വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്, കേരളത്തിന് കൈ നിറയെ പണം; കിട്ടിയത് 35168 കോടി

തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വർധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വർദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200-ലേറെ ടൂറിസം സംരഭകർ പങ്കെടുത്തു.

മഹാമാരിക്കാലം ഒഴിഞ്ഞതോടെ ലോകസഞ്ചാരികൾ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളിൽ ഒന്നായി കേരളം മാറിയെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം(2022) മൂന്നര ലക്ഷം വിദേശസഞ്ചാരികൾ കേരളം കാണാനെത്തി. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് സഞ്ചാരികളിൽ ഏറെ പേരും എത്തിയത്. കൊവിഡ് സകല മേഖലകളെയും നിശ്ചലമാക്കിയ 2021നെ അപേക്ഷിച്ച് 471.28 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധന 150.31 ശതമാനമാണ്. ടൂറിസം മേഖലയിൽ നിന്ന് സംസ്ഥനത്തിന് പോയവർഷം കിട്ടിയ ആകെ വരുമാനം 35168 കോടിയാണ്. വരുമാനത്തിൽ മാത്രം 186.25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കൊവിഡ് കാലത്തിന്‍റെ മുമ്പുള്ള അളവിലേക്ക് കഴിഞ്ഞ വർഷം സഞ്ചാരികൾ എത്തിയില്ലെങ്കിലും ഈ വർഷം അത് മറികടക്കുമെന്നാണ് പ്രതീക്ഷ. 

കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന ട്രാവൽ മീറ്റിന് ചെന്നൈയും വേദിയായി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200-ലേറെ സംരഭകർ പരിപാടിയിൽ പങ്കെടുത്തു.  കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, തെയ്യം, തിറ, കളരിപ്പയറ്റ് എന്നിവ ട്രാവൽ മീറ്റ് വേദിയിൽ അവതരിപ്പിച്ചു.

Share
അഭിപ്രായം എഴുതാം