ഇസ്രയേലും പലസ്തീനും തമ്മിൽ എന്ത്?

ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇന്‍റലിജൻസിനെ പോലും പരാജയപ്പെടുത്തി അതിർത്തി വഴി നുഴഞ്ഞു കയറിയാണ് ഹമാസ് ആക്രമണം അഴിച്ചു വിട്ടത്. ഒന്നു പകച്ചെങ്കിലും ഇസ്രയേൽ വൈകാതെ തന്നെ തിരിച്ചടിച്ചു. 1,100 പേർ ഇതു വരെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം തുടരുമ്പോൾ തന്നെ സാധാരണക്കാരെ അതിർത്തിയിൽ നിന്ന് കുടിയൊഴിപ്പിച്ച് സുരക്ഷിത മേഖലയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

ഹമാസ് ആക്രമണത്തിന്‍റെ കാരണം

ഇസ്രയേൽ – പലസ്തീൻ തർക്കത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ജൂതസമൂഹവും മുസ്ലിം സമൂഹവും ഒരു പോലെ വിശുദ്ധ ഇടമായി കാണുന്ന പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് അതിൽ പ്രധാനം. ജൂതർ ടെംപിൾ മൗണ്ടെന്നും മുസ്ലിങ്ങൾ അൽ അഖ്സ മോസ്കെന്നും അവകാശപ്പെടുന്ന ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള തർക്കം 2021 ൽ 11 ദിവസം നീണ്ടു നിന്ന രക്തചൊരിച്ചിലിന് കാരണമായി മാറിയിരുന്നു. അന്ന് ആയിരക്കണക്കിന് പേരാണ് കൊല്ലപ്പട്ടത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇസ്രയേലിലെ ദേശീയ സുരക്ഷാ മന്ത്രി ഇത്താമർ ബെൻ ഗ്വിർ അടക്കമുള്ള മത നേതാക്കൾ പ്രദേശത്ത് പല തവണ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ജൂതരുടെ കാർഷികോത്സവമായ സുക്കോട്ടിന്‍റെ ഭാഗമായി നൂറു കണക്കിന് വിശ്വാസികളായ ജൂതരും മറ്റും പ്രദേശത്തെത്തി. ഇതാണ് ഹമാസിനെ പ്രകോപിതരാക്കിയത്. നിലവിലുള്ള സമാധാന കരാറിന്‍റെ ലംഘനമാണിതെന്ന് ഹമാസ് ആരോപിക്കുന്നു. പലസ്തീൻ സ്വന്തമെന്നവകാശപ്പെടുന്ന പ്രദേശത്ത് ജൂത സെറ്റിൽമെന്‍റുകൾ നിർമിക്കുന്നതും ഇസ്രയേലിലെ പലസ്തീൻ തടവുകാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഹമാസിന്‍റെ ആക്രമണത്തിന്‍റെ ആക്കം കൂട്ടി.

ഇസ്രയേലിൽ സംഭവിക്കുന്നത്

ഇസ്രയേൽ ഏറ്റവും മോശം കാലത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ഹമാസിന്‍റെ ആക്രമണമുണ്ടാകുന്നത്. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു സുപ്രീം കോടതിയെ ദുർബലമാക്കാനുള്ള നിർദേശം മുന്നോട്ടു വച്ചിരുന്നു. ഇതിനെതിരേ രാജ്യം മുഴുവൻ വലിയ പ്രതിഷേധമാണുയരുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. അതു കൊണ്ടു തന്നെ രാജ്യത്ത് പ്രത്യക്ഷത്തിൽ തന്നെ ജനങ്ങൾ ഇരു ചേരികളായി തിരിഞ്ഞ സ്ഥിതിയാണുള്ളത്.

സൈന്യത്തിൽ പോലും അതിന്‍റെ പ്രതിഫലനങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിഷേധത്തിൽ അണി ചേർന്ന നൂറു കണക്കിന് കരുതൽ സേനാംഗങ്ങളാണ് ജോലിയിൽ തുടരില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കരുതൽ സേനാംഗങ്ങളാണ് സൈന്യത്തിന്‍റെ നട്ടെല്ല്. അതു കൊണ്ട് തന്നെ സൈന്യത്തിൽ ഉടലെടുത്ത പ്രതിഷേധം ആശങ്ക ഉയർത്തിയിരുന്നു. ഹമാസ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കരുതൽ സേനയെ ഒരുമിച്ചു കൂട്ടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുമുണ്ട്.

യുദ്ധ പ്രഖ്യാപനത്തിന്‍റെ അർഥം

ഇതിനു മുൻപും ഇസ്രയേൽ ലെബനനിലും ഗാസയിലും സൈനിക നീക്കങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ അന്നൊന്നും ഔദ്യോഗികമായൊരു യുദ്ധപ്രഖ്യാപനം നടത്തിയിരുന്നില്ല. നിലവിൽ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ ഹമാസിനെതിരേ കടുത്ത സൈനിക നീക്കത്തിനു തന്നെയാണ് ഇസ്രയേൽ ഒരുങ്ങുന്നതെന്നതിൽ സംശയമില്ല. പക്ഷേ ഗാസയിൽ നേരിട്ടൊരു ആക്രമണത്തിന് ഇസ്രയേൽ മുതിരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഗാസയിൽ ഇതിനു മുൻപ് നടത്തിയ ആക്രമണങ്ങളൊക്കെ വൻ രക്തച്ചൊരിച്ചിലിന് ഇടയാക്കിയിരുന്നു. എന്നാൽ തിരിച്ചടിക്കുന്നതിൽ ഒരു കാലത്തും ഇസ്രയേൽ പിന്നോട്ടു നിന്നിട്ടുമില്ല. ഹമാസ് ആക്രമണത്തിനു പിന്നാലെ ഞായറാഴ്ച മാത്രം ബെയ്ത്ത് ഹാനോനിലെ വ്യോമാക്രമണം അടക്കം ഗാസയിലെ 800 ഇടങ്ങളിലാണ് ഇസ്രയേൽ തിരിച്ചടിച്ചത്. ബെയ്ത്ത് ഹാനോനിനെ ഹമാസ് ആക്രമണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലി റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ആരോപിക്കുന്നത്. എന്നാൽ നഗരതത്തിലെ ഇസ്രയേലിന്‍റെ ആക്രമണത്തിൽ വലിയ അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾ അതിനു മുൻപേ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 30 ഇസ്രയേൽ വംശജരെ അടക്കം നിരവധി പേരെ തടങ്കലിലാക്കിയതായി ഹമാസ് നേതാക്കൾ പറയുന്നു. ഇസ്രയേൽ ജയിലിൽ അടച്ചിരിക്കുന്ന പാലസ്തീനികളെയെല്ലാം സ്വതന്ത്രരാക്കണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ താത്കാലിക അഭയകേന്ദ്രങ്ങളാക്കി മാറ്റിയ സ്കൂളുകളിലാണിപ്പോൾ പാർപ്പിച്ചിരിക്കുന്നത്. ഒരു സ്കൂളിൽ 225 പേർ വരെയുണ്ട്. നിലവിൽ 12300 പേരാണ് വിവിധ അഭയകേന്ദ്രങ്ങളിലായുള്ളത്.

ഇതിനു മുൻപും നിരവധി തവണ ചർച്ചകളിലൂടെയും മറ്റും ഇരു രാജ്യങ്ങളും ആക്രമണം നിർത്തിവച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു ചെറിയ കാലത്തേക്കായിരുന്നുവെന്നു മാത്രം. യഥാർഥ പ്രശ്നം പലപ്പോഴും ചർച്ചകളിൽ ഇടം പിടിക്കാതെ പോയി.

മറ്റു രാജ്യങ്ങളുടെ പ്രതികരണം

യുദ്ധ പ്രഖ്യാപനം നടത്തിയതിനു പുറകേ തന്നെ യുഎസ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതു മാത്രമല്ല യുദ്ധ വിമാനങ്ങളും കപ്പലുകളും അടക്കം വലിയ സൈനിക സഹായമാണ് യുഎസ് ഉറപ്പാക്കിയിരിക്കുന്നത്. ഹമാസിന്‍റെ ആക്രമണത്തിൽ ഇതുവരെ നാല് യുഎസ് പൗരന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ‍ഏഴു പേരെ കാണാതായിട്ടുമുണ്ട്. നിലവിൽ തുടരുന്ന ആക്രമണത്തിന് അറുതിയുണ്ടാവുകയെന്നതിനാണ് മുൻഗണനയെന്ന് യുഎസ് ഡപ്യൂട്ടി അംബാസഡർ റോബർട്ട് വൂഡ് പറയുന്നു. ഗാസയിലെ യുദ്ധത്തിന് ശക്തി പകരുന്നതാണ് യുഎസിന്‍റെ നിലപാടുകൾ. ഹമാസ് ആക്രമണത്തിനു പുറകേ തന്നെ ഇന്ത്യ നിരുപാധികമായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പലസ്തീന് ഇതുവരെ നൽകിയിരിക്കുന്ന സഹായങ്ങൾ പുനഃപരിശോധിക്കുമെന്ന് ജർമനി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഹമാസിന്‍റെ ദീർഘകാല സുഹൃത്തായ ഇറാൻ ഹമാസിന്‍റെ പുതിയ നീക്കത്തെയും സ്വാഗതം ചെയ്തിരിക്കുകയാണ്. ഇസ്രയേലിൽ ആക്രമണം നടത്തിയതിനു പുറകേ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി ഹമാസ് നേതാവ് ഇസ്മൈൽ ഹാനിയേയുമായി ഫോണിൽ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇരു രാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഈജിപ്റ്റിന്‍റെ പ്രത്യക്ഷത്തിലുള്ള നിലപാട്. എന്നാൽ ഇസ്രയേലി വിനോദസഞ്ചാരികളെ ഈജിപ്ഷ്യൻ പൊലീസുകാരൻ പൊതു വഴിയിൽ വച്ച് വെടിവച്ചു കൊലപ്പെടുത്തിയത് രാജ്യത്തെ ഇസ്രയേൽ വിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനമാണെന്നു വേണം വിലയിരുത്താൻ. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തുടരുന്ന പ്രശ്നത്തിന് തീർപ്പുണ്ടാക്കണമെന്ന് റഷ്യയും ചൈനയും അഭിപ്രായപ്പെടുന്നു

Share
അഭിപ്രായം എഴുതാം