരുമ്പോൾ ഗ്രാമവാസികളുടെ പുഞ്ചിരിക്കാത്ത മുഖത്ത് കണ്ട നിഗൂഢമായ മൗനത്തിനു കാരണം ഞങ്ങൾക്കും മനസ്സിലായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനസമൂഹത്തിന്റെ നിശബ്ദതയുടെ തേങ്ങൽ

നമുക്കും,അവർക്കുമായി നമുക്ക് ഒരുമിച്ച് പോരാടാം…
നല്ല നാളെക്കായി..

കേരള കർഷക അതിജീവന സംയുക്ത സമിതിയുടേയും വി ഫാർമേഴ്സ് ഫൗണ്ടേഷന്റേയും പ്രവർത്തകനാണ് ലേഖകൻ. ഫോൺ നമ്പർ: 9544141818

Share
അഭിപ്രായം എഴുതാം