കരുവന്നൂര്‍ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി. അനില്‍ കാന്താണ് ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്താണ് അന്വേഷിക്കുക.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ജോയന്റ് രജിസ്ട്രാറാണ് കണ്ടെത്തിയത്. വായ്പാ തട്ടിപ്പ് ഗുരുതരമാണെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.

100 കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

46 പേരുടെ ആധാരത്തിന്‍മേലുള്ള വായ്പാ തുക ഒറ്റ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ സി.പി.ഐ.എം. നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.

ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് നേരത്തെ കേസെടുത്തിരുന്നത്.

Share
അഭിപ്രായം എഴുതാം