പത്തനംതിട്ട: മാസത്തില്‍ രണ്ട് തവണ ഊരുകളില്‍ റേഷന്‍ നേരിട്ട് എത്തിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട: റേഷന്‍ സംവിധാനം ആദിവാസി ഊരുകളിലും എത്തിക്കണമെന്ന ഒരു നിവേദനത്തെ തുടര്‍ന്നാണ് ഇത്തരമൊരു മൊബൈല്‍ സംവിധാനം മണ്ഡലത്തില്‍ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിച്ചിപ്പുഴ കോളനിയിലെ റേഷന്‍ വാതില്‍പ്പടി വിതരണം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ അവരുടെ ഊരുകളിലേക്ക് നേരിട്ട് എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ ഇത്തരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളെ ബന്ധിപ്പിച്ച് മാസത്തില്‍ രണ്ട് തവണ റേഷന്‍ സാധനങ്ങള്‍ വാഹനത്തില്‍ നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജനകീയമായ വിവിധ പരിപാടികളാണ് ആവിഷ്‌കരിച്ചത്. 32 മാവേലി സ്റ്റോറുകള്‍ ഇതിനോടകം ആരംഭിച്ചു. ലീഗല്‍ മെട്രോളജി ഓഫീസ് ആരംഭിച്ചു. സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള 20 രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന സൗകര്യം റാന്നി മണ്ഡലത്തിലുമെത്തണം. വികസനത്തില്‍ ആദ്യ പരിഗണന ആദിവാസി മേഖലകളില്‍ ലഭ്യമാകണം. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്ല ഭക്ഷണവും ഒരുക്കണം. അടിച്ചിപ്പുഴ മുതല്‍ അട്ടത്തോട് വരെയുള്ള കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണം.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വേലംപ്ലാവ്, ഒളികല്ല്, ചാലക്കയം, ളാഹ, പമ്പ, പ്ലാപ്പളളി, അടിച്ചിപ്പുഴ, കരിക്കുളം, ചൊളളനാവയല്‍, കുറുമ്പന്മൂഴി, മഞ്ഞക്കയം എന്നീ ആദിവാസി സെറ്റില്‍മെന്റ് കോളനികളിലും, കോന്നി താലൂക്കിലെ കാട്ടാമ്പാറ, കാട്ടാത്തിപ്പാറ, മൂഴിയാര്‍ – സായിപ്പന്‍കുഴി എന്നീ സെറ്റില്‍മെന്റ് കോളനികളിലുമാണ് മാസത്തില്‍ രണ്ട് തവണ റേഷന്‍ സാധനങ്ങള്‍ വാഹനത്തില്‍ ഊരുകളില്‍ നേരിട്ട് എത്തിക്കുന്നതിന് സ്ഥിരം പദ്ധതിയായി നടപ്പിലാക്കുന്നത്. അതാത് മാസത്തെ റേഷന്‍ വിതരണം വകുപ്പ്  ആരംഭിക്കുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആദിവാസി സെറ്റില്‍മെന്റ് കോളനികളിലെ മുന്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന പൊതുവിതരണ വാഹനം എത്തുകയും ഇത്തരം കുടുംബങ്ങള്‍ക്ക് റേഷന്‍ ഷോപ്പുകളില്‍ നേരിട്ട് എത്തി റേഷന്‍ വാങ്ങുന്നതിന് പകരം വാഹനത്തിലൂടെ റേഷന്‍ കൈപ്പറ്റാവുന്നതുമാണ്. ആദിവാസി സെറ്റില്‍മെന്റ് കോളനികളിലെ കുടുംബങ്ങള്‍ ഭക്ഷ്യപൊതുവിതരണ ഭാഗമായുളള ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവുകയും സര്‍ക്കാരിന്റെ ഉദ്യമത്തെ പൂര്‍ണ്ണമായും വിനിയോഗിക്കണമെന്നും എം എല്‍ എ അഭ്യര്‍ത്ഥിച്ചു.

Share
അഭിപ്രായം എഴുതാം