വിദ്യാഭ്യാസ വാർത്തകൾ (25/08/2023)

അടുത്തഘട്ട അലോട്ട്മെന്‍റിന് പുതിയതായി ഓപ്ഷൻ നൽകണം.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്‍റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സെപ്റ്റംബർ 20ന് രാവിലെ 11 മുതൽ ഉച്ച ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം kscsa.org യിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. തിരുവനന്തപുരം – 8281098863, 8281098862, 8281098861, 0471-2313065, 2311654. ആലുവ – 8281098873.

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് സെപ്റ്റംബർ രണ്ടിന്

2023-24 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളെജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും കോളെജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 25 മുതൽ ഓഗസ്റ്റ് 30, അഞ്ചു മണി വരെ നൽകാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്‌മെന്‍റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്‌മെന്‍റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. അടുത്തഘട്ട അലോട്ട്മെന്‍റിന് പുതിയതായി ഓപ്ഷൻ നൽകണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 0471 2560363,64 നമ്പറുകളിൽ ലഭ്യമാകും.

വെറ്റ്‌ലാന്‍റ് അനലിസ്റ്റ്, പ്രൊജക്റ്റ് സയന്‍റിസ്റ്റ് ഒഴിവുകൾ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർതട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർതടങ്ങളുടെ കർമ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്‍റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കായും രണ്ട് വെറ്റ്‌ലാൻഡ് അനലിസ്റ്റ് തസ്തികകളിലേക്കും ഒരു പ്രൊജക്റ്റ് സയന്‍റിസ്റ്റ് തസ്തിയിലേക്കും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും സെപ്റ്റംബർ 15 വൈകുന്നേരം 5 ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർതട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും swak.kerala@gmail.com എന്ന ഇ-മെയിലിലും നൽകണം. രണ്ട് തസ്തകകളിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം. ഒരു അപേക്ഷയിൽ രണ്ട് തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല.

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ/ടേംസ് ഓഫ് റഫറൻസ്, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in, www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

Share
അഭിപ്രായം എഴുതാം