നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട

പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം കാൽപ്പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രൻ, കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു സഹപ്രവര്‍ത്തകരടക്കം വിശ്വസിച്ചതെങ്കിലും, ആകസ്മികമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തു.

സിപിഐക്കും ഇടതുമുന്നണിക്കും കമ്യൂണിസ്റ്റ് ചേരിക്കും ശക്തനായ നേതാവിനെയാണ് നഷ്ടമായത്. ഒരു കാലത്ത് പാര്‍ട്ടി യുവാക്കൾക്കിടയിൽ സ്വാധീനം ശക്തിപ്പെടുത്താനായി ചുമതലപ്പെടുത്തിയ കാനം പിന്നീട് മൂന്ന് വട്ടം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി വളര്‍ന്നു.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ 1950 നവംബർ 10-നായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തിൽ തന്നെ കാനം എത്തി. സിപിഐയുടെ യുവജന പ്രസ്ഥാനമായിരുന്ന എഐവൈഎഫിലൂടെയായിരുന്നു കാനം രാജേന്ദ്രൻ രാഷ്ട്രീയത്തിലിറങ്ങിയത്.

സിപിഐയുടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഒപ്പം 21ാം വയസിൽ സംസ്ഥാന കൗൺസിലിലേക്ക് അദ്ദേഹം എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 28ാം വയസിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും അദ്ദേഹം മാറി. യുവജന സംഘടനാ രംഗത്ത് എബി ബര്‍ദനൊപ്പം ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പ്രവര്‍ത്തിച്ചിരുന്നു.

പാര്‍ട്ടിയുടെ യുവനിരയിൽ പ്രധാനിയായിരുന്ന കാനം രാജേന്ദ്രൻ 32ാം വയസിൽ വാഴൂര്‍ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 1987 ലും വാഴൂര്‍ മണ്ഡലത്തിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പക്ഷെ, പിന്നീടുള്ള രണ്ട് വട്ടം വാഴൂരിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങി വന്നില്ല. രാഷ്ട്രീയത്തിൽ സജീവമായ കാനം രാജേന്ദ്രൻ ട്രേഡ് യൂണിയൻ രംഗത്താണ് പ്രവര്‍ത്തിച്ചത്.

എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് കാനം രാജേന്ദ്രന്റെ ഭാര്യ. സ്‌മിത, സന്ദീപ് എന്നിവര്‍ മക്കളാണ്.


നഷ്ടമായത് സിപിഐയുടെ കരുത്തും സൗമ്യതയും
പോരാട്ട വീര്യം കൂടെപ്പിറപ്പായിരുന്ന അദ്ദേഹത്തിന്‍റെ പക്വമായ സമീപനങ്ങൾ കൊണ്ട് തന്നെ പാർട്ടി പ്രവർത്തകരുടെ മനസിൽ എന്നും കൂടെപ്പിറപ്പായി കാനം

കോട്ടയം: കാനം എന്ന സ്ഥലനാമത്തിൽ അറിയപ്പെട്ട സിപിഐയുടെ മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്‍റെ വിയോഗത്തിൽ സിപിഐക്ക് നഷ്ടപ്പെട്ടത് കരുത്തും സൗമ്യതയും ഒരേപോലെ നിയന്ത്രിച്ചിരുന്ന നേതാവിനെ. കരുത്തോടെ പാർട്ടിയെ കൂടെ നിർത്തുമ്പോഴും വിനയവും സൗമ്യതയും കാനത്തിന്റെ സവിശേഷതയായിരുന്നു. നിലപാടുകളിലെ കാർക്കശ്യവും വാക്കുകളിലെ മിതത്വവുമാണ് കാനത്തെ വത്യസ്തനായ നേതാവാക്കിയത്.

ഇടതുപാളയത്തിലെ തിരുത്തൽ ശക്തി, എന്തിനും മുന്നിൽ നിൽക്കുന്ന കരുത്തനായ നേതാവ്, സൗമ്യമായ പെരുമാറ്റം, കാര്യങ്ങൾ പഠിച്ചശേഷം മാത്രം പ്രതികരിക്കും. പ്രതികരിക്കുമ്പോഴും വാക്കുകളിൽ മിതത്വം പാലിക്കാൻ പരമാവധി ശ്രമിക്കും. തന്‍റെ നിലപാടുകളിൽ വ്യക്തതയും കൃത്യതയുമായിരുന്നു കാനത്തിന്‍റെ മുഖമുദ്ര. പലപ്പോഴും സിപിഐ, സിപിഎമ്മുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴും കാനം പക്വതയോടെയും സമചിത്തതയോടെയുമാണ് തന്‍റെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചത്. ആരുടെയും മുഖം നോക്കാതെ അഭിപ്രായ പ്രകടനം നടത്തുമ്പോഴും ആരേയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു വാക്കുപോലും കാനം രാജേന്ദ്രൻ എന്ന നേതാവിൽ നിന്നും ഉണ്ടായിട്ടില്ല.

പല കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ തുടർന്നാണ് കാനം സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയതെങ്കിലും പിന്നീട് പാർട്ടിയെ തന്‍റെ വരുതിയിലേക്ക് കൊണ്ടുവരാൻ കാനത്തിനായി.

പോരാട്ട വീര്യം കൂടെപ്പിറപ്പായിരുന്ന അദ്ദേഹത്തിന്‍റെ പക്വമായ സമീപനങ്ങൾ കൊണ്ട് തന്നെ പാർട്ടി പ്രവർത്തകരുടെ മനസിൽ എന്നും കൂടെപ്പിറപ്പായി കാനം. എൻ.ഇ ബലറാമിനും പി.കെ വാസുദേവൻ നായർക്കും ശേഷം 3-ാം തവണയും സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം തെരഞ്ഞെടുക്കപ്പെട്ടതിനുള്ള പ്രധാന കാരണവും നേതൃഗുണങ്ങളിലുള്ള ഈ സവിശേഷതകളായിരുന്നു. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണ കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് 2022 ഒക്റ്റോബറിലാണ്. ചികിത്സാ ആവശ്യങ്ങൾക്കായി 3 മാസത്തെ അവധിക്ക് അപേക്ഷിച്ച് കാനം ദേശീയ നേതൃത്വത്തിന് കത്ത് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തെ മരണം കൊണ്ടുപോയത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന പ്രശസ്ത നാടകത്തിന്‍റെ രചയിതാവ് തോപ്പിൽ ഭാസിയുടെ വിയോഗ ദിനത്തിൽ തന്നെയാണ് കാനം രാജേന്ദ്രനും വിടവാങ്ങിയത്

Share
അഭിപ്രായം എഴുതാം