കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുന്നവരെയും ആ വാർത്ത വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു. ഒരു കാര്യം സത്യം ആണെന്ന് സ്ഥാപിക്കാൻ പത്രത്തിൽ ഉണ്ട് , ടിവിയിൽ ഉണ്ട് എന്ന് പറഞ്ഞ് ശീലിച്ചവർ അവയുടെ വിശ്വാസ്യതയെ ഓർത്ത് നിരാശരായിരിക്കുന്നു.

മാധ്യമപ്രവർത്തകരോട് ജനത്തിന് വല്ലാത്തൊരു മതിപ്പാണ്. അവർ എഴുതുന്നതും അവരുടെ പേരും നിരന്തരം അച്ചടിച്ചുവരുന്നു. അവരുടെ ദൃശ്യങ്ങളും വാഗ്വിലാസങ്ങളും വീടുകളിലേക്ക് ഒഴുകിയെത്തുന്നു. അവർ അത്യുന്നതരുമായി നിരന്തരം സംവദിക്കുന്നു. മാധ്യമ പ്രവർത്തകർ ഏറെ ആദരിക്കപ്പെടേണ്ടവർ തന്നെ.
സ്വന്തം നാട്ടിൽ നിന്നും ഒരു മാധ്യമപ്രവർത്തകൻ ഉണ്ടെങ്കിൽ അത് ആ നാടിൻറെ അഭിമാനമായ ജനം കാണുന്നത്. എന്നാൽ ഹൈറേഞ്ച് മേഖലയിൽ ഉള്ള ചില അഭിമാന ഭാജനങ്ങൾക്ക് ഈ നാടിൻറെ കാതലായ പ്രശ്നങ്ങളിൽ വലിയ താൽപര്യമൊന്നും ഇല്ലാത്ത മട്ടാണ്. എന്നുവച്ചാൽ അവർ കാർഷിക വിഷയങ്ങളിൽ തൂലിക പടവാളാക്കുന്നില്ല എന്നല്ല – കാപ്പി കുരുവിന് വിലയില്ല , കുരുമുളക് കൃഷി പ്രതിസന്ധിയിൽ , ഏലത്തിന് തണ്ടുതുരപ്പൻ ശല്യം കൂടുന്നു ഇങ്ങനെയുള്ള കാർഷിക പ്രശ്നങ്ങൾ പ്രാദേശിക വാർത്തകളിൽ കുത്തിനിറയ്ക്കുന്നുണ്ട് .

എന്നാൽ കർഷകരുടെ മൗലിക പ്രശ്നങ്ങൾ വാർത്താമാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നില്ല. കർഷകർക്ക് അർഹമായ അവരുടെ പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം ഉയരുമ്പോൾ മാധ്യമ ചർച്ച കയ്യേറ്റത്തെ കുറിച്ചും ഭൂമാഫിയയെ കുറിച്ചും ആകും. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അവകാശം ലഭിക്കണമെന്ന ആവശ്യം ഉയരുമ്പോൾ വനനശീകരണത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ആയിരിക്കും മാധ്യമങ്ങളുടെ ചർച്ച. ഈ നാടിൻറെ ആകൃതി യോടും പ്രകൃതിയോടും ഇഴപിരിയാത്ത വിധം വളർന്നു വന്ന ചില മാധ്യമ പ്രവർത്തകർക്ക് വന്ന വഴി അറിയാതെ പോവുകയാണോ ജീവിച്ച സാഹചര്യങ്ങൾ മറന്നു പോവുകയാണോ അതോ അവർ ഞാൻ വേറെ ലെവൽ ആണെന്ന് വരുത്തി തീർക്കുകയാണോ ചെയ്യുന്നത് എന്ന് അറിയില്ല.

മനുഷ്യനെ കാട്ടാന ആക്രമിച്ച് ദാരുണമായി കൊല്ലുന്നതിനേക്കാൾ വാർത്താപ്രാധാന്യം ആളുകൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾക്കു ലഭിക്കുന്നു. ഹൈറേഞ്ചിലെ ചില കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ അഴിഞ്ഞാട്ടം ഉണ്ടാകുമ്പോൾ ഇല്ലാത്ത വാർത്താപ്രാധാന്യം ആ വന്യമൃഗങ്ങളെ ജനങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് പുറത്താക്കുമ്പോൾ ഉണ്ടാകുന്നു.മുമ്പത്തേക്കാളും വന്യമൃഗങ്ങളുടെ മനുഷ്യവാസങ്ങളിലേക്കുള്ള കടന്നുകയറ്റം വർദ്ധിച്ചിരിക്കുന്നു. ഇത് വന്യജീവികളുടെ നാട്ടു വാസി ആകണം എന്നുള്ള മോഹം കൊണ്ട് ഉണ്ടാകുന്നതല്ല. പട്ടിണി കിടന്ന് മടുക്കുന്നതുകൊണ്ടാണ്. കാടിൻറെ ആവാസ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊന്നും കൊല്ലപ്പെട്ടു സന്തുലിതാവസ്ഥ നിലനിൽക്കുന്നതിനാലാണ്. അനിയന്ത്രിതമായ പെരുകൽ സമാന ഭക്ഷണരീതിയുള്ള ജന്തുവർഗങ്ങൾക്കിടയിൽ ഭക്ഷണ ദൗർലഭ്യം ഉണ്ടാക്കും. അവയെ സംരക്ഷിക്കുന്നതിന് ചുമതലക്കാരനായ വനപാലകർ ആണ് ഭക്ഷണം തേടി വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനും അപകടത്തിൽപ്പെടുന്നത് ഉത്തരവാദികൾ. എങ്കിലും കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളെയും കർഷകരെയും ആക്രമിച്ച് അവരെ നാടുകടത്തിയാൽ അവിടെ ഇത്തിരി കാടു വളർത്താം എന്നതാണ് വനപാലകരുടെ അജണ്ട.

എത്രമാത്രം വനപ്രദേശം ഇവരുടെ കൈവശം ഉണ്ടോ അത്രമാത്രം അവരുടെ അധികാരപരിധിയും വർധിക്കും.
ഇത്തരം കാര്യങ്ങളൊന്നും പലപ്പോഴും നമ്മുടെ മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്ന ഇല്ല എന്നത് സംശയകരമാണ്. ചില മാധ്യമപ്രവർത്തകരെ എങ്കിലും വനംവകുപ്പ് വച്ചുനീട്ടുന്ന ചില സൗകര്യങ്ങൾ നന്ദിപൂർവ്വം സ്വീകരിച്ച് വനപാലകരുടെ കാഴ്ചപ്പാടിലെ വാർത്തകൾ മാത്രം കൊടുക്കുന്നുണ്ട്.സർക്കാർ സാറുമാരുമായുള്ള ചങ്ങാത്തം വളരെ അഭിമാനപുരസ്കരം കൊണ്ടുനടക്കുന്ന ചില മാധ്യമപ്രവർത്തകർ എങ്കിലും ഉണ്ട്. ആ സാറുമാർക്ക് ആവശ്യമായ രീതിയിൽ പേന തള്ളാനാണ് അവർക്ക് താല്പര്യം.

കർഷകരും വനം വകുപ്പുമായി ഉണ്ടാകുന്ന തർക്കങ്ങളിൽ വനംവകുപ്പിന്റെ വിശദീകരണം കൊടുക്കാനാണ് മാധ്യമപ്രവർത്തകർ താൽപര്യം കാണിക്കുന്നത്. അസംഘടിതനും അധികാര കേന്ദ്രങ്ങൾക്കു മുൻപിൽ മൂക്കിൽ വിരലിട്ട് നിൽക്കേണ്ടവനുമായ കർഷകരോട് മറ്റൊരു അധികാരിയുടെ ധാർഷ്ട്യത്തോടെയാണ് മാധ്യമപ്രവർത്തകരെ സമീപനം. ഹൈറേഞ്ച് കളിലെ റവന്യൂ ഭൂമിയിലെ വലിയ കയ്യേറ്റകാരൻ ഇപ്പോൾ വനംവകുപ്പാണ്. വന വിസ്തൃതി കൂടുന്നത് നല്ലതുതന്നെ. പക്ഷെ അത് മനുഷ്യനു തലചായ്ക്കാൻ ഉള്ള ഇടം തട്ടിയെടുത്തു കൊണ്ടാവരുത് . സ്ഥലവും വീടും ഇല്ലാത്ത നിർധനരായ പതിനായിരക്കണക്കിനു ജനങ്ങൾ ഇവിടെയുണ്ട്. റവന്യൂ വകുപ്പിൻെറ കൈവശമുള്ള ഭൂമിയിൽ നിന്നാണ് അത് പരിഹരിക്കപ്പെടേണ്ടത്. അത്തരം റവന്യൂ ഭൂമിക്കുമേൽ വനംവകുപ്പിനെ നിരന്തരമായുള്ള പൊള്ളയായ അവകാശവാദങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമപ്രവർത്തകരും.വാർത്തകൾ നൽകുന്നത് മാത്രമല്ല വസ്തുതകൾ തുറന്നുകാട്ടുന്നത് മാധ്യമ കർമ്മത്തിൽ വരുന്ന കാര്യമാണ്. ഈ പ്രദേശങ്ങളിൽ ജനിച്ചുവളർന്ന ഇവിടുത്തെ സാഹചര്യങ്ങൾ വളരെ നന്നായി അറിയുന്ന ഈ നാടിൻറെ മാധ്യമപ്രവർത്തകർക്ക് പോലും ഞാൻ ഈ നാട്ടുകാരനല്ല എന്ന് ഭാവിക്കുന്നത് വേദനാജനകമാണ്.

ജനയുഗം ഇടുക്കി ജില്ലാ റിപ്പോർട്ടറായിരുന്ന ലേഖകൻ നാടക-സാംസ്കാരിക മേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു
ഫോൺ: 9495506474

Share
അഭിപ്രായം എഴുതാം