ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് കൂടുതല്‍ പ്രാധാന്യം : മന്ത്രി. ജി. ആര്‍. അനില്‍

**അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉദ്ഘാടനം ചെയ്തു

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആര്‍. അനില്‍. അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ച ഫിസിയോതെറാപ്പി ക്ലിനിക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കികൊണ്ട് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അണ്ടൂര്‍ക്കോണം സി എച്ച് സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫിസിയോതെറാപ്പി ആവശ്യമുള്ള ആളുകള്‍ക്ക് വളരെ മിതമായ നിരക്കില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

 ജനുവരി ഒന്നു മുതല്‍ തിങ്കള്‍ മുതല്‍ ശനി വരെ ഫിസിയോതെറാപ്പി ക്ലിനിക് പ്രവര്‍ത്തിക്കും. 20 രൂപ നിരക്കിലാണ് ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.

ആശുപത്രി അങ്കണത്തില്‍  നടന്ന ചടങ്ങില്‍ അണ്ടൂര്‍ക്കോണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉനൈസാ അന്‍സാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. ഷൈനി, മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം