നിര്‍ണായക ശക്തിയായി സ്ത്രീ വോട്ടര്‍മാര്‍; കണക്കുകള്‍ ഇങ്ങനെ

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രണ്ട് സുപ്രധാനമായ സംഭവങ്ങള്‍ക്ക് 2023 സാക്ഷിയായിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കിയതും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറും.

കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരുന്നുവെന്ന് മാത്രമല്ല, ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുന്നതിലും അവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ പ്രധാനവഹിച്ചിട്ടുണ്ട്.
മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സ്ത്രീ പങ്കാളിത്തം മിക്ക സംസ്ഥാനങ്ങളിലും ഉയര്‍ന്നു വരികയാണ്.
കണക്കുകള്‍ പറയുന്നത്…

മധ്യപ്രദേശില്‍ 2013-ല്‍ 70.1 ശതമാനം സ്ത്രീകള്‍ വോട്ടെടുപ്പില്‍ പങ്കാളികളായി. ഇത് 2023ല്‍ എത്തുമ്പോള്‍ 76.0% ആയി ഉയര്‍ന്നു. സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം മധ്യപ്രദേശിലുണ്ട്.
എന്നാല്‍ ഛത്തീസ്ഗഡില്‍ കാര്യമായ പുരോഗതി കാണാനില്ല. 2013ല്‍ 77.3 % ആയിരുന്ന സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം 2023ല്‍ 76.2% ആയി കുറഞ്ഞു. രാജസ്ഥാനിലും സമാന സ്ഥിതിയാണ്. 2013-ല്‍ 75.57 ശതമാനത്തില്‍ നിന്ന് ആരംഭിച്ച് 2023-ല്‍ 75.45 ശതമാനത്തിലെത്തി. സംസ്ഥാനത്തെ സ്ത്രീ വോട്ടരുടെ എണ്ണത്തില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. എന്നാല്‍ തെലങ്കാനയില്‍ സ്ത്രീ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. 2018-ല്‍ 73.88 ശതമാനമായിരുന്നത് 2023ല്‍ 71.61 ശതമാനമായി ഇടിഞ്ഞു. അതേസമയം മിസോറം മികച്ച പോളിംഗ് രേഖപ്പെടുത്തി. 2023ല്‍ 81.25 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലെത്തിയത്.

സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടികള്‍ ഏത്?

ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം, മധ്യപ്രദേശില്‍, ബിജെപിയാണ് വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ പിന്തുണ ഉറപ്പിച്ചത്. ഇക്കാര്യത്തില്‍ 2018 മുതലുള്ള കണക്കിനെ അപേക്ഷിച്ച് ഏഴ് ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. കൂടാതെ 50 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തു. സ്ത്രീകളെപ്പോലെ തന്നെ സംസ്ഥാനത്തെ പുരുഷന്മാരും തങ്ങളുടെ വോട്ടുകളുടെ വലിയൊരു ഭാഗം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. 44 ശതമാനം പുരുഷന്മാരാണ് ബിജെപിക്ക് പിന്തുണ നല്‍കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ഇതിനൊരു കാരണം മധ്യപ്രദേശിലെ ലാഡ്ലി ബെഹ്ന പദ്ധതിയായിരിക്കാം. ഈ പദ്ധതി പ്രകാരം, താഴ്ന്ന- ഇടത്തരം വീടുകളിലെ സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ എല്ലാ മാസവും 1,000 രൂപ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, കോണ്‍ഗ്രസിന് സ്ത്രീകളുടെ വോട്ട് വിഹിതത്തിന്റെ 40 ശതമാനമാണ് ലഭിച്ചത്. 2018 നെ അപേക്ഷിച്ച് ഒരു ശതമാനം മാത്രം വ്യത്യാസം. വനിതാ വോട്ടര്‍മാര്‍ക്കിടെയില്‍ കോണ്‍ഗ്രസിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണിത്.
അതേസമയം ഛത്തീസ്ഗഢ് കാര്യമായ രാഷ്ട്രീയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ബി.ജെ.പിക്ക് അനുകൂലമായി സ്ത്രീകളുടെ വോട്ട് വിഹിതം ഒമ്പത് ശതമാനം വര്‍ധിച്ച് 43 ശതമാനത്തിലെത്തി. മറുവശത്ത്, പുരുഷന്മാര്‍ കോണ്‍ഗ്രസിലേക്ക് അല്‍പ്പം ചായുന്നതാണ് കാണുന്നത്. 43 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസിന് ലഭിച്ചു. അതേസമയം സ്ത്രീകളുടെ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിന് മൂന്ന് ശതമാനം കുറവുണ്ടായി.

രാജസ്ഥാനില്‍, 44 ശതമാനം വോട്ട് വിഹിതം നേടി കോണ്‍ഗ്രസ് നാല് ശതമാനം പോസിറ്റീവ് സ്വിംഗിലൂടെ സ്ത്രീകളുടെ വിശ്വാസം നേടി. അതേസമയം ബിജെപി നേരിയ ഇടിവ് നേരിട്ടു. സ്ത്രീകളുടെ പിന്തുണ 40 ശതമാനത്തിലേക്ക് എത്തി. അതേസമയം, പുരുഷ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണ നല്‍കി. 42 ശതമാനം വോട്ട് വിഹിതമാണ് പുരുഷന്മാര്‍ നല്‍കിയത്.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മവിശ്വാസം നേടി. വനിതാ വോട്ടര്‍മാരുടെ 42 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസ് നേടി. പുരുഷന്മാരും തങ്ങളുടെ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് ഷെയറിന്റെ 44 ശതമാനമാണ് പുരുഷന്മാര്‍ കോണ്‍ഗ്രസിന് നല്‍കിയത്. മറുവശത്ത്, ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) വിശ്വാസത്തില്‍ ഇടിവ് നേരിട്ടു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സ്ത്രീകളുടെ വോട്ട് വിഹിതം 14 ശതമാനം കുറഞ്ഞു. പുരുഷ വോട്ടര്‍മാരും അവരുടെ പിന്തുണ പിന്‍വലിച്ചു. 10 ശതമാനത്തോളം വോട്ട് വിഹിതമാണ് കുറഞ്ഞത്.

മിസോറാമിലെ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. പാർട്ടി 48 ശതമാനം വോട്ട് ഷെയര്‍ നേടി. പുരുഷ വോട്ടര്‍മാര്‍ക്കിടയിലും ZPM ഗണ്യമായ പിന്തുണ നേടി. 50 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് പാര്‍ട്ടിയുടെ മുന്നേറ്റം.
ഇതിനിടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ബിജെപി നടപടി തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര നിരീക്ഷകരെ അയക്കും. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കും.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നില്ല.

ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബമ്പര്‍ വിജയത്തിന് ശേഷം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനാണ് ബിജെപിയുടെ അടുത്ത പദ്ധതി. ഇതിനായി മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ അയക്കും. ഈ കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാനങ്ങളില്‍ പോയി നിയമസഭാ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കുകയും ചെയ്യും

Share
അഭിപ്രായം എഴുതാം