ചോളരാജാക്കന്‍മാരില്‍ തുടങ്ങി 21ാം നൂറ്റാണ്ടിലെ പാര്‍ലമെന്റില്‍ വരെ എത്തി നില്‍ക്കുന്ന ചെങ്കോല്‍

പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ ചേംബറിന് മുകളിലായി പഴയ ചെങ്കോല്‍ സ്ഥാപിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയാണ് ചെങ്കോലിന് വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. തഞ്ചാവൂരില്‍ നിന്നെത്തിയ പൂജാരിമാര്‍ ആദ്യം മൗണ്ട്ബാറ്റണ് നല്‍കിയ ചെങ്കോല്‍ അദ്ദേഹം മടക്കിനല്‍കിയശേഷം ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ അവകാശപ്പെട്ടത്. പ്രത്യേക വിമാനത്തിലാണ് ഇത് ഓഗസ്റ്റ് 14ന് ഡല്‍ഹിയിലെത്തിച്ചതെന്നും പറയുന്നു. ചരിത്രരേഖയിലില്ലാത്ത കാര്യമെന്ന് പറഞ്ഞ് കോണ്‍ഗ്രസും ഇന്ത്യന്‍ പാരമ്പര്യത്തെ അപമാനിച്ചെന്ന് പറഞ്ഞ ഭരണപക്ഷവും രംഗത്തെത്തിയതോടെ വിഷയം ദേശീയ ശ്രദ്ധ നേടി.

സ്വതന്ത്യലബ്ധി സമയത്ത് നീതിയുടെ പ്രതിനിധി

സ്വതന്ത്യലബ്ധി സമയത്ത് ചോളരാജവംശത്തിന്റെ അധികാര ചിഹ്മായ ചെങ്കോല്‍ സി രാജഗോപാചാരിയാണ് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു ചെങ്കോല്‍ എന്ന അധികാര ചിഹ്നത്തിന്റെ കൈമാറ്റം എന്നാണ് റിപ്പോര്‍ട്ട്. അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു എന്നാണ് പറയുക. ലാറി കോളിന്‍സും ഡോമിനിക്ക് ലാപ്പിയറും ചേര്‍ന്ന് പഴയരേഖകള്‍ പരിശോധിച്ചും അന്ന് ജീവിച്ചിരുന്നവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും 1975 ല്‍ രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ നെഹ്റുവിന്റെ യോര്‍ക്ക് റോഡിലെ (ഇപ്പോള്‍ മോത്തിലാല്‍ നെഹ്റു മാര്‍ഗ്) വസതിയില്‍ ഒരു ചെങ്കോല്‍ ചടങ്ങ് നടന്നതായി പരാമര്‍ശമുണ്ട്. അത് ഔദ്യോഗികചടങ്ങായിരുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

വെള്ളിയാഴ്ച ഭയമോ?

ഇന്ത്യന്‍ ജ്യോതിഷികളുടെയും വിശ്വാസികളുടെയുടെയും ഇടപെടലാണ് ചെങ്കോല്‍ ചരിത്രത്തിന് പിന്നിലെന്ന വാദവും ചരിത്രകാരന്‍മാര്‍ക്കിടയിലുണ്ട്. 1945 ഓഗസ്റ്റ് 15ന് ജപ്പാന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങിയ ചരിത്ര പ്രസിദ്ധമായ ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് അതേ ദിവസം മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. പക്ഷേ അതിന് അദ്ദേഹം ഏറെ പഴികേട്ടു. കാരണം ഓഗസ്റ്റ് 15 ഒരു വെള്ളിയാഴ്ചയായിരുന്നു. ഇന്ത്യയില്‍ ഒരു ശുഭകാര്യവും വെള്ളിയാഴ്ച നടക്കാറില്ല. എന്നാല്‍ പുരോഗമനവാദിയായ നെഹ്റു മൗണ്ട് ബാറ്റണു പിന്നില്‍ ഉറച്ചുനിന്നു. അപ്പോഴാണ് ഓഗസ്റ്റ് 14 അര്‍ധരാത്രി അധികാരക്കൈമാറ്റമാക്കാന്‍ നിര്‍ദ്ദേശം വന്നത്. അങ്ങനെയാണ് ഇന്ത്യക്ക് അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയത്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാറി കോളിന്‍സും ഡൊമനിക്ക് ലാപ്പിയറും ഇതു വിശദമായി എഴുതിയിട്ടുണ്ട്. അതുപോലെ തന്നെ വിശ്വാസപരമായ മറ്റൊരു പ്രശ്നമായിരുന്നു, യാന്ത്രികമായി ഒപ്പിട്ട് ഹസ്തദാനം നല്‍കുന്നതിന് പകരം, അധികാരക്കൈമാറ്റത്തിന് ആചാരപരവും വിശ്വാസപരവുമായ ഒരു പാരമ്പര്യം ഉയര്‍ത്തിപ്പടിക്കണം എന്നത്. മുഗള്‍ രാജാക്കന്മാരുടെ കിരീടം തൊട്ട് രജപുത്രന്മാരുടെ തലപ്പാവുവരെയുള്ള പല അധികാര ചിഹ്നങ്ങളും ഇതിനായി ചര്‍ച്ചയില്‍ വന്നു. പക്ഷേ ഒന്നിലും സമവായം ഉണ്ടായില്ല. അപ്പോഴാണ്, നേരത്തെ അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം വാങ്ങാനുള്ള ഫോര്‍മുലയുണ്ടാക്കിയവരില്‍ പ്രധാനിയായ സി രാജഗോപാലാചാരി അതിലും ഇടപെട്ടത്്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു ചെങ്കോല്‍ എന്ന അധികാര ചിഹ്നത്തിന്റെ കൈമാറ്റം.

1947 ഓഗസ്റ്റ് 14ന് തമിഴ്നാട്ടില്‍ നിര്‍മ്മിച്ച ചെങ്കോലുമായി മൂന്നുപേര്‍ ഡല്‍ഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരന്‍ എന്നിവരാണ് ചെങ്കോലുമായി വന്നത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പൂജാരി ചെങ്കോല്‍ എടുത്ത് ആദ്യം മൗണ്ട്ബാറ്റന്‍ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടര്‍ന്ന് ഗംഗാജലം തളിച്ച് ചെങ്കോല്‍ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്റുവിനു ചെങ്കോല്‍ കൈമാറി.അങ്ങനെ മൗണ്ട് ബാറ്റണും നെഹ്റുവും ചെങ്കോല്‍ കൈമാറിയാണ് ഈ രാജ്യം പിറന്നത്. ഇപ്പോഴിതാ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ കൈമാറ്റം വീണ്ടും നടന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് കൈമാറിയത്. അതിന് ശേഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം സൂക്ഷിക്കും.

Share
അഭിപ്രായം എഴുതാം