മോദിയുടെ ജനപ്രീതി വോട്ടാക്കാന്‍ ബിജെപി: കര്‍ണാടകയില്‍ മോദി എത്തിയത് ആറാം തവണ

ഭരണവിരുദ്ധ വികാരത്തിനും അഴിമതി ആരോപണങ്ങള്‍ക്കും നടുവിലാണ് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടി ലക്ഷ്യം. ഈ വര്‍ഷം ആറാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി ജെ.ഡി.എസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിജയസാധ്യതയുള്ളവര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച മാണ്ഡ്യ എം.പി. സുമലതയുടെ വരവും വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. ബംഗളൂരുവില്‍നിന്നു മൈസൂരുവിലേക്ക് 75 മിനിറ്റില്‍ എത്താവുന്ന അതിവേഗപാത രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് മാണ്ഡ്യയില്‍ 12 മാര്‍ച്ച 2023ന് പ്രധാനമന്ത്രിയുടെ കൂറ്റന്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വന്‍ ജനാവലി പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറില്‍ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റില്‍ വീണ പൂക്കള്‍ കയ്യിലെടുത്ത് മോദി ജനങ്ങള്‍ക്കു നേരെ വര്‍ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വൊക്കലിംഗ സമുദായ വോട്ടും ലക്ഷ്യം

61 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ഒന്‍പതു ജില്ലകളില്‍ ഒന്നാണ് മാണ്ഡ്യ. വൊക്കലിംഗ സമുദായത്തിനു മേല്‍ക്കയ്യുള്ള ഈ മേഖല ജെ.ഡി.എസിന്റെ നെടുങ്കോട്ടയാണ്. കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോസ്റ്റല്‍ കര്‍ണാടക, മുംബൈ- കര്‍ണാടക മേഖലകളില്‍ ബി.ജെ.പിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഓള്‍ഡ്‌ മൈസൂര്‍,ഹൈദരാബാദ്-കര്‍ണാടക മേഖലകളില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഈ പോരായ്മ ഇക്കുറി പരിഹരിക്കാനാണ് ബി.ജെ.പി. നീക്കം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ആറ് തവണ സന്ദര്‍ശനം നടത്തിയപ്പോഴും കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബെംഗളൂരു -മൈസൂരു എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം പറഞ്ഞത്. മോദീ തേരി ഖബര്‍ ഖുദേംഗി (മോദീ, നിങ്ങളുടെ ശവക്കുഴി തോണ്ടും)” എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍, ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല – മോദി പറഞ്ഞു. 8,172 കോടി രൂപ ചെലവിട്ടു നിര്‍മിച്ച 118 കിലോമീറ്റര്‍ ബംഗളൂരുെമെസൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചെലവ്.മേയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ബംഗളൂരു-െമെസൂരു ദേശീയപാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്.

Share
അഭിപ്രായം എഴുതാം