നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷണം: സുപ്രീം കോടതി തീരുമാനം കാത്ത് എന്‍.ഐ.എ.

കേരളം, രാജസ്ഥാന്‍ ഹൈക്കോടതികളുടെ ഭിന്നവിധിയില്‍ത്തട്ടി നയതന്ത്ര സ്വര്‍ണക്കടത്തു കേസന്വേഷണം വഴിമുട്ടി. വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം കാത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.).
സ്വര്‍ണക്കടത്ത് തീവ്രവാദക്കേസല്ലെന്നു കേരളാ ഹൈക്കോടതിയും ആണെന്നു രാജസ്ഥാന്‍ ഹൈക്കോടതിയും വ്യത്യസ്തവിധി പുറപ്പെടുവിച്ചതാണ് തുടരന്വേഷണത്തിനു വഴിമുടക്കിയത്. യു.എ.പി.എ. നിയമത്തിന്റെ 15-ാം വകുപ്പ് സംബന്ധിച്ചു രണ്ടു ഹൈക്കോടതികള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതോടെ വിഷയം വിശദമായി പരിശോധിക്കാനാണു സുപ്രീം കോടതി തീരുമാനം. 12 പ്രതികള്‍ക്കു ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ.യുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതും പ്രതിബന്ധമായി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വര്‍ണക്കടത്തുമാത്രമേ യു.എ.പി.എ. നിയമപ്രകാരമുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരികയുള്ളൂവെന്നു വ്യക്തമാക്കിയാണു 12 പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച തുക പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു വിനിയോഗിച്ചതിനു തെളിവില്ലെന്ന എന്‍.ഐ.എ. കോടതി കണ്ടെത്തലും ഹൈക്കോടതി ശരിവച്ചിരുന്നു.

ഈ വിധിക്കെതിരേയാണു കേന്ദ്രസര്‍ക്കാരും എന്‍.ഐ.എയും സുപ്രീം കോടതിയെ സമീപിച്ചത്. യു.എ.പി.എ. നിയമത്തിന്റെ 15-ാം വകുപ്പു പ്രകാരം സ്വര്‍ണക്കടത്ത് ഭീകരവാദക്കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന കുറ്റകൃത്യമാണെന്നു രാജസ്ഥാന്‍ ഹൈക്കോടതി വിധിയുണ്ടെന്ന് വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. സമാനവിഷയത്തില്‍ കേരളാ ഹൈക്കോടതിയുടെ ഭിന്നവിധി നിലനില്‍ക്കെ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാനായി കേസ് 2021 ജൂണില്‍ മാറ്റിവച്ചു. ഇതോടെ അന്വേഷണവും നിലച്ചു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ സ്വര്‍ണക്കടത്ത് തകര്‍ക്കുമെന്നും അതിനാല്‍, ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് എന്‍.ഐ.എയുടെ വാദം. പക്ഷേ, 20 പ്രതികളില്‍ ഒരാള്‍ക്കുപോലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നതിനു തെളിവു കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല.
ഭീകരപ്രവര്‍ത്തനം ഇല്ലെങ്കിലും കുറ്റം നിലനില്‍ക്കുമെന്നാണ് എന്‍.ഐ.എ. പറയുന്നത്. സങ്കീര്‍ണവിഷയത്തില്‍ സുപ്രീം കോടതി തീരുമാനത്തിന് അനുസൃതമായി മാത്രമാകും നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ തുടരന്വേഷണം.

Share
അഭിപ്രായം എഴുതാം