സുപ്രീംകോടതി പറഞ്ഞതല്ല. സർക്കാർ വാഗ്ദാനം ചെയ്തതും അല്ല. ബഫർസോൺ വിദഗ്ധസമിതി ജനവഞ്ചന

2022 ജൂൺ 3-നാണ് വന്യജീവി കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരം തിട്ടപ്പെടുത്തി വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായ ബഫർസോൺ വനം രൂപീകരിക്കാൻ സുപ്രീംകോടതി മൂന്നംഗ ബഞ്ച് വിധിച്ചത്.

കേരള സർക്കാർ ഈ വിധി പുന: പരിശോധിക്കൽ ഹർജി നൽകി. ബഫർ സോണിൽ പെടുന്നവരുടെ ജീവിക്കാനുള്ള മൗലികാവകാശം ഇല്ലാതാകും എന്ന് പറഞ്ഞാണ് ഹർജി നൽകിയത്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയമാകട്ടെ തിരുത്തൽ ഹർജിയാണ് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും ജനവാസമേഖലകളെ ഒഴിവാക്കണമെന്ന നിലപാടിലാണ്.

കേരളത്തിൽനിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സുപ്രീംകോടതിവിധിയിൽ പറഞ്ഞതുമല്ല, മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമല്ല ഇപ്പോൾ ഉണ്ടായിരിക്കുന്ന വിദഗ്ധസമിതി എന്നതാണ് വസ്തുത.

വന്യജീവികേന്ദ്രത്തിന് ഒരു കിലോമീറ്റർ എങ്ങനെ നിർണ്ണയിക്കണമെന്ന് പറയുന്ന വിധിയുടെ ഭാഗം

സുപ്രീംകോടതി പറഞ്ഞ വിധിയനുസരിച്ച് ചീഫ് കൺസർവേറ്ററും ഹോം സെക്രട്ടറിയുമാണ് ബഫർസോൺ നിശ്ചയിക്കേണ്ടത്.

കോടതിയും ഇല്ല, മുഖ്യമന്ത്രിയുമില്ല, സൂപ്പർ ക്യാബിനറ്റ് ആയി വനം വകുപ്പ് മാത്രം

കേരളത്തിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാരുടെ സമിതി മേൽനോട്ടം വഹിച്ച് ബഫർസോൺ അടക്കമുള്ള കാര്യങ്ങൾ നിശ്ചയിച്ച് ജനവാസത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. അറുപതിലധികം കർഷക സംഘടനകളും കെ സി ബി സി യും ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയും ഇടുക്കി ജില്ല കേന്ദ്രീകരിച്ച് അതിജീവനപോരാട്ടവേദി അടക്കം സംഘടനകളും വ്യാപാരി- വ്യവസായി ഏകോപന സമിതിയും ചേർന്ന് രൂപം നൽകിയ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റുമെല്ലാം സർക്കാരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചത്.

ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി.സംസ്ഥാനത്ത് മുഴുവൻ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ബഫർ സോൺ അടക്കം കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 5 മന്ത്രിമാർ അടങ്ങിയ ഉന്നതാധികാര സമിതി ഇതിനെ തുടർന്ന് ഉണ്ടായി.


എന്നാൽ വനം മന്ത്രി ശശീന്ദ്രൻ വിദഗ്ധസമിതി രൂപീകരിച്ചപ്പോൾ സുപ്രീംകോടതി വിധിയിലെ നിർദ്ദേശവും ഇല്ല, മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇല്ല, എന്നതായി സ്ഥിതി.

മന്ത്രി ശശീന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ബഫർ സോൺ സംബന്ധിച്ച് 03. 06. 2022 ൽ ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധസമിതി രൂപീകരിച്ചു.
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും അഡിഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ശ്രീ. കെ ജെ വർഗീസ് ഐ എഫ് എസ് (റിട്ട) എന്നിവരാണ് അംഗങ്ങൾ.
ഈ സമിതിക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.ഇതിൽ ശ്രീ. പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് (അഡിഷണൽ പി സി സി എഫ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇൻറലിജൻസ് ), ഡോക്ടർ റിച്ചാർഡ് സ്കറിയ (ഭൂമിശാസ്ത്ര അധ്യാപകൻ), ഡോക്ടർ സന്തോഷ് കുമാർ എ വി (കേരള ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി), ഡോക്ടർ ജോയ് ഇളമൺ, ഡയറക്ടർ ജനറൽ, കില (കൺവീനർ) എന്നിവർ അംഗങ്ങളാണ്.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെൻറ് സെൻറർ നേരത്തെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് ബഹു. സുപ്രീം കോടതിക്ക് സമർപ്പിക്കുക.
ഒരു കിലോമീറ്റർ ബഫർ സോൺ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ .സോൺ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ബഹു. സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയും.

സമിതിയിൽ മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. കൃഷി, റവന്യൂ അടക്കം ജനജീവിതത്തെ പറ്റി പറയേണ്ടവർ സമിതിക്ക് വെളിയിൽ ഉപദേശകരായി, കാഴ്ചക്കാരായി മാറി.

ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് ? നടപ്പാക്കുന്നത് ?

ഈ ചോദ്യമാണ് വീണ്ടും ഉയരുന്നത്. ഒരു വകുപ്പ് മാത്രമാണ് വനം വകുപ്പ് . പക്ഷേ ആര് എന്ത് തീരുമാനമെടുത്താലും കാര്യങ്ങൾ നടപടിയിലേക്ക് എത്തുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അവരുടെ പിണിയാളുകളുടെയും ഇംഗിതമാണ് നടപ്പാക്കേണ്ടി വരുന്നത് എന്ന ഗതികേടിലാണ് സംസ്ഥാനഭരണം. EFL, ESA , ESZ, വന്യജീവി ശല്യം, കൃഷി ഭൂമി പിടിച്ചെടുക്കൽ, റവന്യൂ ഭൂമി വനമാക്കൽ ഇതിലൊന്നും രാഷ്ട്രീയ തീരുമാനമോ ഭരണ തീരുമാനമോ ഇതേവരെ നടപ്പായിട്ടില്ല. ഏതെങ്കിലും സർക്കാർ, ജനാഭിപ്രായത്തെ മാനിച്ച് തീരുമാനമെടുത്താൽ ഉദ്യോഗസ്ഥരുടെ താൽപര്യം നടപ്പാക്കാൻ നിയോഗിച്ചിട്ടുള്ള പരിസ്ഥിതി സംഘടനകളെ കൊണ്ട് കേസ് കൊടുപ്പിച്ച് ജനപക്ഷ തീരുമാനം നടപ്പാക്കാതെ അട്ടിമറിക്കുകയും അനുകൂല രാഷ്ട്രീയ കാലാവസ്ഥ വരെ നീട്ടി കൊണ്ടുപോവുകയും ചെയ്യുന്ന തന്ത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പയറ്റുന്നത്.

9107 ചതുരശ്രകിലോമീറ്റർ പ്രദേശം ESA ആണെന്ന് വിജ്ഞാപനം. ഇത് വനമാണെന്നും വിജ്ഞാപനം. കേരളത്തിൽ ആകെ 9993.7 ചതുരശ്രകിലോമീറ്റർ ആണ് വനമെന്ന് കണക്ക്. എന്നാൽ ഈ 127 വില്ലേജിൽ 9107 ചതുരശ്രകിലോമീറ്റർ വനം ഇല്ല. ഇല്ലാത്ത വനം കർഷകന്റെ ഭൂമിയാണ്.
ESA യുടെ കാര്യത്തിലും അട്ടിമറി നടത്തി

വിദഗ്ധ സമിതിയുടെ കാര്യത്തിലും അതാണ് ഉണ്ടായിരിക്കുന്നത്. പുന പരിശോധന ഹർജി എന്നത് രാഷ്ട്രീയ- ഭരണതല തീരുമാനം ആയിരുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കും എന്ന സത്യമാണ് സർക്കാർ സ്വീകരിച്ചത്. പക്ഷേ ഹർജിയിൽ വന്നപ്പോൾ ജനവാസ കേന്ദ്രങ്ങളിലുള്ളവർ 01/01/1977 -ന് മുമ്പ് വനഭൂമി കയ്യേറി താമസിക്കുന്നവരും അലഞ്ഞു തിരിയുന്ന ആദിവാസികളും മാത്രമാണ് എന്നായി സത്യവാങ്മൂലം!!

ESA യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഉമ്മൻ കമ്മിറ്റിയെ വെച്ച് സംസ്ഥാനമാകെ തെളിവെടുപ്പ് നടത്തി 127 പരിസ്ഥിതി സംവേദക മേഖലകളിലെയും ജനവാസത്തെ ESA യിൽ നിന്ന് ഒഴിവാക്കാനും അതാത് വില്ലേജുകളിലെ വനഭൂമി മാത്രം ESA ആയി പ്രഖ്യാപിക്കാനും തീരുമാനമായി.

ആ റിപ്പോർട്ട് കൊടുത്തപ്പോൾ 127 വില്ലേജുകളിലുമായി കേരളത്തിലെ മുഴുവൻ വനവും പെടുത്തി. വനം കഴിഞ്ഞാൽ പിന്നെ കൃഷിക്കാരില്ല എന്ന സ്ഥിതി കണക്കിൽ കൊണ്ടുവന്നു. മാത്രമല്ല റവന്യൂ വില്ലേജ് മുഴുവൻ ESA വില്ലേജ് ആക്കി വിജ്ഞാപനവും ഇറക്കി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ കഥ അതോടെ കഴിഞ്ഞു. 127 റവന്യൂ വില്ലേജും ESA വില്ലേജ് ആയി . അതിനകം മുഴുവൻ വനം ആണെന്ന് കണക്കും ഉണ്ടാക്കി. മന്ത്രിസഭയും നിയമസഭയും രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഉദ്യോഗസ്ഥ തന്ത്രത്തിന്റെ അടിയിലുമായി. ബഫർ സോൺ സംബന്ധിച്ച വിദഗ്ധ സമിതിയും ഒരു തട്ടിപ്പായി മാറിയിരിക്കുന്നു.

Share
അഭിപ്രായം എഴുതാം