എന്താണ് മോദി അവതരിപ്പിച്ച,ആര്‍.എസ്.എസ്. പിന്തുണയ്ക്കുന്ന പഞ്ചപ്രാണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചും പഞ്ചപ്രാണ്‍ മന്ത്രത്തെ വാനോളം പുകഴ്ത്തിയും അഖില ഭാരതീയ പ്രതിനിധി സഭയില്‍ (എ.ബി.പി.എസ്) ആര്‍.എസ്.എസ്. പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. എന്താണ് ഈ പഞ്ചപ്രാണ്‍? കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പഞ്ചപ്രാണ്‍ മന്ത്രം രാജ്യത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. 2027-ഓടെ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അഞ്ച് പ്രതിജ്ഞകളുമായി മുന്നോട്ട് പോകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. ഇന്ത്യയെ വികസിപ്പിക്കുക, കൊളോണിയല്‍ മാനസികാവസ്ഥയുടെ ശേഷിപ്പുകള്‍ നീക്കുക, സ്വന്തം വേരുകളില്‍ അഭിമാനിക്കുക, പൗരന്മാര്‍ക്കിടയില്‍ ഐക്യവും കര്‍ത്തവ്യബോധവും വളര്‍ത്തുക എന്നിവയാണ് ആ അഞ്ച് മന്ത്രങ്ങള്‍.

ആര്‍.എസ്.എസ്. പ്രമേയം.

പഞ്ചപ്രാണ്‍ കൊളോണിയന്‍ മാനസികാവസ്ഥയില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കുമെന്നാണ് ആര്‍.എസ്.എസ്. പ്രമേയം പങ്കിടുന്ന പ്രതീക്ഷ. ഹരിയാനയിലെ പാനിപ്പത്തിനടുത്ത് സമല്‍ഖയിലാണ് എ.ബി.പി.എസ് ചേര്‍ന്നത്. ഇതിന്റെ രണ്ടാം ദിവസം പാസാക്കിയ പ്രമേയത്തിലാണ് പഞ്ചപ്രാണിന്റെ (അഞ്ച് മന്ത്രങ്ങള്‍) പ്രാധാന്യം ആര്‍.എസ്.എസ് എടുത്തുകാട്ടിയത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യസ്ഥയായി ഇന്ത്യയുടെ ആവിര്‍ഭാവത്തെ പരാമര്‍ശിച്ച മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പ്രമേയം അംഗീകരിച്ചു. സ്വാതന്ത്ര്യാനന്തരം പല മേഖലകളിലും ഇന്ത്യ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ന്, ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരുന്നു. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അംഗീകരിക്കുകയാണ്. വസുദൈവ കുടുംബകത്തിന്റെ ആശയപരമായ ചട്ടക്കൂടില്‍ അധിഷ്ഠിതമായ ആഗോള സമാധാനവും സാര്‍വത്രിക സാഹോദര്യവും മനുഷ്യക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഒരു പങ്കിലേക്കാണ് ഭാരതം നീങ്ങുന്നതെന്ന് ആര്‍.എസ്.എസ് പറഞ്ഞു. സാങ്കേതികവിദ്യയുടെ യുക്തിസഹമായ ഉപയോഗത്തിലൂടെയും പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെയും ആധുനികതയുടെ ഭാരതീയ സങ്കല്‍പ്പത്തെഅടിസ്ഥാനപ്പെടുത്തണമെന്ന ആഹ്വാനവും പ്രമേയം പങ്കുവച്ചു.രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി കുടുംബങ്ങളെ ശക്തിപ്പെടുത്തുക, സാഹോദര്യത്തിലധിഷ്ഠിതമായ യോജിപ്പുള്ള സമൂഹം സൃഷ്ടിക്കുക, സ്വദേശിെചെതന്യത്തോടെയുള്ള സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പരിശ്രമിക്കണം. സമൂഹമൊന്നാകെ, പ്രത്യേകിച്ച് യുവജനങ്ങള്‍ ഇക്കാര്യത്തില്‍ യോജിച്ച ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് ആഹ്വാനം ചെയ്തു.

Share
അഭിപ്രായം എഴുതാം