എ.ഐ. കാമറ വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് കൈമാറുന്നതു സര്‍ക്കാര്‍ പരിഗണനയില്‍. വിഷയത്തില്‍ കെല്‍ട്രോണിനോടു ഗതാഗത വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ അന്വേഷണം വിജിലന്‍സിനു കൈമാറിയേക്കും. നേരത്തെ വ്യവസായ വകുപ്പും കെല്‍ട്രോണിനോടു വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു ഗതാഗതവകുപ്പും വിശദീകരണം തേടിയതെന്നാണു വിവരം.
വിവാദം പൊതുതാല്‍പര്യ ഹര്‍ജിയായി കോടതിയില്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് അന്വേഷണം വിജിലന്‍സിനെ ഏല്‍പിക്കാനുള്ള ആലോചന. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാന്‍ മാത്രം കേസെടുത്ത് അന്വേഷിക്കും. ഇതുവഴി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കരാറിനെക്കുറിച്ചും കാമറയുടെ ഗുണനിലവാരത്തെപ്പറ്റിയുമാണ് ഗതാഗത വകുപ്പ് വിശദീകരണം തേടിയത്. ഈ വിജയംതന്നെയാണ് വ്യവസായ വകുപ്പും കെല്‍ട്രോണിനോടു വിശദീകരണം തേടിയത്. മുന്‍ ഗതാഗത കമ്മിഷണറായിരുന്ന ആര്‍. ശ്രീലേഖ ഒപ്പിട്ട ഒരു കരാര്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും വിശദീകരണം തേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
എ.ഐ. കാമറ പദ്ധതി സര്‍ക്കാറിനുമേല്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കാമറ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിശ്ചയിച്ചിരുന്നത്. പദ്ധതി നടപ്പാക്കിയശേഷം പിഴയിനത്തില്‍ കെല്‍ട്രോണിനു ചെലവായ തുക ഈടാക്കാം. ചെലവായ തുക ഈടാക്കിയശേഷം കാമറയുടെ പ്രവര്‍ത്തനം സര്‍ക്കാറിനു കൈമാറും. ഈ രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയിലാണ് ഒപ്പിടുന്ന സാഹചര്യത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. ഇതോടെ പദ്ധതിയുടെ ചെലവു മൂന്നുമാസം കൂടുമ്പോള്‍ കെല്‍ട്രോണിനു നല്‍കുന്ന രീതിയിലേക്കു കരാര്‍ മാറി. തുടര്‍ന്നു മൂന്നുമാസം കൂടുമ്പോള്‍ സര്‍ക്കാര്‍ കെല്‍ട്രോണിനു 13 കോടി രൂപ നല്‍കണമെന്ന സ്ഥിതിയായി. അതിനിടെ, കൂടിയ വിലയ്ക്കാണു കാമറ വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഉപകരാര്‍ ഏറ്റെടുത്തതു മുന്‍പരിചയമില്ലാത്ത കമ്പനികളാണെന്ന ആരോപണവും കെല്‍ട്രോണിനെതിരേ ഉയര്‍ന്നിട്ടുണ്ട്. കരാര്‍ നല്‍കിയതു കെല്‍ട്രോണിന്റെ നേതൃത്വത്തിലാണോ അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പുതുക്കിയതാണോ എന്നതിലും ഗതാഗതവകുപ്പു വിശദീകരണം തേടിയിട്ടുണ്ട്. കെല്‍ട്രോണാണ് എല്ലാം ചെയ്യുന്നതെന്നു സര്‍ക്കാര്‍ അവകാശപ്പെട്ട പദ്ധതിയില്‍ ഏഴു സ്വകാര്യ കമ്പനികളാണ് ഇടപെട്ടത്. മോട്ടോര്‍ വാഹനവകുപ്പ് കെല്‍ട്രോണിനെ ഏല്‍പിച്ചു. അവര്‍ എസ്.ആര്‍.ഐ.ടിക്കു കൈമാറി. ടെന്‍ഡറില്‍ നേരിട്ടു പങ്കെടുക്കാന്‍ സാങ്കേതിക മികവു കുറവുണ്ടായിരുന്ന എസ്.ആര്‍.ഐ.ടി. ട്രോയിസ് ഇന്‍ഫോടെകിനെയും മീഡിയോട്രാണിക്‌സിനെയും കൂട്ടുപിടിച്ചു. പ്രസാഡിയോ ടെക്‌നോളജീസിനു മറിച്ചുകൊടുത്തു. പ്രസാഡിയോ കോഴിക്കോട്ടെ അല്‍ഹിന്ദ് ഗ്രൂപ്പിനെയും, അവര്‍ പിന്മാറിയപ്പോള്‍ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും, അവരും മാറിയപ്പോള്‍ ഇ സെന്‍ട്രിക് സൊലൂഷന്‍സിനെയും കൂട്ടുപിടിച്ചു. അങ്ങനെ ഇ സെന്‍ട്രിക് സൊലൂഷന്റെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്‌സിന്റെയും സാങ്കേതിക സഹായത്തോടെയും പ്രസാഡിയോ ചുക്കാന്‍ പിടിച്ചപ്പോള്‍ കരാര്‍ അട്ടിമറിക്കപ്പെട്ടുവെന്നാണു പരാതി ഉയര്‍ന്നിട്ടുള്ളത്.