ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്

ഇടുക്കി: ജനവാസകേന്ദ്രങ്ങൾക്ക് നടുവിലെ റവന്യൂ ഭൂമിയിൽ തീയിട്ട് പുതിയ പരീക്ഷണത്തിലാണ് ചിന്നക്കനാലിൽ വനം വകുപ്പ്. കാട്ടാനകൾ ആളെ കൊല്ലുന്നതും കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമായ ചിന്നക്കനാൽ മേഖലയിലെ പട്ടയ ഭൂമിയിലും റവന്യൂ ഭൂമിയിലും ഉള്ള പുൽമേടുകൾക്ക് തീ കൊളുത്തുന്ന നടപടിയാണ് കർഷകരുടെയും ആദിവാസികളുടെയും ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. പുൽമേടുകൾക്ക് വേനലിന്റെ ആരംഭത്തോടെ തീ കൊളുത്തുന്നത് ഇളം പുല്ല് പൊട്ടിമുളച്ചുണ്ടായി അവിടേയ്ക്ക് ആന കൂട്ടത്തെ ആകർഷിക്കാനുള്ള ഗൂഢ തന്ത്രവും കർഷക ജീവിതത്തെ അവിടെ നിന്നും പറിച്ചെറിയാനുള്ള ചതിയുമാണെന്ന് അവർ പറയുന്നു.

വനംവകുപ്പ് നിയോഗിച്ചിട്ടുള്ള താൽക്കാലിക വാച്ചർമാരാണ് ഒളിച്ചു നടന്ന് പുൽമേടുകൾക്ക് തീവയ്ക്കുന്നത്. ഈയിടെ തീവച്ച ചില വാച്ചർമാരെ നാട്ടുകാർ പിടികൂടിയിരുന്നു. വേനൽക്കാലത്ത് തീ പടരാതിരിക്കാനാണ് കത്തിച്ചതെന്ന ന്യായം പറഞ്ഞ് തടി തപ്പുകയായിരുന്നു. ചിന്നക്കനാൽ വില്ലേജിലാകെ 25 ഏക്കർ മാത്രമാണ് വനഭൂമി. എന്നാൽ റവന്യൂ ഭൂമിയിൽ കടന്നാണ് തീ വയ്പ്പ്. ഇതിൽ റവന്യൂ തരിശും കർഷകരുടെ കൈവശ ഭൂമിയും ആദിവാസി പുനരധിവാസത്തിൽ പെട്ട പട്ടയഭൂമിയും പെടുന്നു.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിയുടെ കോൺട്രാക്ടർമാരും വനം വകുപ്പും ചേർന്ന് റവന്യൂ ഭൂമിയിൽ കടന്ന് നടത്തിയ യൂക്കാലി പ്ലാന്റേഷന്റെ മറവിലാണ് ഈ നടപടികൾ എല്ലാം. പുൽമേടുകളിൽ യൂക്കാലിയും അക്കേഷ്യയും വിദേശ ഇനം കൊന്നകളും നടുന്നതിനെതിരെ കോടതി വിധിയും തീരുമാനവും ആയതോടെ പ്ലാന്റേഷൻ അവസാനിച്ചു. എങ്കിലും വനംവകുപ്പ് ഭൂമിയിൽ ഉള്ള അവകാശം നിലനിർത്താൻ ശ്രമിക്കുകയാണ്.

ആനക്കൂട്ടത്തെ ഈ മേഖലയിൽ ആകർഷിച്ചു നിർത്തി കർഷക- ആദിവാസി ജീവിതത്തെ പിഴുതെറിയാനും ആനത്താര പദ്ധതി നടപ്പാക്കി വന്യ ജീവി സങ്കേതമാക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ എന്ന് കർഷകർ പറയുന്നു. പുരമേയാൻ ഉപയോഗിക്കുന്ന മേച്ചിൽ പുല്ല് ഇനത്തിൽ പെട്ട പുല്ല് വളരുന്ന കുന്നുകൾക്കാണ് തീയിട്ടുന്നത്. തീകത്തി ഏതാനും നാൾ കഴിയുന്നതോടെ തളിർ നാമ്പുകൾ പൊട്ടി മുളയ്ക്കും. തളിരിന് ചെറിയ മധുരം ഉണ്ട്. ഇത് ആനകൾക്ക് ഹരമാണ്. വേനൽക്കാലത്ത് ഈ പുൽ നാമ്പുകൾ സമൃദ്ധമായി ഉള്ള പ്രദേശത്തേക്ക് കാടിറങ്ങി ആനകൾ വരും. മാസങ്ങളോളം അവിടെ ചിലവഴിക്കുകയാണ് പതിവ്. ഈ കാലത്താണ് ആനയുടെ ആക്രമണത്തിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ പേരിൽ കർഷകരെ ഓടിച്ചു റവന്യൂ ഭൂമി കൈവശപ്പെടുത്തിയ വനം വകുപ്പ് ഇപ്പോൾ ആനത്താരയുടേയും ആനപാർക്കിന്റേയും സ്ഥാപനത്തിനായി നടത്തുന്ന ശ്രമങ്ങൾ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാറുണ്ട്. ആനയെ നിരീക്ഷിക്കാൻ എന്ന പേരിൽ നിയോഗിക്കപ്പെട്ട വാച്ചർമാർ ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും മറ്റും ജനവാസ മേഖലയിലേക്ക് തിരിച്ചുവിടുന്ന പണിയും ഉണ്ടെന്ന് ആദിവാസികൾ പറയുന്നു. വൈകുന്നേരത്തോടെയാണ് ഈ നാടകം. ഇരുട്ട് പടരുന്നതോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകൾ വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യും. ആദിവാസികളെ അവരുടെ പട്ടയ ഭൂമിയിൽ നിന്ന് പുറന്തള്ളാനും ആ ഭൂമി വില കൊടുത്ത് ഏറ്റെടുത്തു വനമാക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇതെന്ന് ആദിവാസികൾ പറഞ്ഞു.
പുൽമേടുകൾ കത്തിക്കുന്ന വാച്ചർമാർക്ക് എതിരെ നിയമ നടപടികൾക്കു ഒരുങ്ങുകയാണ് നാട്ടുകാർ.

വൈകുന്നേരത്തോടെ ദൂരെയുള്ള ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ജനവാസ മേഖലയിലേക്ക് തിരിച്ചുവിടുന്ന ചതിയിൽ തകർക്കപ്പെട്ട ആനക്കുഴി ഭാഗത്തെ ആദിവാസി വീട്.

Share
അഭിപ്രായം എഴുതാം