ആ ചെടി വാടരുത്

ഇന്ത്യൻ സിനിമയുടെ ശിരോരേഖ തിരുത്താൻ ഭാഗ്യം സിദ്ധിച്ച സ്ഥാപനമാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് . രാജ്യത്തിന് അഭിമാനമായ ഒട്ടേറെ ചലച്ചിത്ര പ്രതിഭകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടക്കത്തിൽ തന്നെ പഠിച്ചിറങ്ങി. സത്യജിത് റായ്ക്കും ഘട്ടക്കിനും മൃണാൾ സെന്നിനും ശേഷമുള്ള ഇന്ത്യൻ സിനിമ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ചിറങ്ങിയവരുടെതായി. മണി കൗൾ, കുമാർ സാഹിനി, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രാഹം, ഷാജി എൻ കരുൺ, നസിറുദ്ദീൻ ഷാ, ഓം പുരി, സ്മിതാ പാട്ടിൽ, ശബാനാ ആസ്മി…. ആ നിര നീളുകയാണ്. ഇവരിലൂടെ ഇന്ത്യൻ സിനിമയിൽ നവതരംഗം വിടർന്നു.

ഇന്ത്യൻ സിനിമക്ക് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച ഈടുവയ്പിൻ്റെ ആഴമറിഞ്ഞാണ് അത്തരമൊരു സ്ഥാപനത്തിന് കേരളത്തിലും ശ്രമമാരംഭിച്ചത്. എന്നാൽ 2016 വരെ അതിന് കാത്തിരിക്കേണ്ടി വന്നു. കേരളത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദരണിയനായ കെ.ആർ. നാരായണൻ്റെ നാമധേയത്തിൽ കോട്ടയത്തിനടുത്ത് ആരംഭിച്ച ആ സ്ഥാപനം, പക്ഷേ സ്ഥാപന മേധാവിയുടെ ധാർഷ്ട്യത്താൽ തകർന്നു കൊണ്ടിരിക്കുന്നു. സ്ഥാപനത്തിലെ ജോലിക്കാരെക്കൊണ്ട് ഡയറക്ടറുടെ വീടും ശുചിമുറിയും കഴുകിക്കുക, ജോലിക്കാരോട് ജാതിവിവേചനം കാണിക്കുക, വിദ്യാർത്ഥികൾക്ക് സംവരണാനുകൂല്യം നൽകാതിരുന്ന് പ്രവേശനം വെട്ടിച്ചുരുക്കുക തുടങ്ങി നിരവധി വീഴ്ചകളാണ് ഡയറക്ടറുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. പാളിച്ചകൾ തിരുത്താൻ ഡയറക്ടർ തയ്യാറാകാത്ത സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് വിദ്യാർത്ഥികൾ സമരമാരംഭിച്ചു. കോട്ടയത്ത് ഒതുങ്ങിനിന്ന സമരത്തിൻ്റെ അലയൊലി ഐ. എഫ്. എഫ്. കെ വേദിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ മാത്രമാണ് ഗവൺമെന്റ് ഇടപെടുന്നത്.

പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗവൺമെന്റ് നിയോഗിച്ച കമ്മീഷൻ തെളിവെടുപ്പിനെത്തിയപ്പോൾ ഡയറക്ടർ സഹകരിച്ചില്ല. ആ റിപ്പോർട്ട് തുറന്നു നോക്കാതെ ഇപ്പാൾ വീണ്ടുമൊരു കമ്മീഷനെ ഗവൺമെന്റ് നിയോഗിച്ചിരിക്കുന്നതിൻ്റെ സാംഗത്യം ആർക്കും മനസ്സിലായിട്ടില്ല. തൊട്ടുപുറകെ കോട്ടയം ജില്ലാ കളക്ടർ ജനുവരി എട്ട് വരെ കോളജ് അടച്ചിടാൻ തീരുമാനിച്ച് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്തുമസ് ദിനം മുതൽ അനിശ്ചിതകാല നിരാഹാര സമരം കുട്ടികൾ പ്രഖ്യാപിച്ചതിൻ്റെ പ്രതികാര നടപടിയാണ് ഈ കോളജ് അടച്ചിടൽ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അഥവാ സമരം പൊളിക്കൽ നടപടി. തിരുവനന്തപുരത്ത് ഐ.എഫ് എഫ് കെ യിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കനുവദിച്ച താമസ സൗകര്യം റദ്ദ് ചെയ്തതിന് സമാനമായ നടപടിയായേ ഇത് കാണാൻ കഴിയുന്നുള്ളു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ച് ലോകസിനിമവേദിയിൽ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻ ആണ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാൻ. അദ്ദേഹം വിദ്യാർത്ഥി സമരത്തെ തള്ളിക്കളഞ്ഞ് ഡയറക്ടർക്ക് പിന്തുണ പ്രഖ്യാപിച്ചത് സാംസ്കാരിക കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമരത്തിനെതിരായ നിലപാടെടുക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതായും മനസ്സിലാവുന്നു. വിദ്യാർത്ഥികൾ ഉയർത്തിയ പ്രശ്നങ്ങൾ മനസ്സിലാക്കി ഡയറക്ടറുടെ വീഴ്ചകൾ തിരുത്തി സ്ഥാപനത്തിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തേണ്ടതിന് പകരം അദ്ദേഹം സ്വീകരിച്ച വിചിത്ര നിലപാടിൽ കലാലോകം അസ്വസ്ഥമാണ്. സമരത്തിന് പിന്നിൽ നിക്ഷിപ്ത താത്പ്പര്യക്കാരുണ്ടെന്ന് അദ്ദേഹത്തിനുറപ്പുണ്ടെങ്കിൽ അവരെ തുറന്നുകാണിക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. സർക്കാരിൻ്റെ നിസ്സംഗ നിലപാടും ആശങ്കപ്പെടുത്തുന്നു. ഹോസ്റ്റലുകൾ ഒഴിപ്പിക്കാനുള്ള നീക്കം ഒരിക്കലും ഇടതുപക്ഷ ഗവൺമെന്റിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണ്.

കേരളം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥാപനമാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്. അവിടെനിന്ന് പുറത്തിറങ്ങേണ്ടത് നാളെ മലയാള സിനിമയുടെ യശസ്സ് വളർത്തേണ്ട പ്രതിഭകളാണ്. അടൂരിനും അരവിന്ദനും ഷാജിക്കും ലിജോയ്ക്കും അപ്പുറത്തേക്ക് മലയാള സിനിമ വളരേണ്ടത് അവരിലൂടെയാണ്. കുരുത്തുവരുന്ന പ്രതീക്ഷയുടെ ചെടിയിൽ തിളച്ച വെള്ളം വീഴിക്കുകയില്ലെന്ന് ആശിക്കാം .

Share
അഭിപ്രായം എഴുതാം