കേരളത്തിന്റെ കടത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്?

കേരളം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം മൊത്തം കേന്ദ്രത്തിന്റെ മേലാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കാറുള്ളത്. എന്നാല്‍ കേന്ദ്രം മാത്രമല്ല, വലിയൊരളവോളം സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരമായ വീഴ്ചകളാണ് കാരണമെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ വെച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപോര്‍ട്ട് വ്യക്തമാക്കുന്നത്. നികുതി പിരിവിലെ ഉദാസീനത, സാമൂഹിക സുരക്ഷാ പെന്‍ഷന്റെ കാര്യത്തിലെ വീഴ്ച തുടങ്ങിയ സര്‍ക്കാറിന്റെ നിരവധി വീഴ്ചകള്‍ തുറന്നു കാണിക്കുന്നു സി എ ജി റിപോര്‍ട്ട്.നിസ്സാര കാരണത്തെ ചൊല്ലി അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ നിരസിക്കുന്ന സര്‍ക്കാര്‍ അര്‍ഹതയില്ലാത്ത ആയിരക്കണക്കിനു പേര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ നല്‍കി വരുന്നു. മരണപ്പെട്ടവരും പെന്‍ഷന് അപേക്ഷിക്കാത്തവരും സര്‍ക്കാര്‍ ജീവനക്കാരും സര്‍വീസ് പെന്‍ഷന്‍കാരുമെല്ലാം ഉള്‍പ്പെടും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരില്‍. ആധാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ 3,990 പേര്‍ വിധവ, അവിവാഹിത എന്നീയിനങ്ങളിലെ ഇരട്ട പെന്‍ഷന്‍ വാങ്ങുന്നതായി സി എ ജി കണ്ടെത്തി. സാമൂഹിക പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 20 ശതമാനവും അനര്‍ഹരാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ നടത്തിപ്പില്‍ സുതാര്യതയില്ലെന്നും റിപോര്‍ട്ട് വിലയിരുത്തി. 2017-18 മുതല്‍ 2020-2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത.്‌നികുതി പിരിച്ചെടുക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായി. 28,258 കോടി രൂപ വരും വിവിധ വകുപ്പുകള്‍ പിരിച്ചെടുക്കാനുള്ള കുടിശ്ശിക. സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷിക വരുമാനത്തിന്റെ കാല്‍ ഭാഗത്തോളം (24.23 ശതമാനം) വരുമിത്. കേന്ദ്രത്തില്‍ നിന്ന് ജി എസ് ടി നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നതാണ് നികുതി പിരിവില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിക്കാതിരിക്കാന്‍ കാരണമെന്നും ഈ വര്‍ഷമാദ്യം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സി എ ജി വിലയിരുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കൂടുതല്‍ കടമെടുപ്പിന് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വരും മാസങ്ങളില്‍ ദൈനംദിന ചെലവിനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ് സര്‍ക്കാര്‍. ഇതിനിടെയാണിപ്പോള്‍ സര്‍ക്കാറിനെ വെട്ടിലാക്കിയുള്ള സി എ ജി റിപോര്‍ട്ട് വന്നത്. അതേസമയം റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന നികുതി കുടിശ്ശിക ഈ സര്‍ക്കാറിന്റെ കാലത്തേത് മാത്രമല്ല, കാലങ്ങളായി തുടര്‍ന്നു വരുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കൃത്യമായി നികുതി പിരിച്ചെടുത്താല്‍ അധിക വിഭവ സമാഹരണത്തിന് ജനങ്ങളുടെ മേല്‍ നികുതി ഭാരം വര്‍ധിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ കഴിയും. നികുതി പിരിവില്‍ റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയുടെ ഭാരം ജനങ്ങള്‍ വഹിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവില്‍. വന്‍കിടക്കാരില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമാണ് കുടിശ്ശികയില്‍ നല്ലൊരു ഭാഗവും. വന്‍കിടക്കാരുമായുള്ള ഭരണകൂടത്തിന്റെ അടുപ്പമാണ് അവരുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കണിശത പുലര്‍ത്താത്തതിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇടപെടലില്‍ വന്‍കിടക്കാര്‍ക്ക് നികുതി സംഖ്യയില്‍ വന്‍തോതില്‍ ഇളവ് ലഭിച്ച സംഭവങ്ങള്‍ ധാരാളം.കൃത്യമായ ആസൂത്രണവും അത് നടപ്പാക്കുന്നതില്‍ ഉറച്ച നിലപാടുമുണ്ടെങ്കിലേ സാമ്പത്തിക പ്രതിസന്ധിയില്‍ പെടാതെ മുന്നോട്ട് പോകാനാകുകയുള്ളൂ. ഓരോ വര്‍ഷത്തെയും ബജറ്റില്‍ റവന്യൂ വരുമാനം കണക്കു കൂട്ടുന്നത് നികുതി പിരിവിലൂടെ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന തുക കൂടി പരിഗണിച്ചാണ.് നികുതി പിരിവ് കാര്യക്ഷമമല്ലാതായാല്‍ വരുമാന ലക്ഷ്യം കൈവരിക്കാനാകില്ല. അത് നികത്താന്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പകരം കടമെടുപ്പിനെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. മാറിമാറി വന്ന ഇടതു, വലതു മുന്നണി സര്‍ക്കാറുകള്‍ ഈ പ്രവണത തുടര്‍ന്നു വന്നതിനാല്‍ ഭീമന്‍ കടബാധ്യതയിലാണിപ്പോള്‍ സംസ്ഥാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 3.25 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് കേരളത്തിന്. ഓരോ കേരളീയനും 90,000 രൂപക്ക് കടപ്പെട്ടിരിക്കുന്നു. 1957ല്‍ വെറും 34 കോടി രൂപ മാത്രമായിരുന്നു കേരളത്തിന്റെ പൊതുകടമെന്ന് ചരിത്രകാരനും രാഷ്ട്രീയ നിരൂപകനുമായ ആര്‍ കെ ബിജുരാജ് എഴുതിയ ധനകാര്യ ലേഖനത്തില്‍ പറയുന്നുണ്ട്. 2006-07ല്‍ 3,946 കോടിയായിരുന്നു കേരളം കടമെടുത്തത്. 2014-15ല്‍ 16,431 കോടിയായും 2021-22ല്‍ 26,633 കോടിയായും ഉയര്‍ന്നു.വികസനത്തിനെന്ന പേരിലാണ് കടമെടുക്കുന്നത്. കടം വാങ്ങുന്ന ഫണ്ടുകള്‍ മൂലധന സൃഷ്ടിക്കും വികസന പ്രക്രിയകള്‍ക്കുമാണ് വിനിയോഗിക്കേണ്ടത്. എന്നാല്‍ ഇതില്‍ ഗണ്യഭാഗവും വിനിയോഗിക്കുന്നത് ദൈനംദിന ഭരണ ചെലവുകള്‍ക്കും നേരത്തേയുള്ള കടത്തിന്റെ പലിശയടവിനുമാണ്. റവന്യൂ വരുമാനം ഭരണച്ചെലവുകള്‍ക്കു പോലും തികയുന്നില്ല. സൂക്ഷിച്ച് വിനിയോഗിച്ചില്ലെങ്കില്‍ വലിയൊരു കെണിയാണ് കടമെടുപ്പ്. അതാണിപ്പോള്‍ സംസ്ഥാനം അനുഭവിച്ചു കൊണ്ടിരിക്കുന്നതും. ഈ നിലയില്‍ എത്ര കാലം മുന്നോട്ടു പോകാനാകും സംസ്ഥാനത്തിന്. സി എ ജി ചൂണ്ടിക്കാണിച്ചതു പോലെ നികുതി പിരിവ് ഊര്‍ജിതമാക്കുന്നത് ഉള്‍പ്പെടെയുള്ളവ ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്താതിരുന്നാല്‍ സംസ്ഥാനത്തിന്റെ ഭാവി ഇരുളടയും. പിരിച്ചെടുക്കാനുള്ള മൊത്തം നികുതി കുടിശ്ശികയുടെ 33.74 ശതമാനം (6,267.31 കോടി രൂപ) വിവിധ കേസുകളില്‍ നികുതി ദാതാക്കള്‍ സ്റ്റേ സമ്പാദിച്ചതാണ്. സ്റ്റേ നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത കാണിക്കുന്നില്ല. കുടിശ്ശിക മൊത്തം തങ്ങളുണ്ടാക്കിയതല്ലെന്നു പറഞ്ഞ് ഒരു സര്‍ക്കാറിനും ഒഴിഞ്ഞു മാറാനാകില്ല. അത് പിരിച്ചെടുക്കേണ്ടത് ഭരണം കൈയാളുന്ന ഓരോ സര്‍ക്കാറിന്റെയും ബാധ്യതയാണ്

Share
അഭിപ്രായം എഴുതാം