ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍, ചരിത്രം പറയുന്നത്

മോദി സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ നല്‍കാനാണ്.പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11ന് അവസാനിച്ചു. ശീതകാല സമ്മേളനം നവംബറില്‍ ചേരുകയാണ് പതിവ്. അതിനിടയില്‍ ഈ മാസം 18ന് അഞ്ച് ദിവസത്തേക്ക് സമ്മേളനം ചേരാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാര്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ്. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പിനൊപ്പം ഏക സിവില്‍ കോഡ്, വനിതാ സംവരണ ബില്ലുകളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പതിനേഴാം പാര്‍ലിമെന്റിന്റെ അവസാന സമ്മേളനമാണ് നവംബര്‍ 18ന് ചേരുന്നതെന്ന ഊഹവും ശക്തമാണ്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യം ആദ്യമായി ചര്‍ച്ച ചെയ്യുന്ന വിഷയമല്ല. കേന്ദ്ര സര്‍ക്കാറില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും നേരത്തേയും ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ത്രിതല പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പില്‍ നേരത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തിരഞ്ഞെടുപ്പ് നടത്തുകയും ഏതെങ്കിലും സംസ്ഥാനത്ത് കാലാവധി പൂര്‍ത്തീകരിക്കാതെ വന്നാല്‍ അവിടെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഭരണഘടനാ രീതി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സമ്പ്രദായം നടപ്പില്‍ വരുന്നതോടെ ഈ രീതിക്ക് മാറ്റം വരും. ഫെഡറല്‍ സംവിധാനം ചോദ്യം ചെയ്യപ്പെടും.
എല്ലാ തിരഞ്ഞെടുപ്പും ഒരേ സമയം നടത്തുമ്പോള്‍ ചില മെച്ചങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ചെലവും മനുഷ്യാധ്വാനവും കുറയും. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും പാര്‍ട്ടികളും (സര്‍ക്കാറിന്റേതുമടക്കം) 60,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1952ല്‍ നടന്ന ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ചെലവായ മൊത്തം സംഖ്യ 11 കോടി രൂപയായിരുന്നു.
എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫെഡറല്‍ സംവിധാനത്തിനും ഭരണഘടനക്കും വിരുദ്ധമായ ആശയമാണ്. രാജ്യത്തെ പകുതി സംസ്ഥാനങ്ങളും ഈ തീരുമാനത്തോട് യോജിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ബി ജെ പി ഭരണമുള്ള സംസ്ഥാനങ്ങളുടെയും ബി ജെ പിയെ പാര്‍ലിമെന്റില്‍ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും പിന്തുണ ലഭിച്ചാല്‍ പാര്‍ലിമെന്റില്‍ വിജയിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഭരണഘടന ഇതനുവദിക്കുന്നില്ല. കാരണം സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഒരു സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നത് അഞ്ച് കൊല്ലം ഭരിക്കാനാണ്. 1994ലെ സുപ്രീം കോടതി വിധിയനുസരിച്ച് കാലാവധിക്കു മുമ്പേ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടുന്നതിന് പരിമിതിയുണ്ട്.
മാത്രമല്ല എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ അവിടെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. അഖിലേന്ത്യാ തലത്തിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ഇത് സംസ്ഥാനത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന ലക്ഷ്യത്തെ ബാധിക്കും.

1967 വരെ ലോക്‌സഭ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേ സമയത്താണ് നടന്നിരുന്നത്. രാജ്യം സ്വതന്ത്രമായതിനു ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1951 -1952ലാണ്. ഭാഷാടിസ്ഥാനത്തില്‍ 1957ല്‍ സംസ്ഥാനം പുനഃസംഘടിപ്പിച്ചപ്പേഴും ഇതേ അവസ്ഥ തുടര്‍ന്നു. എന്നാല്‍ 1959ല്‍ അന്നത്തെ കേന്ദ്രത്തിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ആദ്യമായി ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പിരിച്ചുവിട്ടത് ഇതിന് അപവാദമായി. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാറിനെ 1959 ജൂലൈയില്‍ പിരിച്ചുവിട്ടു. 1960 ഫെബ്രുവരിയില്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംഭവമായിരുന്നു ഇത്. ഇതിനു ശേഷം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഏതാണ്ട് തുടര്‍ന്നു. 1967ല്‍ രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റം തിരഞ്ഞെടുപ്പ് രീതിയും മാറ്റിമറിച്ചു. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിന് പല സംസ്ഥാനങ്ങളും നഷ്ടമായി.

അന്നത്തെ തിരഞ്ഞെടുപ്പില്‍ കേരളം, യു പി, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടു. എന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധ സര്‍ക്കാറുകള്‍ക്ക് പല സംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പല സംസ്ഥാനങ്ങളിലും ഇടക്കാല തിരഞ്ഞെടുപ്പുകള്‍ നടന്നു. ഇതോടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിക്ക് മാറ്റം വന്നു. നിലവില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വളരെ ചുരുക്കമാണ്.
ലോക്‌സഭക്കൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന് 1983ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അന്നത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ല. 1999ല്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന ലോ കമ്മീഷന്റെ നിര്‍ദേശം വീണ്ടും വിഷയത്തെ സജീവമാക്കി. ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ലോ കമ്മീഷന്‍ അതിന്റെ 170ാം റിപോര്‍ട്ടില്‍ 1999 മെയില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ ശിപാര്‍ശ ചെയ്തു. ഒരു സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ബദല്‍ സര്‍ക്കാറിന് വേണ്ടിയും വിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന ഫോര്‍മുലയും നിയമ കമ്മീഷന്‍ നിര്‍ദേശിച്ചു.

2003ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും ലോ കമ്മീഷന്‍ ശിപാര്‍ശ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്തിയില്ല. 2010ല്‍ ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി ഒരേസമയം തിരഞ്ഞെടുപ്പ് എന്ന വിഷയം വീണ്ടും ഉന്നയിച്ചു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തു. പക്ഷേ ചര്‍ച്ച പാതി വഴിയില്‍ അവസാനിക്കുകയാണുണ്ടായത്.
വിഷയം വീണ്ടും ഉയര്‍ന്നുവരുന്നത് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. ഇ എം സുദര്‍ശന നാച്ചിയപ്പന്റെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി സമിതി ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേസമയം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള റിപോര്‍ട്ട് അവതരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സ് റിപോര്‍ട്ട് അംഗീകരിച്ചില്ല. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഇ എം സുദര്‍ശന നാച്ചിയപ്പന്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാംഗമായിരുന്നു. ടി എം സി, സി പി ഐ, സി പി എം, എന്‍ സി പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും റിപോര്‍ട്ടിനെ എതിര്‍ത്തു.

2017ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഇടക്കിടെയുള്ള തിരഞ്ഞെടുപ്പുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. 2017 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഒരു പഠനം നടത്തണമെന്ന് സൂചിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം, 2017 ഏപ്രിലില്‍, മുഖ്യമന്ത്രിമാരുമായുള്ള നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി മോദി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.
ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ 2018 ആഗസ്റ്റ് 30ന് സമര്‍പ്പിച്ച കരട് റിപോര്‍ട്ടിലും ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ പ്രധാനമന്ത്രിയും കൂട്ടരും ആഗ്രഹിക്കുന്നതു പോലെ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ലോക്‌സഭയുമായും സംസ്ഥാന അസംബ്ലികളുമായും ബന്ധപ്പെട്ട ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം 12 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തണമെന്ന് ലോ കമ്മീഷന്‍ നിര്‍ദേശമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, തെലങ്കാന, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍ എന്നീ 12 സംസ്ഥാനങ്ങളില്‍ 2018ലും 2019ലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ലോ കമ്മീഷന്റെ നിര്‍ദേശം പുറത്തുവന്നത്. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ സമിതി രൂപവത്കരിച്ചത് കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാണ്

Share
അഭിപ്രായം എഴുതാം