മാലിന്യമുക്ത കേരളം മാലിന്യ മുക്ത പുറപ്പുഴ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി : ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലേക്കും നടപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യമുക്ത കേരളം മാലിന്യ മുക്ത പുറപ്പുഴ പദ്ധതിക്ക് പുറപ്പുഴയില്‍ തുടക്കമായി. പകര്‍ച്ച വ്യാധി മൂലം ലോകം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ നെടിയശാല വാര്‍ഡില്‍ തുടക്കം കുറിച്ച ഉറവിട മാലിന്യ സംസ്‌കരണം  ഹരിതഗ്രാമം പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.

ഇതിനായി ഗ്രാമപഞ്ചായത്ത് 202021 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വിഹിതമായി 2000000 രൂപായും ശുചിത്വമിഷന്റെ വിഹിതമായി 1100000 രൂപായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5000000 രൂപായും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ബയോ കംപോസ്റ്റ് ബിന്‍, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവ കേരള സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ പാലക്കാട് ഐ.ആര്‍.ടി.സി. എന്ന സ്ഥാപനം വിതരണം ചെയ്യും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ച് നല്‍കും.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് തൊടുപുഴ എം.എല്‍.എ. പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. മാലിന്യമില്ലാത്ത മലയാള നാട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ഇതോടൊപ്പം 18 ലക്ഷം രൂപാ മുടക്കി ഇടുക്കി ജില്ലാ പഞ്ചായത്ത് വഴിത്തലയില്‍ നിര്‍മിച്ച പൊതു ടോയിലെറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. ചടങ്ങുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരള മിഷന്‍ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റനീഷ് മാത്യു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോമിച്ചന്‍ മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിം കുമാര്‍,പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എ.ആര്‍. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7147/Waste-management-.html

Share
അഭിപ്രായം എഴുതാം