കാര്‍ബണ്‍ ഫണ്ട് തേക്കടിയിലെത്തി. 800 ഹെക്ടർ വനം 50 കൊല്ലത്തേക്ക് യൂറോപ്യൻ എണ്ണക്കമ്പനിക്ക്

ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട് വാങ്ങി വനം സംരക്ഷിക്കാന്‍ എന്ന പേരില്‍ വിദേശ കമ്പനിയെ കുടിയിരുത്തുന്ന തിരക്കിലാണ് വനം വകുപ്പ്.

മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ പാവകളേയോ പാവങ്ങളേയോപോലെ നോക്കിയിരിക്കെയാണ് സൂപ്പര്‍ ക്യാബിനറ്റ് ചമഞ്ഞ് വനം വകുപ്പ് മേധാവികള്‍ നീങ്ങുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിനോട് ചേര്‍ന്ന് ഗവിയിലെ വനം വികസന കോര്‍പ്പറേഷന്റെ ഭൂമിയാണ് ലണ്ടനും ആംസ്റ്റര്‍ഡാമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണക്കമ്പനിക്ക് സംരക്ഷണത്തിന് നല്‍കാനുള്ള പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്നത്.

യൂറോപ്യൻ എണ്ണക്കമ്പനിയുടെ വിസർജ്യം ഏറ്റുവാങ്ങാൻ കേരളത്തിന്റെ നിത്യഹരിത കന്യാവനങ്ങളെ വിട്ടുകൊടുത്ത് നയരൂപീകരണക്കാർ

എണ്ണക്കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ഇവിടെ വന പരിപാലനം നടത്തുമെന്നാണ് പദ്ധതിയില്‍ പറയുന്നത്.

എന്നാല്‍ കാര്‍ബണ്‍ ഫണ്ടിന്റെ കരിഞ്ചന്തയും തട്ടിപ്പിനും കേരളത്തിന്റെ വനപ്രദേശത്തെ വിനിയോഗിക്കുന്നതാണെന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടികള്‍ക്കും മനസ്സിലായിട്ടുണ്ടോ? വികസന പരിപാടിയും വലിയ കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുള്ള ഫണ്ടിന്റെ വിനിയോഗവുമാണെന്ന് തട്ടിവിട്ട് കഥയറിയാതെ മാധ്യമങ്ങള്‍കണ്ണടയ്ക്കുകയാണോ?

ബഹുരാഷ്ട്ര ഭീമന് വേണ്ടി തേക്കടി വനം വിട്ടുനല്‍കാന്‍ പദ്ധതി

ആഗോളതാപനത്തിനിടയാക്കുന്ന വ്യവസായമാണ് എണ്ണക്കമ്പനിയുടേത്. ആഗോളതാപനത്തെ തുടര്‍ന്ന് ഏറ്റവും ആദ്യം കടലിനടിയിലാകാന്‍ പോകുന്ന പ്രദേശങ്ങള്‍ കൂടുതല്‍ ഉള്ള രാജ്യമാണ് നെതര്‍ലാന്റ്. അവിടെ കാര്‍ബണ്‍ നികുതിയും നിയമങ്ങളും കര്‍ക്കശമാണ്. എണ്ണക്കമ്പനിയുടെ വ്യവസായം മൂലം സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് അവര്‍ തന്നെ വലിച്ചെടുത്ത് ഇല്ലാതാക്കുകയോ അത്തരം ജോലി എവിടെയെങ്കിലും ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയോ വേണം. അല്ലെങ്കില്‍ അതിലുമേറെ വരുന്ന തുക നികുതിയായി കൊടുക്കണം. ശതകോടികളുടെ ബാധ്യതയാണ് കമ്പനിക്ക് ഇതുമൂലം ഉണ്ടാവുക. കമ്പനിയുടെ വലുപ്പം തന്നെ ഇതിനു തെളിവ്. 2610000000 ഡോളറാണ് 2021-ലെ വിറ്റുവരവ്. അതിന്റെ മൂന്നിരട്ടി ആസ്തിയുണ്ട്.
ഇതൊഴിവാക്കുവാന്‍ വനംവകുപ്പിനെ കയ്യിലെടുത്ത് കാര്‍ബണ്‍ ഫണ്ടിന്റെ ക്രയവിക്രയം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് സി.എസ് ആര്‍ ഫണ്ടാണെന്ന കഥയാണ് പ്രചരിപ്പിക്കുന്നത്.

വനനിയമത്തിന്റെ പേരിലുള്ള കർഷക വേട്ടയുടെ താത്പര്യങ്ങൾ മറനീക്കുന്നു

ഗവിയില്‍ 800 ഹെക്ടര്‍ വനം സംരക്ഷിക്കാനെന്ന പേരില്‍ 50 വര്‍ഷത്തേക്ക് കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി. കമ്പനി അവരുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് സംരക്ഷിക്കുമെന്ന കഥയാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ചാരിറ്റി ഇല്ലെന്ന് മാത്രമല്ല ശതകോടുകളുടെ കാര്‍ബണ്‍ ഫണ്ട് വിനിയോഗമാണ് ഉടനീളം.

ഉദ്യോഗസ്ഥതട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്

എണ്ണകമ്പനി പെരിയാര്‍വന്യജീവി കേന്ദ്രത്തില്‍ 800 ഹെക്ടര്‍ സ്ഥലം സംരക്ഷണത്തിനെടുക്കുന്നു. അതോടെ കമ്പനി ഉല്‍പ്പന്നങ്ങളായ പെട്രോളിയവും മറ്റും ഉപയോഗിക്കുന്നതിലൂടെ ലോകത്തെവിടേയും വിസര്‍ജിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്ത് കാര്‍ബണും ഓക്‌സിജനുമാക്കി വേര്‍പെടുത്തുന്ന പ്രവര്‍ത്തനം തേക്കടി വനത്തില്‍ ആരംഭിക്കുന്നു. ബിസിനസ്സിന്റെ അളവിനനുസരിച്ച് ആയിരിക്കും എത്ര ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്ത് നിര്‍വീര്യമാക്കണമെന്ന് കണക്ക് കൂട്ടുന്നത്. അത്രയും വലിച്ചെടുത്തില്ലെങ്കില്‍, വലിച്ചെടുക്കാവുന്നത് എത്രയാണോ അത്രയും അളവിലേക്ക് കമ്പനിയുടെ വില്‍പ്പന കുറയ്ക്കണം. അതുമല്ലെങ്കില്‍ കുറവുള്ളതിന് കാര്‍ബണ്‍ പിഴ ഒടുക്കണം ഇതാണ് എണ്ണക്കമ്പനിയുടെ മുമ്പിലുള്ള പ്രശ്‌നം.

Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

പെരിയാറില്‍ 800 ഹെക്ടര്‍ വനം സംരക്ഷിക്കാന്‍ വിട്ടുകിട്ടിയാല്‍ അത് ചൂണ്ടിക്കാട്ടി പിടിച്ചുനില്‍ക്കാം. ബിസിനസ് തുടരാം. കാര്‍ബണ്‍ നികുതി കൊടുക്കേണ്ട. ലാഭം കുറയുകയും ഇല്ല.

കാര്‍ബണ്‍ ഫണ്ട് കണക്കാക്കുന്ന വിധം

ഒരു ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡില്‍ 650 കിലോ കാര്‍ബണും 350 കിലോ ഓക്‌സിജനുമാണുള്ളത്.

Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

ഒരു മരം ഇത്രയും കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്താല്‍ 650 കിലോ തൂക്കം കൂടി മരത്തിന് ഉണ്ടാകും. അന്തരീക്ഷത്തില്ലേക്ക് 350 കിലോ ഓക്‌സിജന്‍ കൂടുതല്‍ എത്തും. അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന ഒരു ടണ്‍ വിഷവാതകം ഇല്ലാതെയാകും.

അതായത് എണ്ണക്കമ്പനിയുടെ ബിസിനസ്സ് മൂലം ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടായാൽ ഭൂമിയില്‍ എവിടെയെങ്കിലും ആരെകൊണ്ടെങ്കിലും 650 കിലോ തൂക്കമുള്ള ഒരു മരം വളര്‍ത്തിയാല്‍ മതി. അതു ചെയ്യാതെ എണ്ണക്കമ്പനിക്ക് ബിസിനസ്സ് ചെയ്യാനാവില്ല എന്നാണ് യൂറോപ്യന്‍ നിയമം.

ഇനി ഗവിയിലെ വനം ഏറ്റെടുക്കുമ്പോള്‍ അവരുടെ സാമ്പത്തിക ലാഭം എന്തെന്ന് പരിശോധിക്കാം.

800 ഹെക്ടറില്‍ ഇപ്പോള്‍ ഉള്ള മരങ്ങള്‍ ഒരു കൊല്ലം കൊണ്ട് എത്ര ടണ്‍ വളരുമെന്ന് കണക്കാക്കാനാവും. ഉഷ്ണമേഖല മഴക്കാടുകളുടെ കാര്യത്തില്‍ കൃത്യമായും സ്വീകാര്യമായ കണക്കുകള്‍ ഉണ്ട്. ഒരു കൊല്ലം കൊണ്ട് ഉണ്ടായ വളര്‍ച്ച എത്ര ടണ്‍ ആണോ അതിനാനുപാതികമായി എണ്ണക്കമ്പനിക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളുന്ന ബിസിനസ്സ് ലോകത്ത് തുടരാം. 800 ഹെക്ടറില്‍ നിലവിലുള്ള മരത്തിന്റെ വളര്‍ച്ച തന്നെ ശതകോടി രൂപയുടേതാണ്. 50 കൊല്ലത്തേക്കാണ് പദ്ധതി. അതിനിടയില്‍ വച്ചു പിടിപ്പിക്കുന്ന മരത്തിന്റെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ കച്ചവടവും കമ്പനിക്ക് നടത്താം. ഇത്രയും അളവിൽ കാർബൺഡൈ ഓക്സൈഡ് ഇല്ലാതാക്കുന്നതിന് യൂറോപ്പിലോ അമേരിക്കയിലോ വനം വളർത്തണമെങ്കിൽ വേണ്ടിവരുന്നത് വൻ തുകയാണ്. ഇവിടെ വനംവകുപ്പ് മേധാവികളെ കയ്യിലെടുത്ത് അവർക്ക് വേണ്ടത് കൊടുത്തശേഷം മുക്കാൽ ചക്രം സംരക്ഷണചിലവ് മുടക്കി നിത്യഹരിതവനം സ്വന്തമാക്കാം. ബിസിനസ് തുടരാം. കമ്പനിക്ക് വിഷം തുപ്പി ലോകം നശിപ്പിച്ച് ലാഭമുണ്ടാം. അതിന് പരിഹാരം ചെയ്യാന്‍ തേക്കടി വനവും!

കാര്‍ബണ്‍ ഫണ്ടിന്റെ അധോലോകം

എണ്ണക്കമ്പനിയുമായുള്ള പദ്ധതി ലോകം അംഗീകരിച്ച കാര്‍ബണ്‍ പരിഹാരവുമാണ്. അത് കച്ചവടവും ആണ്. കച്ചവടത്തിന് നമ്മുടെ വനം വിനിയോഗിക്കുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു എന്നതാണ് അഴിമതി. അത് ജനവഞ്ചനയുമാണ്.

പക്ഷേ, കാണപ്പെടാതെ ഒരു കരിഞ്ചന്തയും അധോലോകവും കാർബൺ കച്ചവടത്തിന് പിന്നിലുണ്ട്. . ആ ചിത്രം ഞെട്ടിപ്പിക്കുന്നതാണ്. അത് ഇനി പറയുന്ന പ്രകാരമാണ്.

Read More: ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

ഒരു ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുമ്പോള്‍ 650 കിലോ കൂടി ഒരു മരം വളരുമെന്ന് പറഞ്ഞല്ലോ. അത്രയും വലുപ്പത്തില്‍ ഒരു മരം യൂറോപ്പിലോ അമേരിക്കയിലോ വളര്‍ത്തണമെങ്കില്‍ 300 ഡോളറില്‍ അധികമാകും. (2006-ലെ പഠനപ്രകാരം) 70 രൂപ നിരക്കില്‍ കൂട്ടിയാല്‍ 21000 രൂപ. എന്നാല്‍ ഇന്ത്യയില്‍ അതിന് 40 ഡോളര്‍ ചിലവ് മതി. അതായത് 2800 രൂപ. ഇതിനിടയിലെ വ്യത്യാസം 260 ഡോളറാണ്. ഏതാണ്ട് 18200 രൂപ. 18200 രൂപയാണ് കാര്‍ബണ്‍ ഫണ്ടിലെ അധോലോകം തീര്‍ക്കുന്നതിനുള്ള ഇന്ധനം. ഈ പണം സര്‍ക്കാരുകള്‍, പാര്‍ട്ടികള്‍, ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, സംഘടനകള്‍, കോടതി കേസുകളുമായി ബന്ധപ്പെട്ടവർ, മാധ്യമങ്ങള്‍ ഇങ്ങനെയുള്ള വിഭാഗങ്ങളെ കയ്യിലെടുക്കുവാനാണ് ചിലവിടുന്നത്. വളരെ ആദരണീയരാണ് ഈ മാഫിയയില്‍ ഉള്ളത്. ലോകത്ത് ഹരിത എം.എല്‍.എമാരും എം.പിമാരും മാത്രമല്ല ഗ്രീന്‍ പാര്‍ട്ടി വരെ ഉടലെടുക്കുന്നത് ഈ താല്പര്യ പ്രകാരമാണ്.

Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?

ഗവിയിലെ 800 ഹെകടറിലെ മരങ്ങള്‍ വെറുതെ വളരുന്നുമെന്ന് നമുക്കറിയാം. ഈ വളർച്ചയ്ക്ക് അനുസരിച്ച് കമ്പനിക്ക് കാർബൺഡൈ ഓക്സൈഡ് പുറംതള്ളി ബിസിനസ് നടത്താം. വേണമെങ്കില്‍ കച്ചവടം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. വനം വകുപ്പിന്റെ മേലെ മുതല്‍ കീഴെ വരെ ആ കമ്പനിയുടെ ആളുകള്‍ ഒന്നു കയറി ഇറങ്ങുമ്പോള്‍ രാജ്യത്തിന്റെ വനസമ്പത്ത് പണയത്തിലാകുന്നതാണ് കാഴ്ച.

മറുപുറത്തെ കാഴ്ച കൂടി ഇതിനോട് ചേര്‍ത്തുവയ്ക്കണം. സംരക്ഷിത കേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ആകാശദൂര പരിധിയിലുള്ള കൃഷി ഭൂമി വനമാക്കി മാറ്റുന്ന ബഫര്‍ സോണ്‍ തിട്ടപ്പെടുത്തുന്ന ജോലി നടക്കുകയാണ്. ഇത്രയും ഭൂമി കൂടി വിട്ടു കിട്ടുന്നതോടെ അവിടെയും കാര്‍ബണ്‍ ഫണ്ട് വാങ്ങിയതിന്റേയോ, വാങ്ങാനുള്ളതിന്റേയോ വനവല്‍ക്കരണം നടത്താം! ബഫർസോണായി പിടിച്ചെടുക്കുന്ന ഭൂമിയിൽ വനസംരക്ഷണത്തിനായി കൂടുതൽ കമ്പനികൾ വരാനിരിക്കുന്നു. അതിനുമുമ്പ് കൃഷിക്കാരെ ചവിട്ടി പുറത്താക്കും. കയ്യേറ്റവിവാദങ്ങളും രംഗം കൊഴുപ്പിക്കാനുണ്ടാകും.!! ഈ മനുഷ്യത്വഹീനതയുടെ കാരണം കാര്‍ബണ്‍ ഫണ്ടും അതിന്റെ അധോലോകവുമാണെന്ന് പൊതുജനം അറിയുന്നില്ല. പക്ഷേ, അധികനാള്‍ അത് മൂടിവയ്ക്കാനാവില്ല.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം