റിസർവ് ചെയ്ത് കൺഫോം ടിക്കറ്റ് ലഭിച്ചവർക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്ന് പരാതി. ഇന്നലെ രാത്രി എംജിആർ ചെന്നെെ സെൻട്രൽ സ്റ്റേഷനിലാണ് സംഭവം നടന്നത്. റിസവേഷൻ കോച്ചുകളിൽ ഉൾപ്പെടെ ടിക്കറ്റില്ലാത്തവരും അനധികൃത യാത്രക്കാരും ഇടംപിടിച്ചതോടെയാണ് നേരത്തെ പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത മറ്റ് യാത്രക്കാർക്ക് ഈ അവസ്ഥ വന്നത്.
ഹൗറയിലേക്കുള്ള ട്രെയിനിലാണ് റിസർവ് ചെയ്ത യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്രയും തിരക്ക് അനുഭവപ്പെട്ടത്. അനധികൃതമായി ആളുകൾ റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ കയറിയതിനാൽ തിരക്ക് അനുഭവപ്പെടുകയും ആ കമ്പാർട്ടുമെന്റിൽ കൺഫോം ടിക്കറ്റ് ഉള്ളവർക്ക് ഉള്ളിലേക്ക് പോലും പ്രവേശിക്കാൻ കഴിയാതെ വരുകയും ചെയ്തു.ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ സ്ലീപ്പർ ക്ലാസ് കോച്ചുകൾ നിറഞ്ഞിരുന്നതായി ഒരു യാത്രക്കാരൻ ആരോപിക്കുന്നു. ടിടിഇയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും സംഭവത്തിൽ ഒരു നടപടിയും എടുത്തില്ലെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്.ചെന്നെെ സെൻട്രൽ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി യാത്രക്കാർ ട്രെയിനിൽ കയറാൻ പോലും കഴിഞ്ഞില്ലെന്നും യാത്രക്കാരനായ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളും കുട്ടികളുമായി എത്തിയ കൺഫോം ടിക്കറ്റ് ഉള്ളവർക്കും ട്രെയിനിൽ കയറാൻ കഴിഞ്ഞിട്ടില്ല. റിസർവേഷൻ കോച്ചുകളിലെ വാതിലിൽ വരെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.ട്രെയിൻ നിർത്തി ഓരോ യാത്രക്കാരന്റെയും ടിക്കറ്റ് പരിശോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ്, അൺ റിസർവ് ചെയ്യാത്തവർ, ടിക്കറ്റുകൾ ഇല്ലാത്താവർ എന്നിവരെ കണ്ടെത്തിയാൽ ടിടിഇ അവരെ ട്രെയിനിൽ നിന്ന് പുറത്താക്കാറുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.റിസർവ് ചെയ്ത കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ തടയാൻ എല്ലാ പ്ലാറ്റ്‌ഫോമുകളിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും സർക്കാർ റെയിൽവേ പൊലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ടെന്ന് സതേൺ റെയിൽവേ വൃത്തങ്ങൾ പറയുന്നു. ഇതുവരെ ഈ വിഷയത്തിൽ യാത്രക്കാർ പരാതി നൽകിയിട്ടില്ലെന്നും ആരെങ്കിലും പ്രശ്നം ചൂണ്ടിക്കാട്ടിയാൽ ആർപിഎഫ് ഉദ്യോഗസ്ഥർ തീർച്ചയായും അവരെ സഹായിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്‌പ്രസിലും ഇത്തരത്തിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലക്നൗ ജംഗ്ഷൻ- ഡെറാഡൂൺ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.