പതിനെട്ടാം വയസ്സിൽ വിദ്യാർഥികൾ സ്വാതന്ത്ര്യം നേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് ആരോഗ്യ സർവകലാശാല കോടതിയിൽ. പതിനെട്ടാം വയസ്സിൽ വിദ്യാർത്ഥികളുടെ മസ്തിഷ്കം ദുർബലമാണ്. ശാസ്ത്രീയമായി ഇരുപത്തിയഞ്ചാം വയസ്സിൽ മാത്രമേ മാനസിക വികാസം വിദ്യാർത്ഥികളിൽ ഉണ്ടാകുന്നുള്ളൂ എന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ.

അതെ അതുകൊണ്ട് 25 വയസ്സ് കഴിഞ്ഞവർ എല്ലാവരും എല്ലാം തികഞ്ഞു നിൽക്കുകയാണല്ലോ. സമ്മർദ്ദങ്ങളിൽ വീഴാനും സുരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും ലഹരി മരുന്നിലേക്ക് എല്ലാം പോകാനും അങ്ങനെ പ്രായമൊക്കെ കണക്കാണോ? ഇലന്തൂരിൽ അന്ധവിശ്വാസം മൂത്ത് ആളുകളെ കൊന്നത് 25 വയസ്സിന് മുകളിൽ, ശാസ്ത്രീയമായി മാനസിക വികാസം സംഭവിച്ചവരാണ്. അതുകൊണ്ട് മനസ്സിന്റെ വളർച്ചയില്ലായ്മയെ കാട്ടി വിദ്യാർത്ഥികൾക്കെതിരെ പറഞ്ഞാൽ കോടതിയിൽ കേസ് നിലനിൽക്കും എന്ന് തോന്നുന്നില്ല.

ഹോസ്റ്റൽ ഒരു സാമൂഹിക സ്ഥാപനമാണ്.ഒരാൾ മാത്രമല്ല നിരവധി ആളുകൾ പഠനത്തിനായി അവിടെയാണ് താമസിക്കുന്നത്. സാമൂഹ്യസ്ഥാപനമായ ഒരു കുടുംബത്തിൽ ഒരു കുട്ടി തനിക്ക് 18 വയസ്സായി അതുകൊണ്ട് തനിക്കിനി വെള്ളമടിക്കാം ഏത് സമയത്തും പുറത്തുപോകാം ആരെ വേണമെങ്കിലും വീട്ടിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് തനിക്ക് ഇഷ്ടം ഉള്ളത് ചെയ്താൽ അത് ആ കുടുംബത്തിന്റെ താളം തെറ്റിക്കും. ഹോസ്റ്റൽ അടക്കമുള്ള എല്ലാ സാമൂഹിക സ്ഥാപനങ്ങളും ഇതുപോലെ തന്നെയാണ്. ഈ സാമൂഹ്യസ്ഥാപനങ്ങളുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് പാലിച്ച് ആളുകൾ പ്രവർത്തിക്കുമ്പോഴാണ് സമൂഹം കാര്യക്ഷമമായി നീങ്ങുന്നത്. അതിപ്പോൾ ശാസ്ത്രീയ വളർച്ച 25 വയസ്സിലാണ്. അതുകൊണ്ട് 25 വയസ്സ് കഴിഞ്ഞവർക്ക് ഹോസ്റ്റലിൽ ഈ സൗകര്യങ്ങൾ ഉൾപ്പെടുത്താം എന്ന് പറഞ്ഞാലും അത് യുക്തിസഹം അല്ല. പ്രായമല്ല സാമൂഹിക നിയമങ്ങളും രീതികളും മനസ്സിലാക്കി പ്രവർത്തിക്കാനുള്ള പക്വതയാണ് പ്രധാനം.

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം