സ്വൈര്യ സഞ്ചാരത്തിന് തടസ്സം, ജീവന് ഭീഷണിയും: നിയമം കാറ്റില്‍ പറത്തി വഴി നിറയുന്ന തോരണങ്ങള്‍

അനധികൃത തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് കാറില്‍ സഞ്ചരിക്കുന്നവരാണ്, അവര്‍ക്ക് അത് കൊണ്ട് പ്രശ്‌നമില്ല. ഇവിടെ സാധാരണക്കാരാണ് വലയുന്നതെന്ന്-2022ല്‍ പാതയോരത്തെ തോരണങ്ങളും പരസ്യബോര്‍ഡുകളും കൊണ്ടുണ്ടായ അപകടം സംബന്ധിച്ച കേസ് പരിഗണിച്ച ഹൈക്കോടതിയുടെ പരാമര്‍ശമാണിത്. തൃശ്ശൂരില്‍ സ്‌കൂട്ടര്‍ യാത്രികയായ അഭിഭാഷകയുടെ കഴുത്തില്‍ റോഡരികില്‍ കെട്ടിയിരുന്ന പ്‌ളാസ്റ്റിക് കയര്‍ കുരുങ്ങിയുണ്ടായ അപകടത്തെക്കുറിച്ച് ലഭിച്ച പരാതി പരിഗണിക്കവേ ആയിരുന്നു കോടതി രൂക്ഷമായി പ്രതികരിച്ചത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയും കാഴ്ചമറച്ചും ഫല്‍ക്സുകളും ബാനറുകളും കൊടിതോരണങ്ങളും പാടില്ലെന്ന് എത്രയോ തവണ കോടതിയും സര്‍ക്കാരും ഉത്തരവ് നല്‍കിയിരിക്കുന്നു. എന്നിട്ടും അപകടം ക്ഷണിച്ചുവരുത്തുന്ന കെട്ടിവയ്ക്കലുകളാണ് നിരത്തിലെമ്പാടും കാണാനാകുന്നത്. കൃത്യമായി അവ അഴിച്ചുമാറ്റാനുള്ള മര്യാദ പലരും കാട്ടാറില്ല. അപകടങ്ങള്‍ തുടര്‍കഥയാവുകയും ചെയ്യുന്നു. തോരണങ്ങള്‍ വയ്ക്കുന്നതിന് പൊലീസിന്റെ അനുമതി വേണമെന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അത് വാങ്ങിയ ചരിത്രമില്ലെന്നാണ് ഒരു മുന്‍ കമ്മീഷണര്‍ മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കൊടി തോരണങ്ങള്‍ മൂലം കോട്ടയം പട്ടണത്തില്‍ കപൂര്‍ ഡീസല്‍ കന്പനിയുടെ കണ്ടെയ്നര്‍ ട്രക്ക് മണിക്കൂറോളം കുടുങ്ങിക്കിടന്നതും തോരണം നശിപ്പിക്കാതിരിക്കാന്‍ കണ്ടെയ്നര്‍ ലോറി പാര്‍ട്ടിക്കാര്‍ തിരിച്ചുവിട്ടതും നഗരത്തിലെ ഗതാഗതം തന്നെ മണിക്കൂറുകളോളം നിശ്ചലമാക്കിയ കാഴ്ച നാം കണ്ടതാണ്. നിരത്തിനു മുകളിലൂടെ തോരണങ്ങള്‍ വലിച്ചുകെട്ടാന്‍ ഇവിടത്തെ യാതൊരു നിയമവും അനുവദിക്കുന്നില്ലെന്നു മാത്രമല്ല അത് വലിയ അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന നിരത്തുകളില്‍ കുറുകെ കെട്ടുന്ന തോരണങ്ങള്‍ മഴക്കാലത്ത് നനഞ്ഞാല്‍ അത് വൈദ്യുതി കണ്ടക്ടര്‍മാരായി മാറുകയും വലിയ അപകടത്തിനിടയാക്കുകയും ചെയ്യും. ഇതിനു പുറമേയാണ് വലിയ വാഹനങ്ങള്‍ക്ക് നിരത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കാത്തതു മൂലം വലിയ ഗതാഗതതടസ്സത്തിന് അവ ഇടയാക്കുന്നത്.

ശ്രദ്ധേയമായ നിയമ ഇടപെടലുകള്‍

തൃശൂര്‍, അയ്യന്തോളില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയുടെ കഴുത്തില്‍ റോഡരികിലെ തോരണത്തിന്റെ ചരട് കുരുങ്ങി പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവേയാണ് തോരണം കഴുത്തില്‍ കുരുങ്ങി അഡ്വ. കുക്കു ദേവകിയ്ക്ക് പരിക്കേറ്റത്. വാഹനം അമിത വേഗതയിലല്ലാത്തതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തോരണങ്ങള്‍ അഴിച്ച് മാറ്റിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു.അതേ സമയം അഭിഭാഷകയ്ക്ക് അപകടമുണ്ടായ സംഭവം ഭയാനകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തൃശ്ശൂര്‍ നഗരസഭാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു. വിളിച്ചുവരുത്തി കോടതി ശാസിച്ചു. അപകടത്തിനു തൃശൂര്‍ കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്രിമിനല്‍ നടപടികള്‍ തല്‍ക്കാലം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

തൊടുപുഴയില്‍ റോഡിനു കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി വയോധികനു പരുക്കേറ്റ സംഭവത്തില്‍ പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം ഓവര്‍സിയറെ പോലീസ് അറസ്റ്റ്ചെയ്തു. തൊടുപുഴയില്‍ ടൈല്‍ പാകുന്ന ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി റോഡില്‍ അശ്രദ്ധമായി കെട്ടിയ കയറാണു കുരുക്കായത്. യാത്രക്കാര്‍ക്കു കാണാനാകാത്തവിധം കെട്ടിയിരുന്ന കയര്‍ ഭാര്യക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആളിന്റെ കഴുത്തില്‍ കുരുങ്ങി. കഴുത്തിനു പരുക്കേല്‍ക്കുകയും ഇരുവരും താഴെ വീഴുകയും ചെയ്തു. അപകടസമയം പൊതുമരാമത്ത് ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലായിരുന്നു. റോഡില്‍ കയര്‍ കെട്ടിയിരുന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങള്‍ ഒന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പി.ഡബ്ല്യു.ഡി. ഓവര്‍സിയറുടെ അറസ്റ്റ്.ഈ രണ്ട് അപകടങ്ങള്‍ക്കും കാരണം ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്നതുകൊണ്ട് സ്വീകരിക്കപ്പെടുന്ന നടപടികള്‍ സമൂഹത്തിനുള്ള ശക്തമായ താക്കീതായി കണക്കാക്കാം.

രാഷ്ട്രീയ പരസ്യത്തിന് ജീവനേക്കാള്‍ വിലയോ?

കുക്കുവിന്റെ കേസ് പരിഗണിക്കവെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉന്നയിച്ചത്. കോടതിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും താത്പര്യമില്ല, എന്നിട്ടും കോടതിയുടെ വാക്കുകള്‍ക്ക് നിറം നല്‍കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചിരുന്നു. ഒരു നിറത്തേയും ഭയമില്ല, രണ്ടു മൂന്ന് വര്‍ഷമായി ഇതിന് പിന്നാലെയുണ്ട്. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പരസ്യങ്ങള്‍ക്ക് ആളുകളുടെ വിലയുണ്ടോ എന്തിനാണ് ഇങ്ങനെ ബോര്‍ഡുകള്‍ വെയ്ക്കുന്നതെന്ന് മനസിലാകുന്നില്ല, പരസ്യത്തിനാണെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴിയായിക്കൂടെ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതില്‍ പ്രതികരിക്കുന്നുണ്ടോ? ഇതൊക്കെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്, അവരാണെങ്കില്‍ എസി കാറിലാണ് സഞ്ചരിക്കുന്നതെന്നും കോടതി ചോദിച്ചു. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുകയാണോ എന്ന കോടതിയുടെ ചോദ്യം അധികാരികള്‍ കാതുതുറന്ന് കേള്‍ക്കണം.

നിയമം പാലിക്കാത്തവരെ ശിക്ഷിക്കാന്‍ എന്തിനു മടിക്കണം?

നിയമങ്ങളും ഉത്തരവുകളും പാലിക്കാന്‍ മടിക്കുന്നവര്‍ക്കു തക്കതായ ശിക്ഷ നല്‍കാന്‍ എന്തിനു മടിക്കണം? ആളുകളുടെ സുരക്ഷയും സമൂഹത്തിന്റെ പുരോഗതിയും ലക്ഷ്യമിട്ട് ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായവര്‍ വീഴ്ചവരുത്തുന്നത് കടുത്ത തെറ്റാണ്. സാധാരണക്കാരന്റെ ജീവന്‍ പോയാലും കൊടി തോരണങ്ങള്‍ കെട്ടുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാവരും ഒറ്റക്കെട്ടാണ്. ഈ നിയമങ്ങളും ഉത്തരവുകളും പാലിക്കാന്‍ മടിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ എന്തിന് മടിക്കണം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.ഈയൊരു സന്ദര്‍ഭത്തില്‍ കോടതിയും പോലീസും അവസരത്തിനൊത്തുയരേണ്ടതാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുമ്പോള്‍ നിയമത്തിന് മുന്നില്‍ ഉത്തരവാദികളെ കൊണ്ടുവരണം.

Share
അഭിപ്രായം എഴുതാം