സ്വതന്ത്യദിനത്തില്‍ 40 നഗരങ്ങളെ ബന്ധിപ്പിച്ച് 10 വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ 40 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പത്ത് ട്രെയിനുകളുമായി റെയില്‍വേയുടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു.ഓഗസ്റ്റ് 15 ഓടെ രാജ്യത്ത് 10 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നത്. നിലവില്‍ ഇന്ത്യയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒന്ന് ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കും മറ്റൊന്ന് ദില്ലിയില്‍ നിന്ന് കത്രയിലേക്കും. പുതിയതായി നിയമിക്കപ്പെട്ട റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയുകയും പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ എഞ്ചിനീയറിങ് സ്ഥാപനം മേധയുമായി ജനുവരിയില്‍ റെയില്‍വേ 2,211 കോടിയുടെ കരാറാണ് ഒപ്പുവെച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകളുടെ നിര്‍മാണവുമായി മുന്നേറുന്നതിനു മുമ്പേ ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിന്‍ യാത്രക്കാരുമായി ഒരു ലക്ഷം കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്.ആദ്യ പ്രോട്ടോടൈപ്പ് ട്രെയിനുകള്‍ 2022 ഡിസംബര്‍ അല്ലെങ്കില്‍ 2023 ന്റെ തുടക്കത്തില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.നവീകരിച്ച ട്രെയിനില്‍ ഓട്ടോമാറ്റിക് വാതിലുകള്‍, എയര്‍ലൈന്‍ പോലുള്ള ഇരിപ്പിടങ്ങള്‍, യാത്രക്കാരുടെ സുരക്ഷിതത്തിനായി മറ്റ് സവിശേഷതകള്‍ എന്നിവ ഉണ്ടായിരിക്കും.

Share
അഭിപ്രായം എഴുതാം