മാവോയിസ്‌റ്റുകള്‍ തടവിലാക്കിയ എഞ്ചിനീയര്‍ അശോക്‌ പവാറിനെ മോചിപ്പിച്ചു

ബിജാപ്പൂര്‍ : ബിജാപ്പൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നിടത്തുനിന്നും മവോവാദികള്‍ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറേയും സഹ പ്രവര്‍ത്തകനെയും വിട്ടയച്ചു. അശോക്‌ പവാറിന്റെ ഭാര്യ സൊണാലി രണ്ട്‌ കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിലെത്തി നടത്തിയ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ വിട്ടയച്ചത്‌..

മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ അശോക്‌ പവാറിനെ മോചിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന അപേക്ഷയുമായി ഭാര്യ സൊണാലി മുട്ടാത്ത വഴികളില്ല. ആരും സഹായത്തിനില്ലായെന്ന്‌ കണ്ടപ്പോഴാണ്‌ അവര്‍ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കാടുകയറാന്‍ തീരുമാനിച്ചത്‌. തന്റെയും മക്കളുടെയും കൂപ്പുകൈകള്‍ക്കുമുമ്പില്‍ മാവോവാദികളുടെ മസലിഞ്ഞു.

സൊണാലിയുടെയും മക്കളുടെയും കഠിന വഴികള്‍ ഫലം കണ്ടു. കാട്ടില്‍ ബന്ധികളാക്കിയിരുന്ന അശോക്‌ പവാറിനെയും സഹപ്രവര്‍ത്തകന്‍ ആനന്ദ്‌ യാദവിനെയും കഴിഞ്ഞ ദിവസം രാത്രി അവര്‍ നിരുപാധികം വിട്ടയച്ചു. വീട്ടിലെത്താന്‍ 2000 രൂപയും നല്‍കി. ബദീര്‍ പോലീസ്‌ സ്‌റ്റേഷനിലത്തിയ ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാമെന്ന്‌ ബസ്‌തേര്‍ റേഞ്ച്‌ ഐജി. പി സുന്ദര്‍രാജ്‌ പറഞ്ഞു. അടിയന്തിര വൈദ്യ സഹായത്തിനും കൗണ്‍സിലിംഗിനുമായി ബിജാപ്പൂരിലെ കുത്രുവിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൊണാലിയും മക്കളും ഉള്‍വനത്തില്‍ വഴിയറിയാതെ ഒരുപാട്‌ ബുദ്ധിമുട്ടി. നാട്ടുകാരും പ്രാദേശിക പത്ര പ്രവര്‍ത്തകരും അവരെ സഹായിക്കാന്‍ കൂടി . ആറുദിവസം മുമ്പ് ബിജാപൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നയിടത്തുനിന്നാണ്‌ മാവോവാദികള്‍ എഞ്ചിനീയറെയും സഹപ്രവര്‍ത്തകനെയും തട്ടിക്കൊണ്ടുപോയത്‌. ഇന്ദ്രനദിക്കുകുറുകെ പാലം നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണിവര്‍. സംഭവം അറിഞ്ഞ്‌ സൊണാലിയും മക്കളും സ്ഥലത്തെത്തുകയും കരഞ്ഞുകൊണ്ടുളള ഒരു വീഡിയോ പുറത്തുവിടുകയും ചെയ്‌തു. കൊച്ചുകുട്ടികളായ മക്കളെ ഓര്‍ത്തെങ്കിലും തന്‍റെ ഭര്‍ത്താലിനെ വിട്ടയക്കണമെന്നും വിട്ടയച്ചാല്‍ സ്വദേശമായ മധ്യപ്രദേശിലേക്ക്‌ മടങ്ങാമെന്നും സൊണാലി വീഡിയോയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നിട്ടും ഫലം കാണാഞ്ഞാണ്‌ മക്കള്‍ക്കൊപ്പം കാടുകയറി മാവോ വാദികളെ നേരില്‍ കാണാന്‍ തീരുമാനിച്ചത്‌. നാട്ടുകാര്‍ ഇവര്‍ക്ക്‌ സഹായമൊരുക്കുകയും ചെയ്‌തു.അതിനിടെ വീഡിയോ കൂടി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ മാവോയിസ്‌റ്റുകള്‍ ഇവെര വിട്ടയക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം