പത്തനംതിട്ട: പോത്തുകുട്ടി വിതരണ പരിപാടി ഡെപ്യുട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പിന്റെയും ഓണാട്ടുകര വികസന ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സങ്കരയിനം പോത്തുകുട്ടികളെയും ആരോഗ്യരക്ഷാ മരുന്നുകിറ്റും വിതരണം ചെയ്യുന്ന പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന പദ്ധതിയുടെ ഭാഗമായി 2021-2022 കാലയളവില്‍ പന്തളം നഗരസഭയിലെ കുരമ്പാല മേഖലയിലെ 20 കുടുംബങ്ങള്‍ക്ക് ആണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്. ഒരു കുടുംബത്തിന് പതിനായിരം രൂപ വരത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മാംസോത്പാദന മേഖലയില്‍ സ്വയം പര്യാപ്തമാകാനും ഗ്രാമീണ ഗോത്ര വര്‍ഗ സമ്പദ്ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.

ഒന്‍പതിനായിരം രൂപ വില വരുന്ന പോത്ത് കുട്ടിയെയും മരുന്ന് ഇനത്തില്‍ 580 രൂപയും പരിശീലനത്തിനും ഇന്‍ഷ്വറന്‍സിനുമായി 250 രൂപ വീതവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. യോഗത്തില്‍ പന്തളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യു അധ്യക്ഷനായിരുന്നു. ഡോ. ജെ. ഹരികുമാര്‍, പി.എസ്. സോമന്‍, സുദര്‍ശനന്‍, സിപിഐ ലോക്കല്‍ സെക്രട്ടറിമാരായ എസ്. രാജേന്ദ്രന്‍, എസ്. അജയകുമാര്‍ എം. ഷൈനി  തുടങ്ങിയവര്‍ ചടങ്ങില്‍  സംസാരിച്ചു.

Share
അഭിപ്രായം എഴുതാം