പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകിയതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. അധ്യയന വര്‍ഷം തുടങ്ങിയിട്ടും പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് സ്കൂളിലെ അധ്യപകരും ജീവനക്കാരും.

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാന അധ്യാപകരും എഇഒമാരും സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. നിലവില്‍ സ്ഥംമാറ്റത്തിനുള്ള താത്കാലിക പട്ടിക മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് ഇറക്കാത്തതിനാല്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ പ്രധാന അധ്യാപകരില്ലാത്ത സ്ഥിതിയാണ്. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം ഇതോടെ താളം തെറ്റുമെന്നാണ് ആശങ്ക. സ്ഥലംമാറ്റ നടപടികളില്‍ അപാകത ഉണ്ടെന്നാണ് ആരോപണം.

സാധാരണ എല്ലാവര്‍ഷം ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും എഇഒമാരുടേയും പൊതു സ്ഥലം മാറ്റത്തിന് മാര്‍ച്ച് മാസം തന്നെ അപേക്ഷ ക്ഷണിക്കാറുണ്ട്. ജൂണിന് മുന്‍പ് സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഈ വര്‍ഷം ഏപ്രില്‍ പതിനഞ്ച് മുതല്‍ 19 വരെ ഓണ്‍ലൈനായാണ് സ്ഥലം മാറ്റ അപേക്ഷ സ്വീകരിച്ചത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ താത്കാലിക ലിസ്റ്റ് ഇറങ്ങി. സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കിയവര്‍ക്കായി വീണ്ടും പ്രത്യേക അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിച്ചവരുടെ അപേക്ഷയിന്‍ മേല്‍ താല്‍ക്കാലിക ലിസ്റ്റ് മാത്രം ഇറക്കുകയും ചെയ്തു. ഇതോടെ സീനിയോറിറ്റിയുള്ള പലര്‍ക്കും അര്‍ഹിച്ച പരിഗണന കിട്ടാതെ പോയെന്നും പരാതിയുണ്ട്.

Share
അഭിപ്രായം എഴുതാം