അങ്ങനെയെങ്കില്‍ 10 കിലോമീറ്റര്‍ പ്രദേശത്തുള്ളവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന മന്ത്രിയെ എന്തു ചെയ്യണം!

ഒടുവില്‍ സര്‍ക്കാരിന് നല്ല ബുദ്ധി ഉദിച്ചു. ബഫര്‍സോണ്‍ പ്രഖ്യാപനം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും എന്നുമാത്രമല്ല. അവരുടെ ജീവിക്കുവാനുള്ള അവകാശം ഇല്ലാതാക്കുന്ന ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് അംഗീകരിച്ചിരിക്കുന്നു. കേസിന്റെ വിധിയില്‍ പറയുന്ന പ്രകാരം മൂന്നംഗ ഉദ്യോഗസ്ഥ സമിതിക്ക് മുന്‍പിലല്ല സര്‍ക്കാര്‍ ചെല്ലാന്‍ പോകുന്നത്. വിധി തന്നെ പുനഃപരിശോധിക്കണമെന്ന ഹര്‍ജിയുമായി വിധി പറഞ്ഞ മൂന്നംഗ ബഞ്ചിലാണ്. പുനഃപരിശോധിക്കാനുള്ള കാരണം, ഭരണഘടന പൗരന് ഉറപ്പാക്കിയിട്ടുള്ള ജീവിക്കാനുള്ള അവകാശം വിധി മൂലം ഇല്ലാതായിരിക്കുന്നു എന്നതാണ്. ഇത് ശരിയായ ദിശയിലുള്ള മാറ്റമാണ്.

റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്കിനു മുമ്പില്‍
കളിയറിയാത്തയാള്‍ നില്‍ക്കുന്നപോലെ

തോല്‍ക്കുന്ന കളിയില്‍ മത്സരിക്കാന്‍ വിളിക്കുകയായിരുന്നു ഇതുവരെ. ഫുട്ബോള്‍ കണ്ടിട്ട് പോലുമില്ലാത്ത ഒരാളെ, റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്കിന് മുമ്പില്‍ ഗോളിയായി നിര്‍ത്തുകയായിരുന്നു. ഓരോ ഗോള്‍ വീഴുമ്പോഴും പതിനായിരക്കണക്കിനേക്കര്‍ കൃഷിഭൂമി വനംവകുപ്പ് പിടിച്ചെടുത്തു കൊണ്ടിരുന്നു. ഇ എസ് എ, ഇ എസ് സെഡ്, ഇ എഫ് എല്‍ കുടിയേറ്റം ഒഴിപ്പിക്കല്‍, വന്യജീവി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ, ബഫര്‍സോണ്‍ ഇങ്ങനെ പേരുകള്‍ പലത്. പക്ഷേ, അജണ്ട ഒന്നുമാത്രം. ജനവാസ കേന്ദ്രങ്ങള്‍ കയ്യേറുക. അത്രതന്നെ.

Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

ഗോദവര്‍മ്മന്‍ കേസ് വനം-വന്യജീവി-സംരക്ഷണ കാര്യങ്ങളുടെ വിധിക്കുള്ള സൂപ്പര്‍മാര്‍ക്കറ്റാക്കി നിക്ഷിപ്ത താത്പര്യക്കാർ മാറ്റി. ആയിരത്തോളം പരാതികൾ ഉണ്ടായി. തീരുമാനങ്ങളും. മൂന്ന് ഉദ്യോഗസ്ഥരെ ഇരുത്തി വിധി ശുപാര്‍ശ ചെയ്യുന്ന സ്ഥിരം സംവിധാനമായി അത് വളര്‍ന്നു. അവിടെ ലഭിക്കുന്ന പരാതികളില്‍ വനം വന്യജീവി നിയമം മാത്രമാണ് പരിശോധനയുടെ അളവുകോല്‍. ഭരണഘടനാവകാശങ്ങളും വിപുലമായ നിയമവ്യവസ്ഥയും നിഴലില്‍ മാറിനില്‍ക്കുന്ന സ്ഥിതിയായി. സര്‍ക്കാര്‍ തീരുമാനങ്ങളുടെയും വിജ്ഞാപനങ്ങളുടെയും പിന്‍ബലത്തില്‍ രാജ്യത്ത് മുഴുവന്‍ ബാധിക്കുന്ന വിധി ഉണ്ടായി. ബാധിക്കുന്നവരെ കേള്‍ക്കാതെയും വിധി വന്നു.

Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

വന്യജീവി കേന്ദ്രത്തിന് ചുറ്റും 10 കിലോമീറ്റര്‍ ആകാശദൂരം വരെ ബഫര്‍ സോണാക്കാന്‍ ഉണ്ടായ വിജ്ഞാപനം പാര്‍ലമെന്റ് അറിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ തയ്യാറാക്കി. രാജ്യത്ത് നടപ്പാക്കി! ഒരു കിലോമീറ്റര്‍ പോരാ 10 കിലോമീറ്റര്‍ തന്നെ വേണമെന്ന് പറഞ്ഞ് കോടതിയില്‍ കേസ് നടത്താന്‍ ജനസാന്ദ്രമായ കേരളത്തില്‍ നിന്ന് ഒരു മന്ത്രി പോലും ഇന്ന് ഉണ്ടായി. അതോടെ ജനജീവിതം നിരാധാരമായി. അതില്‍ നിന്നുള്ള മാറ്റമാണ് ജീവിക്കുവാനുള്ള അവകാശത്തിന്റെ ലംഘനമാണ് ബഫര്‍സോണ്‍ രൂപീകരണം എന്ന സര്‍ക്കാര്‍ നിലപാട്.

അതിജീവന പോരാട്ടങ്ങളുടെ ദൃശ്യം ബത്തേരിയിൽ നിന്ന് .ചിങ്ങം ഒന്നിന് നടന്ന പരിപാടി

ജീവിക്കാനുള്ള അവകാശം 10 കിലോമീറ്ററില്‍ നല്‍കരുതെന്ന് പറഞ്ഞ് കേസ് നടത്തുന്ന മന്ത്രിയോടുള്ള സമീപനം കൂടി ഇനി സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ മതി.

പുനഃപരിശോധന ഹര്‍ജി ഏതുവരെ എത്താം?

വിധി പറഞ്ഞ കോടതിയാണ് ഹര്‍ജി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുക.

രാജസ്ഥാനിലെ കാര്യത്തിന്റെ പേരില്‍ കേരളത്തിന്റെ ഭൂമി സംബന്ധിച്ചു കൂടിയാണ് വിധി ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഭൂവിനിയോഗം സംബന്ധിച്ച അധികാരം കേരള സര്‍ക്കാരിനാണ്. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാതെ ഉണ്ടായ വിധി ആയതിനാല്‍ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ട്. ഹര്‍ജി സ്വീകരിക്കാനാണ് സാധ്യത.

Read More: ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

ഈ കേസ് വിധിക്കുമ്പോള്‍ പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രശ്നമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കോടതിവിധി മൂലം ബഫര്‍ സോണിലായവരുടെ ജീവിക്കുവാനുള്ള അവകാശം ആണത്. അത് ഭരണഘടനാവകാശമാണ്. സ്റ്റേറ്റിനു പോലും ലംഘിക്കാന്‍ ആവില്ല. സ്റ്റേറ്റ് തന്നെ പൗരന്റെ ഭരണഘടനാവകാശം സംരക്ഷിക്കാനുള്ള സ്ഥാപനമാണ്. ബഫര്‍ സോണ്‍ വിധിയാകട്ടെ വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ശക്തമായ മൂന്ന് നിയമങ്ങള്‍ ഒരു തട്ടിലും ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു മൗലിക അവകാശം മറ്റു തട്ടിലും എന്നതാണ് കേസിന്റെ സ്ഥിതി. ഈ ഘട്ടത്തില്‍ വിപുലമായ ബഞ്ചിന്റെയോ ഭരണഘടന ബഞ്ചിന്റെയോ മുമ്പിലേക്ക് കേസ് മാറ്റപ്പെടുവാനാണ് സാധ്യത.

ജീവിക്കാനുള്ള അവകാശവും നിയമങ്ങളും

മൗലിക അവകാശങ്ങള്‍ കോടതികളെ സംബന്ധിച്ച് മുഖ്യ പരിഗണനകളാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധി സഭകളുടെയും വിവരമില്ലായ്മയുടെയും ശ്രദ്ധയില്ലായ്മയുടെയും പേരില്‍ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ സുപ്രീംകോടതി ഇടപെട്ട് നിയമം റദ്ദ് ചെയ്ത നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഐ.ടി. ആക്ട് ഭേദഗതി മുതല്‍ സമീപകാലത്ത് വ്യഭിചാര കുറ്റം റദ്ദാക്കിയത് വരെ നീളുന്ന ഉദാഹരണങ്ങള്‍. കല്ല് ചുമക്കുന്ന ഒരു സ്ത്രീ, അവരുടെ ശരീരം ജീവിക്കാനുള്ള പ്രതിഫലത്തിനായി വിട്ടുകൊടുക്കുന്ന പോലെ തന്നെയാണ് മറ്റൊരാളുടെ ആവശ്യത്തിനായി വ്യഭിചാരത്തിന് വിട്ടു നല്‍കുന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, സ്ത്രീയുടെ ജീവിക്കുവാനുള്ള അവകാശത്തെ ലംഘിക്കുന്നതിനാല്‍ വ്യഭിചാര കുറ്റം ഭരണഘടനാപരമല്ലെന്ന് വിധിക്കുകയായിരുന്നു.

ബഫർ സോണിനെതിരെ ഉള്ള പടയൊരുക്കം. കോതമംഗലത്തിനടുത്ത് തട്ടേക്കാട് നടന്ന അതിജീവന സംയുക്ത സമിതി രൂപീകരണ യോഗത്തിൽ ഫാദർ ജേക്കബ് മാവുങ്കൽ പ്രസംഗിക്കുന്നു

ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ സിംഹാസനം ഇട്ട് ഇരുന്ന ആ കുറ്റം അതോടെ രംഗമൊഴിഞ്ഞു. എത്ര ലക്ഷം അറസ്റ്റുകളും ശിക്ഷാവിധികളും ആണ് അതോടെ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്. നീതിയുടെ മുമ്പില്‍ ഒന്നാമത് പരിഗണിക്കാനുള്ളതാണ് ജീവിക്കാനുള്ള അവകാശം. ബഫര്‍ സോണ്‍ അതിനെയാണ് ലംഘിക്കുന്നതെന്ന സര്‍ക്കാര്‍ നിലപാടും വലിയ മാറ്റമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്.

സര്‍ക്കാരിന് ബുദ്ധി സ്ഥിരത ഉണ്ടായതിന് പിന്നില്‍

എന്തുകൊണ്ടാണ് ബുദ്ധി സ്ഥിരത ഉണ്ടായതെന്നത് അത്ര പ്രസക്തമല്ല. ബുദ്ധി സ്ഥിരത ഉണ്ടല്ലോ! അതാണ് ഏറെ പ്രസക്തം. ഉദ്യോഗസ്ഥ ദുര്‍ബോധനകളും, നിക്ഷിപ്ത താല്‍പര്യങ്ങളെ സേവിക്കാന്‍ വേണ്ടി നല്‍കിയ നിയമോപദേശങ്ങളും ആണ് സര്‍ക്കാരിനെ ഗതികേടില്‍പ്പെടുത്തിയത്. ഒന്നു മുതല്‍ പൂജ്യം വരെ എണ്ണേണ്ട കാര്യമൊന്നും മന്ത്രിസഭയ്ക്ക് ഇല്ലായിരുന്നു. എന്നുമാത്രമല്ല പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന വിജ്ഞാപനം തന്നെ നടപ്പാക്കാന്‍ പറ്റില്ലെന്ന് കേന്ദ്ര വനം മന്ത്രാലയത്തിന് എഴുതാമായിരുന്നു. വേണമെങ്കില്‍ സുപ്രീംകോടതിയില്‍ അതിനെ ചോദ്യം ചെയ്യാമായിരുന്നു.

Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?

ഉദ്യോഗസ്ഥര്‍ വിരിക്കുന്ന പായയിലെ മന്ത്രിമാരുടെ ഉറക്കം

എന്തുകൊണ്ട് ചെയ്തില്ല? കാര്യം വ്യക്തമാണ്. അഞ്ചാണ്ടുകൂടുമ്പോള്‍ വന്നുപോകുന്ന അതിഥികള്‍ മാത്രമാണ് ജനപ്രതിനിധികളും മന്ത്രിമാരും. ഉദ്യോഗസ്ഥരാകട്ടെ സ്ഥിരം സംവിധാനമാണ്. പുതിയ മന്ത്രി വരുമ്പോഴേ അഞ്ചുകൊല്ലം അവരെ കിടത്താനുള്ള പായ ഉദ്യോഗസ്ഥര്‍ വിരിച്ചിട്ടിരിക്കും. വനം മന്ത്രിക്ക് വനംവകുപ്പിന്റെ പായ. പോലീസ് മന്ത്രിക്ക് പോലീസ് വകുപ്പിന്റെ പായ. അഞ്ചു കൊല്ലം ആ പായയില്‍ ചുരുണ്ടുകൂടി കയ്യും തിരുകി ഉറങ്ങിയിട്ട് എഴുന്നേറ്റ് പോകുന്ന പണിക്ക് മന്ത്രിപ്പണി എന്നും പറയും. ആ പണിയാണ് വനംവകുപ്പില്‍ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീകളും കുട്ടികളും അടക്കം ജീവിക്കുവാനുള്ള അവകാശ പോരാട്ടത്തിൽ .കോഴിക്കോട് ജില്ലയിൽ ചക്കിട്ട പാറയിൽ ജോയി കണ്ണം ചിറയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനരോക്ഷം ശക്തമായതോടെ മാത്രമാണ് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സര്‍ക്കാരിന് ബോധ്യമുണ്ടായത്.

സമര രംഗത്തുള്ള സംഘടനകള്‍ ഇനി എന്ത് ചെയ്യണം?

സര്‍ക്കാരിന്റെ വൈകിയുണ്ടായ ബോധ്യത്തിലും വെള്ളം ചേര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ഉദ്യോഗസ്ഥര്‍ കാത്തു നില്‍പ്പുണ്ട്. കോടതിയില്‍ ധരിപ്പിക്കേണ്ട ഫയല്‍ വഴിയില്‍ വച്ച് ഊരുന്നതു മുതല്‍, കേസ്സ് വാദിക്കാന്‍ നിയമമറിയാത്ത ജൂനിയര്‍ വരുന്നത് വരെ പണികള്‍ പലതും അവരുടെ കയ്യിലുണ്ട്. ലക്ഷക്കണക്കിനാളുകളെ ഫോറസ്റ്റ് ഭരണത്തിന് കീഴിലാക്കി, ജീവിതം ഇല്ലാതാക്കുന്ന സ്ഥിതി വരെ കാര്യങ്ങള്‍ എത്തിച്ചത് ഇത്തരം വേലകള്‍ ഒരുപാട് നടത്തി തന്നെയാണ്. ഇനിയും അതുണ്ടാകും.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നടന്ന പ്രതിഷേധം.അഡ്വക്കേറ്റ് ബിനോയ് തോമസ് പ്രസംഗിക്കുന്നു.

സമര രംഗത്തുള്ളവര്‍ പിന്‍വാങ്ങിയാല്‍ അതിനുള്ള അവസരം ഏറും. ഈ കേസില്‍ ജനങ്ങളും സംഘടനകളും കക്ഷിയാകണം. സര്‍ക്കാര്‍ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെ മാത്രം വിശ്വസിച്ച് വിശ്രമിക്കരുത്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒന്നാമതായി ജീവിക്കുന്നവര്‍ക്ക് തന്നെയാണ്. അത് സംരക്ഷിച്ച് കൊടുക്കാന്‍ മാത്രം ഉത്തരവാദിത്വം പുലര്‍ത്താന്‍ ഉദ്യോഗസ്ഥന്‍ പൗരന്റെ തന്തയൊന്നുമല്ലല്ലോ!

കോഴിക്കോട് ചക്കിട്ടപാറയിൽ പ്രതിഷേധ മതിൽ തീർത്ത ജനക്കൂട്ടം

പൗരന്റെ നികുതിപ്പണം കൊടുത്ത് പൊതുകാര്യത്തിന് വെച്ചിരിക്കുന്ന ജോലിക്കാരന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍. നിര്‍ഭാഗ്യവശാല്‍ ജോലിക്കാരനെ നിയന്ത്രിക്കാനറിയാത്ത പൗരന്മാരാണ് നാട്ടിലുള്ളത്. അതുകൊണ്ട് പണിക്കാരനെ വിശ്വസിക്കേണ്ട. സ്വന്തം പണി സ്വയം ചെയ്യുക. സംഘടനകള്‍ ആ പണി സംഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം