അവയവദാന നിയമം അട്ടിമറിച്ച് അവയവ കച്ചവട മാഫിയാ സജീവമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: അവയവദാന നിയമം അട്ടിമറിച്ച് കോടികള്‍ കൊയ്യുന്ന മാഫിയ സജീവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം മാഫിയകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയിലൂടെ മാത്രമേ അവയവദാനം നടത്താന്‍ പാടുള്ളുവെന്നാണ് നിയമം.

സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും സര്‍ക്കാര്‍ ജീവനക്കാരും ഏജന്റുമാരുമടങ്ങിയ അവയവ മാഫിയാ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തെമ്പാടും നിരവധി പേരെ കബളിപ്പിച്ചും പ്രേരിപ്പിച്ചും പണസമ്പാദനം നടത്തിയിട്ടുള്ളതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. വൃക്ക മാറ്റിവയ്ക്കലിനായി 1660 പേര്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.

തൃശൂര്‍, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുളളത്. കൊടുങ്ങല്ലൂരിലെ തട്ടിപ്പിനിരയായിട്ടുളളവരില്‍ നിന്ന് അന്വേഷണം ആരംഭിക്കുമെന്ന് അന്വേഷണ ചുമതലയുളള തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി. കെഎസ് സുദര്‍ശനന്‍ പറഞ്ഞു.

മാഫിയാ ഏജന്റുമാര്‍ ഇത് സര്‍ക്കാര്‍ പദ്ധതിയാണെന്ന് പറഞ്ഞ് നിരവധിപേരെ തെറ്റിദ്ധരിപ്പിച്ച് വൃക്കകള്‍ ദാനം ചെയ്യിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ തട്ടിപ്പിന് കൂട്ടുനിന്നിട്ടുള്ളതായും സൂചനയുണ്ട്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉളളതായി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര നിയമമായ ട്രാന്‍സ് പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് ലംഘിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. ഐപിസി 417, 119, 120(ബി) കേന്ദ്രനിയമത്തിലെ 19 (എ,ബി.സി) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുളളത്.

അവയവ മാറ്റത്തിന് മൃതസഞ്ജീവിനിയില്‍ രജിസ്റ്റര്‍ ചെയ്യണം. രോഗിയുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആശുപത്രികളാണ്. മുന്‍ഗണന നോക്കിയായിരിക്കണം അവയവങ്ങള്‍ നല്‍കേണ്ടത്. മൃതസഞ്ജീവിനിയുടെ സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച അവസാന തീരുമാനമെടുക്കേണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ വഴിയേ അവയവദാനം നടത്താവു. നിലവില്‍ കേരളത്തില്‍ 43 ആശുപത്രികള്‍ക്കുമാത്രമാണ് അവയവ മാറ്റത്തിന് അനുമതിയുളളത്. ഇത്തരത്തിലുളള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →