കര്‍ണാടകയിലെ ശിവ-രാമയുദ്ധം, കഥ ഇതുവരെ

ബി.ജെ.പിയെ തറപറ്റിച്ചു കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള വടംവലി നീളുന്നു. നിയുക്ത എം.എല്‍.എമാരില്‍ 85 പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യയാണ് സാധ്യതയില്‍ മുന്നില്‍. ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ 45 പേര്‍ ശിവകുമാറിനെ തുണച്ചതായാണ് വിവരം.

പാറ പ്രകൃതിക്ക് അവകാശപ്പെട്ടതാണ്-ശിവകുമാര്‍ വിമതനാകാനില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡി.കെ. കടുത്ത അതൃപ്തിയിലാണ്. ആരുവേണമെങ്കിലും ആരെയും ഒപ്പം കൂട്ടട്ടെ. എനിക്ക് ഒരാളുടെയും പിന്തുണ ആവശ്യമില്ല. നിങ്ങളെല്ലാവരും എന്നെ പാറയെന്നു വിളിച്ചു. പാറ പ്രകൃതിക്ക് അവകാശപ്പെട്ടതാണ്. അത് വേണമെങ്കില്‍ തകര്‍ക്കാം. എന്നെ ഒരു ചെരുപ്പായോ ചെളിയായോ തൂണായോ ഉപയോഗിക്കാം. അതു ഞാന്‍ ജനങ്ങള്‍ക്കു വിടുന്നു. ഞാന്‍ ഒറ്റയാനാണ്, എനിക്കു അക്കങ്ങള്‍ സമ്പാദ്യമായില്ല”- ഡല്‍ഹി യാത്രയ്ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോടു വികാരഭരിതനായി ശിവകുമാര്‍ പറഞ്ഞു. വ്യക്തമാക്കുന്നത്. വിയര്‍പ്പൊഴുക്കിയവര്‍ക്ക്, ജനങ്ങള്‍ ഇഷ്ടപ്പെടുന്നവരേക്കാള്‍ മുന്‍ഗണന ലഭിക്കണം. ഞാന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. എന്തുചെയ്തോ അതെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണ്. എല്ലാ കഷ്ടപ്പാടുകളും പാര്‍ട്ടിക്കുവേണ്ടി ആയിരുന്നു.-ശിവകുമാര്‍ പറഞ്ഞു.

കരുതലോടെ കോണ്‍ഗ്രസ്

മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവകാശവാദമുന്നയിച്ചതോടെ കരുതലോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്. മധ്യപ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോകാനുള്ള നീക്കങ്ങളാണു നേതൃത്വം നടത്തുന്നത്.തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി മൂലം 2020 ല്‍ കോണ്‍ഗ്രസിനു മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുകയായിരുന്നു. ഏതാനും എം.എല്‍.എമാര്‍ക്കെപ്പം ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യ നിലവില്‍ കേന്ദ്രമന്ത്രിയാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ െപെലറ്റും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. പഞ്ചാബിലെ സമാനമായ പോരുമൂലം കോണ്‍ഗ്രസിനു നഷ്ടമായത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് എന്ന പ്രമുഖ നേതാവിനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു.
സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കലഹം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നു ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. രണ്ടര വര്‍ഷം വീതം അധികാരം പങ്കിടുന്നതിനുള്ള സാധ്യതയാണു നേതൃത്വം പരിഗണിക്കുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ, പിന്നീട് ശിവകുമാര്‍.സിദ്ധരാമയയ്യയുടെ പ്രായം, മികച്ച പ്രതിച്ഛായ എന്നിവ കണക്കാക്കി അദ്ദേഹത്തിന് ആദ്യ അവസരം നല്‍കണമെന്നാണു ഹൈക്കമാന്‍ഡിന്റെ നിലപാട്. അതേ സമയം, കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടര്‍ എന്നറിയപ്പെടുന്ന ശിവകുമാറിനെ മാറ്റിനിര്‍ത്താനാകില്ല.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മാത്രമല്ല, ദക്ഷിണമേഖലയാകെ ശിവകുമാറിന്റെ സേവനം ഗുണംചെയ്യുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേ സമയം, ശിവകുമാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്.

സിദ്ധരാമയ്യ ഡല്‍ഹിയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മാതൃസംസ്ഥാനം കൂടിയായ കര്‍ണാടകയില്‍ പാര്‍ട്ടി നേടിയ ഗംഭീരവിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന തരത്തിലാണു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും അധികാരത്തിനായി നടത്തുന്ന ചരടുവലികള്‍. സിദ്ധരാമയ്യ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കു ഡല്‍ഹിയിലുണ്ട്. നിയമസഭാകക്ഷിയില്‍ തനിക്കാണു ഭൂരിപക്ഷമെന്ന സിദ്ധരാമയ്യയുടെ അവകാശവാദത്തിലുള്ള അതൃപ്തിയാണു ശിവകുമാറിന്റെ അപ്രതീക്ഷിതനീക്കത്തിനു പിന്നിലെന്നു സൂചനയുണ്ട്. ഇതോടെ, കര്‍ണാടകയിലെ നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയാരെന്ന് ഹെക്കമാന്‍ഡ് നടത്താനിരുന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയിലെത്തി. സഹോദരന്‍ കര്‍ണാടക മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നു സുരേഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വൈകിയാലും ഒറ്റക്കെട്ടായിട്ടായിരിക്കും അന്തിമ തീരുമാനമെന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.ബംഗളുരുവില്‍ എ.ഐ.സി.സി. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. അതിനു പിന്നാലെയാണു ഹൈക്കമാന്‍ഡിനെക്കണ്ട് അവകാശവാദമുന്നയിക്കാന്‍ സിദ്ധരാമയ്യ ഡല്‍ഹിയിലെത്തിയത്. ആദ്യ രണ്ടു വര്‍ഷം താനും തുടര്‍ന്നു ശിവകുമാറും മുഖ്യമ്രന്തിയാകട്ടെയെന്ന ഫോര്‍മുല സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനു മുന്നില്‍വച്ചെന്നാണു സൂചന. പ്രായക്കൂടുതല്‍ തനിക്കായതിനാല്‍ ആദ്യത്തെ ഊഴം തനിക്കു വേണമെന്നും സിദ്ധരാമയ്യ (75) ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരെഞ്ഞടുപ്പിലും വിജയം ആവര്‍ത്തിക്കാന്‍ പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ ശിവകുമാര്‍ സംഘടനാരംഗത്തു ശ്രദ്ധയൂന്നണമെന്ന നിലപാട്‌ ഹൈക്കമാന്‍ഡിനുമുണ്ട്.

Share
അഭിപ്രായം എഴുതാം