രാഷ്ടതലവന്‍മാരുടെ കൂടികാഴ്ചകള്‍ ആശങ്ക പരത്തുന്നു

ഒരുവശത്ത് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ട ആഗോള സഹകരണത്തിന്റെയും ലോകസമാധാനത്തിന്റെയും വെള്ളപ്പുക ഉയര്‍ത്തി ജി20 പോലുള്ള ഉച്ചകോടികള്‍ വിജയകരമായി നടക്കുമ്പോള്‍ അതിന് സമാന്തരമായിത്തന്നെ ലോകസമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ ചില രാഷ്ടതലവന്‍മാര്‍ പ്രത്യേക അജന്‍ഡ വച്ച് കൂടിക്കാഴ്ചകള്‍ നടത്തുന്നത് ആശങ്ക പരത്തുന്നു. നിലവില്‍ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ പരോക്ഷമായെങ്കിലും ബാധിക്കുന്ന തരത്തില്‍ യുക്രെയിന്‍- റഷ്യ സംഘര്‍ഷം നീണ്ടുപോവുകയാണ്. യുദ്ധത്തിന്റെ മറവില്‍ ഇരുപക്ഷവും വന്‍തോതില്‍ ആയുധ സമാഹരണം നടത്തുന്നുണ്ട് എന്നതും രഹസ്യമല്ല. നാറ്റോുടെ നേതൃത്വത്തില്‍ വന്‍തോതില്‍ ആയുധവും പണവും നിര്‍ലോഭം യുക്രെയിനിലേക്ക് ഒഴുകിയെത്തുന്നു. മറുവശത്ത് രഹസ്യമായെങ്കിലും ചില വിദേശ സഹായവും പിന്തുണയും റഷ്യയ്ക്കും ലഭിക്കുന്നുണ്ട്. പല കാരണങ്ങള്‍കൊണ്ടും തങ്ങളുടെ രാജ്യസുരക്ഷ പ്രധാന വിഷയമാക്കുന്ന റഷ്യയുടെ നിലപാടുകളോട് നമുക്ക് യോജിക്കേണ്ടിവരുമെങ്കിലും ഈ മേഖലയിലെ ആയുധ മത്സരത്തെയും ആയുധ സമാഹരണത്തെയും പ്രോത്സാഹിപ്പിക്കാന്‍ നിര്‍വാഹമില്ല. കഴിഞ്ഞ ദിവസം കിഴക്കന്‍ റഷ്യയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ കോസ്മോഡ്രാമില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോംങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച മറ്റൊരു ശക്തി പരീക്ഷണത്തിന് ലോകം വേദിയാകും എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് കാണിക്കുന്നത്. എക്കാലും റഷ്യയ്ക്കൊപ്പം എന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കിംജോങ്ഉന്‍ റഷ്യയുമായി സൈനിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ച വിവരവും പ്രഖ്യാപിച്ചു. നിലവില്‍ തങ്ങളുടെ സ്വന്തം ബജറ്റിന്റെ നാല്‍പ്പതിലേറെ ശതമാനം ആയുധ സംഭരണത്തിനും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ആണവായുധ സജ്ജീകരണത്തിനുമായി ചെലവഴിക്കുന്ന രാജ്യത്തിന്റെ നായകനാണ് ഏകാധിപതിയായ കിംജോങ്ഉന്‍. മാറുന്ന ലോകത്തെക്കുറിച്ചോ ആഗോള സമാധാനത്തിന്റെ ആവശ്യത്തെക്കുറിച്ചോ അല്‍പ്പം പോലും ബോധമില്ലാതെ ഭൂതകാല ചരിത്ര വൈരത്തിന്റെ തടവറയില്‍ കഴിയുന്ന രാജ്യാധിപനാണ് കിംജോങ് ഉന്‍. ചൈനയും റഷ്യയും ഒഴികെ സര്‍വ്വരാജ്യങ്ങളോടും സംശയത്തിലൂന്നിയ നയതന്ത്രം സ്വീകരിക്കാനാണ് ഉത്തരകൊറിയ എല്ലാക്കാലവും ശ്രമിച്ചിട്ടുള്ളത്. രാജ്യത്തെ ജനം പട്ടിണി കിടക്കുമ്പോഴും ആഴ്ചതോറും പടക്കം പൊട്ടിക്കും പോലെ മിസൈല്‍ പൊട്ടിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഈ ഭരണാധികാരിയുടെ ഈ ഘട്ടത്തിലെ റഷ്യന്‍ സന്ദര്‍ശനം സ്വാഭാവികമായും അമേരിക്ക ഉള്‍പ്പെടെയുള്ള എതിര്‍ചേരിയില്‍ അസ്വസ്ഥത ജനിപ്പിക്കും. ഒരുപക്ഷെ യുക്രെയിന്‍ യുദ്ധ രംഗത്തേക്ക് ഉത്തരകൊറിയയുടെ സഹായം ആധുനിക ആയുധങ്ങളുടെ രൂപത്തില്‍ റഷ്യയ്ക്ക് ലഭിച്ചാല്‍ അത് യുദ്ധത്തിന്റെ ഗതി മാറ്റും എന്ന് മാത്രമല്ല, കനത്ത തോതിലുള്ള ആള്‍ നാശവും വരുത്തിവയ്ക്കും. റഷ്യയ്ക്ക് ആയുധം വില്‍ക്കരുതെന്ന് ബ്രിട്ടണ്‍ അഭ്യര്‍ത്ഥച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒരു പക്ഷെ ഉത്തരകൊറിയയുടെ ഇടപെടലോടെ യുക്രെയിന്‍ യുദ്ധത്തിന്റെ മുഖം മാറിയാല്‍ മറ്റൊരു മഹായുദ്ധത്തിലേക്ക് പോലും കാര്യങ്ങള്‍ വഴിമാറിയേക്കും എന്നതാണ് ലോകം ഭയക്കുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം നടന്ന പുടിന്‍- കിംജോങ്ഉന്‍ കൂടിക്കാഴ്ച വളരെ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. യുക്രെയിന്‍ യുദ്ധം എത്രയും പെട്ടെന്ന് സമാപിക്കണം എന്ന് ജി20 പോലുള്ള ഫോറങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഇത്തരം കൂടിക്കാഴ്ചകള്‍ ഭയം ജനിപ്പിക്കുന്നു.

Share
അഭിപ്രായം എഴുതാം