പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിട്ടുണ്ട്. എന്നിട്ടും അവിടുത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് ഒരു നഷ്ടവും ഇല്ല. ഇവിടെ കേരളത്തിൽ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് പൈസ എടുത്തിട്ടും കോർപ്പറേഷനുകൾ എല്ലാം നഷ്ടത്തിലാണ്. എന്നിട്ട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും പെരുമാറ്റമോ…. അവർക്ക് പൊതുജനങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങുകയും വേണം അവരെ തെറി പറയുകയും വേണം.

ഒരു ടിക്കറ്റിനായി കീറിയ 20 നോട്ട് കൊടുത്തതിന്റെ പേരിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയെ നട്ടുച്ചയ്ക്ക് ഇറക്കിവിടാൻ മാത്രം മനസ്സാക്ഷിയില്ലാത്ത പെരുമാറ്റങ്ങളാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 20/03/22, ഉച്ചയ്ക്ക് 12.30 ക്ക് പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് തിരുവനന്തപുരത്ത് ആക്കുളം എം ജി എം സ്ക്കൂൾ വിദ്യാർഥിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതുപോലെ എത്രയെത്ര പ്രശ്നങ്ങൾ! സൂര്യാഘാതം മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. മുതിർന്നവർ പോലും വെളിയിൽ ഇറങ്ങാത്ത ഈ വെയിലത്ത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിയെ ഇറക്കിവിടാൻ മാത്രം എത്ര ക്രൂരയാണ് ആ വനിത കണ്ടക്ടർ. സ്വന്തം കുട്ടിയെ ഇങ്ങനെ ഇറക്കി വിടുമോ?

ഈ പ്രശ്നത്തിനെതിരെ ഒരൊറ്റ യൂണിയൻ നേതാവ് പോലും ഇതുവരെ വാ തുറന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ രസം. അവർക്ക് ജനങ്ങളെ കൊള്ളയടിക്കുവാനും തൊഴിലാളികളുടെ അവകാശങ്ങൾ വാങ്ങിക്കൊടുക്കാനും അല്ലേ അറിയൂ….

സ്കൂൾ കുട്ടിയുടെ കൺസഷൻ കാർഡ് പുതുക്കാൻ ചെന്ന പിതാവിനെ കോർപ്പറേഷന്റെ ഡിപ്പോയിൽ ഇട്ട് ജീവനക്കാർ തല്ലിയപ്പോളേ പ്രതികരിക്കേണ്ടത് ആയിരുന്നു… തുറന്നു പറയുവാനുള്ളത് അപ്പോൾ തന്നെ പറയണം. ഇവിടെ…ഒരു വിദ്യാർത്ഥിയെ ഒരു ഉത്തരവാദിത്വമില്ലാതെ ഇറക്കിവിട്ട വനിതാ കണ്ടക്ടറെ പിരിച്ചുവിട്ടു നടപടിയെടുക്കണമായിരുന്നു. കുട്ടിയെ ബസ്സിൽനിന്ന് ഇറക്കിവിട്ടപ്പോൾ കൃത്യസമയത്ത് അത് കണ്ടുകൊണ്ടിരുന്ന യാത്രക്കാരോ മറ്റു ജനങ്ങളോ പോലും പ്രതികരിക്കാൻ തയ്യാറായില്ല.പ്രതികരിക്കാതിരിക്കുന്നതുതോറും ഇതുപോലെ മനസ്സാക്ഷി എന്നത് തൊട്ടുതീണ്ടാത്ത ജീവനക്കാർ ഇനിയും ഉണ്ടാകും.
ഒരു വിഷയം വന്നാൽ ഒറ്റകെട്ടായി നിൽക്കാൻ അവർക്ക് അവരുടെ യൂണിയൻ ഉണ്ട്…പൊതുജനങ്ങൾക്ക് അതില്ല… കാരണം ജനം എന്നത് ഒരു സങ്കൽപ്പവും യൂണിയൻ എന്നത് യാഥാർഥ്യവും ആണ്….

Share
അഭിപ്രായം എഴുതാം