നിയന്ത്രണരേഖയിലെ ചൈനീസ് ശ്രമങ്ങള്‍ ഉഭയകക്ഷിബന്ധത്തെ ബാധിക്കുമ്പോള്‍

യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി)യിലെ തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ബാധിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് സമ്മതിച്ചതിനു ശേഷവും എല്‍.എ.സിയിലെ തല്‍സ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ ശ്രമങ്ങള്‍ ചൈന തുടരുകയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. 2021 -22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. 2020 മെയ് 5 ന് പാംഗോങ് തടാക മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. ശേഷം 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സൈനിക ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. എന്നാല്‍ ബ്രിക്‌സ്, എസ്സിഒ, ജി-20, യുഎന്‍ തുടങ്ങിയ സംഘടനകളില്‍ ഇന്ത്യ ചൈനയുമായി ഇടപഴകുന്നത് തുടരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ലഡാക്കില്‍ തര്‍ക്കം തുടങ്ങിയതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മോശമായ അവസ്ഥയിലെത്തി. എല്‍.എ.സിയില്‍ നിലവിലുള്ള സ്ഥിതി മാറ്റാനുള്ള ശ്രമങ്ങള്‍ 2020 ഏപ്രില്‍-മേയ് മാസങ്ങളില്‍ ചൈന തുടങ്ങിയതാണ്. അതോടെ അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ന്നു. ചൈനയുടെ എല്ലാ കടന്നുകയറ്റ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ സേന തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ഥിതി ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും 350 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.’കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ (എല്‍എസി) അതിര്‍ത്തി സ്ഥിതിഗതികളെ കുറിച്ച് രണ്ട് മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസം തുടരുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചൈനയിലേക്കുളള തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളും ജയശങ്കര്‍ ചര്‍ച്ച ചെയ്തു.പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പ്പര്യം എന്നീ മൂന്ന് പരസ്പര ബന്ധങ്ങളിലൂടെ ഇന്ത്യ-ചൈന ബന്ധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ നയതന്ത്ര, സൈനിക ചര്‍ച്ചകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്.

ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നെന്ന് റിപ്പോര്‍ട്ട്

അതേസമയം അതിര്‍ത്തിപ്രശ്നത്തില്‍ നിരന്തരം പിടിമുറുക്കുന്ന ചൈന അവരുടെ സൈനികശക്തി പരമാവധി വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന ജി 20 സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയുമായി നയതന്ത്രസൗഹൃദം പ്രകടിപ്പിച്ചിട്ടും ഏറ്റുമുട്ടല്‍ ആവര്‍ത്തിക്കാന്‍ അവര്‍ തയാറെടുക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ഗാല്‍വാനില്‍ ഉപയോഗിച്ചതിനു സമാനമായ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണു ബെയ്ജിങ്ങെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രണരേഖയിലെ തര്‍ക്കപ്രദേശങ്ങളില്‍ ഈ ആയുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. അതിര്‍ത്തി വിഷയത്തില്‍ പിന്‍വാങ്ങല്‍ ചര്‍ച്ച നടത്തുകയും യോജിപ്പിന്റെ സമീപനം അവതരിപ്പിക്കുമ്പോഴും ഇന്ത്യന്‍ സൈനികര്‍ക്കെതിരേ നീങ്ങാന്‍ ചൈന മടിക്കില്ലെന്നാണു വിലയിരുത്തലുകള്‍.

Share
അഭിപ്രായം എഴുതാം