75 വര്‍ഷക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലായിരുന്ന പാര്‍ലിമെന്റ് മന്ദിരത്തിന് വിട

75 വര്‍ഷക്കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ആ പാര്‍ലിമെന്റ് മന്ദിരത്തോട് രാജ്യം വിടചൊല്ലി. പഴയ പാര്‍ലിമെന്റ് മന്ദിരത്തിലെ അവസാന സെഷനും പൂര്‍ത്തിയാക്കി ഇരുസഭകളും പിരിഞ്ഞു. രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരും. രാജ്യസഭ ഉച്ചയ്ക്ക് 2:15 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അപ്പര്‍ ഹൗസ് ചേംബറിലും ലോക്സഭ 1:15 ന് പുതുതായി നിര്‍മ്മിച്ച സമുച്ചയത്തിന്റെ ലോവര്‍ ഹൗസ് ചേംബറിലും ചേരും.പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി സമ്മേളനം തുടങ്ങുന്ന ചൊവ്വാഴ്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ്, പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ സമ്മാനമായി നല്‍കും.
തിങ്കളാഴ്ച ഇരുസഭകളിലും എംപിമാര്‍ പാര്‍ലിമെന്റിന്റെ നേട്ടങ്ങളും അനുഭവങ്ങളും അയവിറക്കി. 75 വരഷത്തെ പാര്‍ലിമെന്ററി ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. ലോക്സഭയില്‍ ചര്‍ച്ച ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും തുടര്‍ന്നുള്ള നേതാക്കളായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി, പിവി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെയും കാഴ്ചപ്പാടുകളെ പ്രശംസിച്ചു. പഴയ കെട്ടിടത്തിന്റെ ഓരോ ഇഷ്ടികയ്ക്കും കൃതജ്ഞത അര്‍പ്പിച്ച പ്രധാനമന്ത്രി, പുതിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും എംപിമാര്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കുമെന്ന് പറഞ്ഞു.രാജ്യത്തിന്റെ ക്ഷേമത്തിനായി കൂട്ടായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ ഇന്ത്യയുടെ ജനാധിപത്യ യാത്രയില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് സമാനതകളില്ലാത്ത സംഭാവനയുണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.1927-ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഴയ പാര്‍ലിമെന്റ് മന്ദിരം പണി പൂര്‍ത്തിയാക്കിയത്. പിന്നീട് 96 വര്‍ഷം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായി അത് പ്രവര്‍ത്തിച്ചു. പുതിയ കെട്ടിടം ഉണ്ടാക്കിയെങ്കിലും പഴയ കെട്ടിടം അതേപടി സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചരിത്രപരമായ ഘടന സംരക്ഷിക്കപ്പെടുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.ത്രികോണാകൃതിയില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് നാല് നിലകളും ആറ് കവാടങ്ങളും ഉണ്ടത്. 21 മീറ്ററാണ് ഉയരം. 10.5 ഏക്കര്‍ വിസ്തൃതി. ഏകദേശം 1200 കോടി രൂപയാണ് നിര്‍മാണച്ചെലവ്.മൂന്ന് കോണുകളില്‍ സെറിമോണിയല്‍ എന്‍ട്രന്‍സ് ഉണ്ട്. രാഷ്ട്രപതി ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍, എംപിമാര്‍ എന്നിവര്‍ക്കാണ് ഇതിലൂടെ പ്രവേശനം. 3 വശങ്ങളിലെ 3 വാതിലുകള്‍ ജ്ഞാനം , ശക്തി , കര്‍മം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

Share
അഭിപ്രായം എഴുതാം