വധശിക്ഷയും ലോകരാജ്യങ്ങളിലെ വിവിധ രീതികളും

ലോകത്ത് ഇന്ത്യ അടക്കം 59-ഓളം രാജ്യങ്ങളില്‍ മാത്രമാണ് ഇന്ന് വധശിക്ഷാ സമ്പ്രദായം നിലവിലുള്ളതെങ്കിലും ലോക ജനസംഖ്യയുടെ 60 ശതമാനം വരുന്ന ജനങ്ങള്‍ ഈ രാജ്യങ്ങളിലാണ് വസിക്കുന്നത്. നൂറോളം രാജ്യങ്ങള്‍ ഈ സമ്പ്രദായം പ്രാകൃതമെന്നു കണക്കാക്കി വധശിക്ഷ ഉള്‍പ്പെടെയുള്ള പല ശിക്ഷാ മുറകളും വേണ്ടെന്നു വെച്ചിരിക്കുന്നു. ബാക്കിയുള്ള നാടുകളില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വധശിക്ഷകള്‍ നടപ്പായിട്ടില്ല.

പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ചൈനയില്‍ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളില്‍ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണ്. വധശിക്ഷ പ്രാകൃതമാണെന്നും മാനുഷികവിരുദ്ധമാണെന്നും വാദിക്കുന്ന മനുഷ്യാവകാശ സംഘടനകളും നിയമജ്ഞരുമുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്കനുസരിച്ച് ലോകത്തെ 140 ല്‍പരം രാഷ്ട്രങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നില്ല. 106 രാഷ്ട്രങ്ങള്‍ ഇവ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ വധശിക്ഷയ്ക്ക് അനുകൂലനിലപാടാണ് ഇന്ത്യ കൈക്കൊണ്ടിട്ടുളളത്. 2007ല്‍, വധശിക്ഷകള്‍ക്ക് മൊറട്ടോറിയം ഏര്‍പെടുത്താനുളള ഐക്യരാഷ്ട്ര സംഘടന പൊതുസഭാപ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ഇന്ത്യ എതിരായാണ് വോട്ടു ചെയ്തത്. പിന്നീട് അവതരിപ്പിക്കപ്പെട്ട എല്ലാ വധശിക്ഷാവിരുദ്ധ പ്രമേയങ്ങളും അംഗീകരിക്കപ്പെട്ടെങ്കിലും ഇന്ത്യ ഒരിക്കലും ഇതു പിന്തുണച്ചിട്ടില്ല. ഈ സാഹചര്യങ്ങളില്‍ തുക്കുകയറിന് ബദല്‍ മാര്‍ഗം തേടിയുള്ള സുപ്രിംകോടതി നോട്ടീസ് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ലോകത്ത് ഇന്ന് നിലവിലുള്ള വധശിക്ഷ രീതികളില്‍ പ്രധാനം തൂക്കിലേറ്റല്‍ ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന വധശിക്ഷാ രീതിയാണിത്. ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍, ജപ്പാന്‍, ബംഗ്ലദേശ്, നൈജീരിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പിന്തുടരുന്ന രാജ്യങ്ങളില്‍ ചിലത്.

ബദല്‍മാര്‍ഗങ്ങള്‍

വെടിവെച്ച് കൊല്ലുക: കുറ്റവാളിയെ വെടിവെച്ചു വധിക്കുന്ന രീതിയാണിത്. ഇത് രണ്ടു തരത്തിലാണ്. തലയ്ക്ക് ഒറ്റവെടികൊണ്ട് വധിക്കുന്ന രീതി (ചൈന). ഒരു സംഘം ഷൂട്ടര്‍മാര്‍ നിരന്ന് നിന്ന് കുറ്റവാളിയെ വെടിവെയ്ക്കുന്ന രീതി (ഫയറിങ് സ്‌ക്വാഡ്). ഇന്തൊനീഷ്യ സ്വീകരിക്കുന്നത് ഈ രീതിയാണ്. ഇന്ത്യന്‍ ആര്‍മി ആക്ട് 1950, നേവി ആക്ട് 1957, എയര്‍ഫോഴ്‌സ് ആക്ട് 1950 എന്നിവ പ്രകാരം പ്രതിരോധസേനകളില്‍ കോര്‍ട്ട്മാര്‍ഷലിന് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നയാളെ തൂക്കിലേറ്റിയോ വെടിവെച്ചോ ശിക്ഷ നടപ്പാക്കാം.

തലവെട്ടല്‍: സൗദി അറേബ്യയില്‍ പരസ്യമായ തലവെട്ടല്‍ ഔദ്യോഗികമായ വധശിക്ഷാ രീതിയാണ്.

വിഷം കുത്തിവയ്ക്കല്‍: മാരകമായ വിഷം കുത്തിവച്ച് വധിക്കുന്ന രീതി യുഎസിലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ചൈനയും വിയറ്റ്‌നാമും ഇത് പ്രയോഗിക്കുന്നു. വിഷവാതകം ഉപയോഗിക്കുന്ന രീതിയും ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിലവിലുണ്ട്.1982 ഡിസംബര്‍ 7-ന് ടെക്‌സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കല്‍ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാള്‍സ് ബ്രൂക്ക്‌സ് ജൂനിയര്‍ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. അതിനു ശേഷം 2004-നുള്ളില്‍ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും ഇത് ഉപയോഗത്തില്‍ വന്നു. തായ്‌ലാന്റ് 2003 മുതല്‍ വിഷം കുത്തിവയ്ക്കല്‍ വധശിക്ഷാ മാര്‍ഗമായി ഉപയോഗിക്കുന്നുണ്ട്.
തായ്വാന്‍2005 മുതല്‍ വധശിക്ഷാ മാര്‍ഗമായി വിഷം കുത്തിവയ്ക്കല്‍ ഉപയോഗിക്കുന്നു.

വൈദ്യുതികസേര: ശരീരത്തിലുടെ വൈദ്യുതി കടത്തിവിട്ട് വധിക്കുന്ന രീതി അമേരിക്കയിലെ ഒന്‍പതു സ്റ്റേറ്റുകളില്‍ നിലവിലുണ്ട്. വിഷം കുത്തിവച്ചുള്ള വധശിക്ഷ നടപ്പാക്കലിന് എന്തെങ്കിലും തടസമുണ്ടാകുന്ന പക്ഷം മാത്രമേ നിലവില്‍ ഇവ പരിഗണിക്കാറുള്ളു.

Share
അഭിപ്രായം എഴുതാം