തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. 12 – 08 – 2020 ബുധനാഴ്ച രാത്രി 10.45 ഓടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുമല രേണുക നിവാസിൽ ആയിരുന്നു താമസം.
1934 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കേതിൽ വീട്ടിൽ കൃഷ്ണന്റേയും നാരായണിയുടെയും മകനായാണ് ജനിച്ചത്. ആകാശവാണിയില്‍ ലളിത ഗാനങ്ങൾ രചിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് എത്തിയത്. പിന്നീട് നാടക വേദിയിൽ സജീവമായി. കൊല്ലം അസീസി, മലങ്കര തീയേറ്റേഴ്സ്, കേരള തീയേറ്റേഴ്സ്, നാഷണൽ തീയറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ഗ്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. മലയാളവേദി എന്ന പേരിൽ സ്വന്തം നാടക സമിതിയും ആരംഭിച്ചു.
ഒട്ടേറെ സിനിമകൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1984 വിവിധ സിനിമയ്ക്കായി 30ലേറെ പാട്ടുകളാണ് രചിച്ചിട്ടുള്ളത്. 1978 ഇൽ പുറത്തിറങ്ങിയ ആശ്രമം എന്ന സിനിമയ്ക്കുവേണ്ടി അപ്സരകന്യകെ … എന്ന ഗാനമാണ് ആദ്യം രചിച്ചത്. ദേവദാരു പൂത്തു …, സിന്ദൂരതിലകവുമായി …, ശ്യാമമേഘമേ നീ …, നീ അറിഞ്ഞോ മേലെ മാനത്ത് …, മുത്തുക്കുട ചൂടി …., മുത്താരം കുന്നിൽ …, ആലിപ്പഴം …., ചന്ദന പൂങ്കാവനത്തിൽ …. തുടങ്ങിയ പ്രസിദ്ധ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2015 കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ചുനക്കര രാമൻകുട്ടി അവസാനമായി എഴുതിയത് മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിനെ കുറിച്ചാണ് . കേരള എൻജിഒ സെൻററിൻറെ മുഖപത്രമായ സർവീസ് സെൻററിൽ ആണ് അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ഭാര്യ: പരേതയായ തങ്കമ്മ
മക്കൾ : രേണുക, രാധിക, രാഗിണി
മരുമക്കൾ: സി അശോക് കുമാർ, പി ടി സജി, കെ എസ് ശ്രീകുമാർ