മധുര തുളസി കൃഷി ചെയ്ത് മുളിയാര്‍ കുടുബശ്രീ സി ഡി എസ്

കാസര്‍ഗോഡ് : ജില്ലയില്‍ ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി. മുളിയാര്‍ കുടുബശ്രീ സി ഡി എസ് നേതൃത്വത്തിലാണ് മധുര തുളസി കൃഷി ആരംഭിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷകയായ കൈറുന്നിസയുടെ കൃഷിസ്ഥലത്ത് ആദ്യഘട്ടമെന്ന നിലയില്‍ 500 തൈകളാണ് നട്ടു പരിപാലിച്ച് തുടങ്ങുന്നത്. പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുര തുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനിയങ്ങള്‍, മിഠായികള്‍, ബീയര്‍, ബിസ്‌ക്കറ്റുകള്‍, എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതില്‍ മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യ ഗുണം പറഞ്ഞറിയിക്കാനാവാത്തതാണ്.പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും താരന്‍, മുഖക്കുരു,മുടി കൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കുവാന്‍ മധുര തുളസി സഹായിക്കും. മുളിയാര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് ഇത് വ്യാപിപ്പിക്കുവാനാണ് സി ഡി എസിന്റെ ശ്രമം. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അദ്ധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. എ ഡി എം സി സി.എച്ച്.ഇക്ബാല്‍, റൈസ റാഷിദ്, ഇ മോഹനന്‍, ശ്യാമള, രവീന്ദ്രന്‍ പൊയ്യക്കാല്‍, മൈമുന, സക്കീന, ശ്രീനേഷ് ബാവിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം